30 July, 2006

ദുബായിലെ വഴിയോരക്കാഴ്ച്ചകള്‍


‘ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ‘ എന്നു വിശേഷിപ്പിക്കാന്‍ തോന്നുന്ന ഈ ദൃശ്യം ദുബായ് ക്രീക്കിനടുത്ത് കഴിഞ്ഞ വെള്ളീയാഴ്ച് എടുത്തതാണ്.സൂര്യനെ മറച്ചിരിക്കുന്ന വില്ലന്‍ മണല്‍ക്കാറ്റ് ആണ് , മൂടല്‍ മഞ്ഞ് അല്ല.ദൈര കടല്‍തീരത്തെ പൂന്തോട്ടത്തില്‍ നിന്നും

* (28.07.06 - കൊടുംക്കാറ്റ് വരുമെന്നു പ്രവചിച്ചിരുന്ന ദിവസം - സമയം -ഉച്ച 11.30 )

26 July, 2006

ജയകൃഷ്നണ്ടെ ജീവിത വ്യഥകള്‍..

ഭാര്യയെയും മക്കളേയും യാത്രയാക്കാന്‍ വേണ്ടി ജയകൃഷ്ണന്‍ എയര്‍ പോര്‍ട്ടില്‍ നില്‍ക്കുകയായിരുന്നു.

ഉള്ളില്‍ യാത്രക്കാര്‍ക്കും അവരെ യാത്രയയക്കാന്‍ വന്നവര്‍ക്കും ഇടയിലുള്ള പ്ലാസ്റ്റിക് വേലിയുടെ ഇപ്പുറത്ത് നിന്നു അയാള്‍ നോക്കിയപ്പോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ചെറിയ മകന്‍ തുളുമ്പി വരുന്ന വിഷമം അടക്കാന്‍ നന്നെ പാടു പെടുന്നതു കണ്ടു. മുഖം തരാതെ അകലേക്കു നോക്കി നിന്നു.ഞാന്‍ വലുതല്ലെ , എന്ന ഭാവത്തില്‍ മൂത്ത ആള്‍.

താല്‍കാലികമായ ഒരു വിരഹം എന്നെല്ലാം പറഞ്ഞ്‌ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു എങ്കിലും.മനസ്സിന്റെ കിളിവാതിലുകല്‍ തുറന്നിടുമ്പോള്‍ നൊമ്പരത്തിന്റെ തണുത്ത കാറ്റടിക്കുന്നത്‌ തടയാന്‍ അയള്‍ക്കു കഴിഞീല്ല.
തട്ടും തടവും കൂടാതെ സ്വഛ്ചമായി ജീവിതം ഒഴുകിയാല്‍ സ്നേഹം ഉള്ളില്‍ ഉറഞ്ഞു പോകും എന്നു കരുതിയാണു ഇങ്ങനെ ഇടക്ക്‌ ഒരു വേര്‍പാടു സ്വയം വരുത്തി വെച്ചത്.

* * * *

പക്ഷെ ഈ വേര്‍പാ‍ടിനേക്കാളും കൂടുതലായി അയാളെ അലട്ടിയിരുന്നത് മറ്റൊരു കാര്യമായിരുന്നു.
നിര്‍ദോഷമായഫലിതം പോലെ തുടങിയ ഒന്ന്.

ദൂരെ ജോലി സ്ഥലത്ത്‌ നിന്ന്‌ വണ്ടിയോടിച്ചു വരുമ്പോള്‍ മിക്കവാറും തിരക്കില്‍ പെട്ട്‌ വൈകിയാവും വരിക, എന്നും താമസിക്കുന്നതിന് ഒരേ കാരണം തന്നെ പറഞ്ഞു മടുത്തു.
ഒരു ദിവസം ജോലി കഴിഞു എത്തിയപ്പോള്‍.പതിവുപോലെ ചോദ്യം.
“എന്താ ഇത്ര വൈകിയത് ? 6.30 വരെ അല്ലെ ചേട്ടന് ‍ജോലി ?.

“അതെ പക്ഷെ ഞാന്‍.. വേറെ വീട്ടില്‍ കയറി.

ഏ !

"ഞാന്‍ നിന്നോടു പറഞിട്ടില്ല,എനിക്കു വേറെ ഒരു ഭാര്യയുണ്ടു. അവളുടെ അടുത്ത് കയറി "
അയാള്‍ പുറത്ത് വന്ന ചിരി ഉള്ളിലൊതുക്കി സാധാരണ മട്ടില്‍ പറഞു.
അഴിച്ചു വെച്ച ഷൂസ് എടുത്ത് റാക്കില്‍ വക്കുന്നതിന് ഇടക്കു അവള്‍ അത് മുഴുവന്‍ കേട്ടില്ല.

“എന്താ പറഞത് ?.കേട്ടില്ലെ ? “
“അതു തന്നെ വേറെ ഒരു ഭാര്യ“
......ങ്ഹും......
നീ ആദ്യത്തെ പ്രസവത്തിനു നാട്ടില്‍ പോയില്ലെ ? അന്ന് തുടങിയതാണു.

കുറച്ചു നേരത്തെ മൌനത്തിനു ശേഷം തിരിച്ചു വന്നു ചായ കൊടുക്കുമ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ കാണാന്‍ എങിനെ ? നല്ല ഭംഗീണ്ടോ ? “

“ നിന്റെ അത്ര ഇല്ല - എന്നാലും നല്ല മുടിയൊക്കെയുണ്ടു.“
അന്നത്തെ സംഭവം അതൊടെ കഴിഞു.പിന്നെ ഒരു ദിവസം രാത്രിയുടെ സ്വകാര്യതയില്‍‍ അവള്‍ പെട്ടെന്നു അയാളോടു ചോദിച്ചു.

“ അവള്‍ക്കു എന്തു കുട്ടികളാണ് ?“

അയാള്‍ക്കു പെട്ടെന്നു ഒന്നും മനസ്സിലായില്ല.
അവള്‍ വീണ്ടും പറഞു.
“ അവളേ,നിങളുടേയ് , വരുന്ന വഴിയിലുള്ള “

ജയകൃഷ്ണനു പെട്ടെന്നു ചിരി വന്നെങ്ക്കിലും അതടക്കി , അവളുടെ മുഖം ജനലിലൂടെ അരിച്ചു വരുന്ന വെളിച്ചത്തിലൂടെ കണ്ടപ്പൊള്‍.

അയാളുടെ മരുപടിക്കു കാക്കാതെ അവള്‍ തന്നെ പറഞു.
“ രണ്ടു പെണ്‍കുട്ടികള്‍ ആണു അല്ലെ ?”

പെണ്‍കുട്ടികളുണ്ടാവാന്‍ ഒരു പാടു കൊതിച്ചിരുന്നു അവര്‍ രണ്ടു പേരും.ഹൃദയത്തില്‍ , ദൈവങളുടെ വികൃതി പോലെ അനാവശ്യമായ , ഒരു കുഞ്ഞു സുഷിരമുള്ള അയാളുടെ ഭാര്യ - സ്നേഹപൂര്‍വ്വം നന എന്നു വിളിക്കുന്ന നയനയ്ക്ക് - ഇനി ഒരു ഗര്‍ഭധാരണം അസാദ്ധ്യമായിരുന്നു.

അതു കൊണ്ടാവും സങ്കല്‍പ ലോകത്തെ വീട്ടില്‍ രണ്ടു പെണ്‍കുട്ടികളെന്നു അവള്‍ തീരുമാനിച്ചപ്പോള്‍ അയാള്‍ ഒന്നും മിണ്ടിയില്ല.രണ്ടു മക്കളുടേയും ഇടക്കു പത്ത്തു വയസ്സിന്റെ അന്തരമുള്ളതു കൊണ്ട് അവരുടെ വയസ്സും നിശ്ചയിക്കാന്‍ എളുപ്പമായിരുന്നു.ആറും എട്ടും.

പിന്നെ എപ്പൊഴൊ അതു തമാശയുടെ അതിര്‍ത്തി കഴിഞ് , പാതി ബോധാവസ്ഥ്തയില്‍ കാണുന്ന ഒരു സ്വപ്നം പോലെ, അയാളുടെ നിയന്ത്രണ പരിധിക്കുമപ്പുറം മറ്റൊരു തലത്തിലേക്കു ഉയരുന്നതു നോക്കി നില്‍ക്കെണ്ടി വന്നു.

ജോലി കഴിഞു വരുമ്പോളുള്ള സംഭാഷണം പലപ്പോഴും അവര്‍ക്കു ചുറ്റും കറങാന്‍ തുടങി.കുട്ടികളുടെ വിശേഷങളും മറ്റും അവള്‍ പതിവായി ചോദിക്കാന്‍ തുടങിയപ്പൊള്‍ സ്വസ്ഥമായ സായാഹ്നങള്‍ നഷ്ടപ്പെട്ടു തുടങിയതു പോലെ തോന്നി ജയ കൃഷ്ണനു.

പെട്ടെന്നെന്തോ അനൌണ്‍സ്മെന്റ് കേട്ടു അയാളുടെ ചിന്ത മുറിഞു.

നയനയുടെ നേര്‍ക്കു പോയ നോട്ടം തിരിച്ചു ചെന്നെത്തിയതു അയാളുടെ കയ്യിലെ കല്യാണ മോതിരത്തിലാണ്‌. കുറെ നാളു മുന്‍പ്‌ പാകമാകാത്തത്‌ കൊണ്ട്‌ ഊരി വച്ചതായിരുന്നു അത്.വീട്ടില്‍ നിന്നും ഇറങുന്നതിനു മുന്‍പു അകത്തെ മുറിയിലേക്കു വിളിച്ചു അവള്‍ അത് എടുത്തു്‌ അയാളുടെ വിരലില്‍ ചാര്‍ത്തി കൊടുത്തു.
“ കുറുമ്പ്‌ കാണിക്കില്ലെന്ന്‌ അറിയാം എന്നാലും ഇത്‌ കയ്യില്‍ കിടക്കട്ടെ “

എന്ന അര്‍ത്ഥത്തിലുള്ള ഒരു നോട്ടവുമായി
പക്ഷെ വായില്‍ നിന്നും പുറത്തു വന്നതു മറ്റൊന്നാണു.
“ അവളുടെ അടുത്ത് പോകുമ്പോള്‍ ഊരി വെച്ചോളു ,ട്ടോ .കുഴപ്പമില്ല.”

തമാശയുടെ ഒരു ലാഞ്ജനക്കു വേണ്ടി , അവള്‍ സാധാരണ ചിരിക്കുമ്പോഴേക്കും ചിരി തുടങുന്ന , അവളുടെ കണ്ണുകളില്‍ പരതിയെങ്കിലും അയാള്‍ക്കു ഒന്നും കണ്ടെടുക്കാനായില്ല.

* * * * *

അവള്‍ തിരിച്ചു വരുമ്പോഴെക്കും എന്തെങ്കിലും ചെയ്യണം അയാള്‍ മനസ്സില്‍ കണക്കു കൂട്ടി.ടീവിയിലെ സീരിയല്‍ കഥകളീല്‍‍ കാണുന്ന പോലെ ഈ കഥാപാത്രങളെ കൊന്നു കളഞാലോ എന്നു പലവട്ടം കരുതിയതാണു.

മാനസിക വിഷമം വരുത്തുന്ന വിഷയങള്‍ പറഞാല്‍ ഉണ്ടാകുന്ന വിപത്തുകള്‍ ഡോക്ടര്‍ ഒരു ദിവസം അവള്‍ അടുത്തില്ലാത്തപ്പോള്‍ പടമൊക്കെ വരച്ചു കാണിച്ചു തന്നിരുന്നു.കാറിന്റെ എഞ്ജ്ജിന്‍ ഉദാഹരണമായി പറയുകയും ചെയ്തു .ഡോക്ടര്‍ ഉദ്ദെശിക്കുന്നതു പ്രശ്നങള്‍ ഉണ്ടാവുമ്പോള്‍ നല്ല വേഗത്തില്‍ തുടര്‍ച്ചയായി മിടിക്കുന്ന അവളുടെ ഹൃദയത്തെ ആണെന്നു അറിയാവുന്ന ജയകൃഷ്ണന്‍ മൌനം പാലിച്ചതേയുള്ളു

ചെറിയ ഒരു ശസ്ത്രക്രിയ കൊണ്ടു മാറ്റാവുന്നതേ ഉള്ളു എന്നും അന്നു ഡോക്ടര്‍ പറഞിരുന്നു.പക്ഷെ ഒരു കുഞു ആസ്പിരിന്‍ ഗുളിക കഴിക്കുമ്പോള്‍ തൊണ്ടയില്‍ തടഞാലോ എന്നു പേടിച്ചു,അതു പൊട്ടിച്ചു രണ്ടു മുന്നു പ്രാവശ്യം ആയി കഴിക്കുന്ന ആളോടു ഓപ്പറേഷനെ കുറിച്ചു സംസാരിക്കാന്‍ അയാള്‍ക്കു മനസ്സു വന്നില്ല .

പിന്നെയുള്ള ഒരു വഴി ഒരു നല്ല മനോ രോഗ വിദ്ഗ്ധന്റെ അടുത്ത് പോകലാണു.പക്ഷെ ജയകൃഷ്ണനു ആരെയും വിശ്വസിക്കാനാവുന്നില്ല.ഡോകടര്‍ ‘ അവള്‍ക്കല്ല തനിക്കാണു അസുഖം ‘ എന്നു പറഞാലോ എന്നാണു അയാള്‍ക്കു പേടി.ഇതെല്ലാം, തന്റെ സൃഷ്ടിയായിരുന്നല്ലൊ.

* * * * * *

അകലെ ഒട്ടകങളുടെയും ഈന്തപ്പനകളുടെയും പടം വരച്ച ചില്ലിനപ്പുറത്തേക്കു അവളും കുട്ടികളും അകന്നു പോകുന്നതു നോക്കി അയാള്‍ നിന്നു.

പിന്നെ തിരിച്ച് വീട്ടിലേക്ക്.കുട്ടികള്‍ ഉടുത്തു മാറി വലിച്ചെറിഞ വസ്ത്രങള്‍ പോലെ ഓര്‍മകള്‍‍ അവിടവിടെ ചിതറി കിടക്കുന്ന വീട്ടില്‍ ഇനി രണ്ടു മാസം.ഇന്നു രാത്രി ഉറങി എണീക്കൂമ്പോള്‍ രണ്ടു മാസം കഴിഞുള്ള ആ ദിവസം ആകണെ എന്നു അയാള്‍ വെറുതെ ആശിച്ചു.

..........................

14 July, 2006

അസാധാരണമായി ഒന്നുമില്ല !

പ്രവാസ ജീവിതത്തിലെ ഈ കൊച്ചു കൌതുകങള്‍ ബൂലോക ക്ലുബ്ബിന്റെ പേരില്‍ ഡാലിക്ക്,സ്നേഹപൂര്‍വം.

അജ്മാന്‍(യു.എ.ഇ) കടല്‍ തീരത്ത് കാണുന്ന രണ്ടും മൂന്നും തലകളുള്ള തെങുകള്‍.അസാധാറണമായി ഒന്നുമില്ലെന്ന മട്ടില്‍ സ്വദേശികളായ പനകളുടെ കൂട്ടത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

അമ്മയുദെ പുതപ്പ്.
മരുഭൂമിയിയില്‍ വെള്ളം ആഗികരണം മൂലം നഷ്ടമാവുന്നത്‌ ഒരു പരിധി വരെ തടയാന്‍ ഇതിനാവുമെന്ന് കരുതുന്നു.
നഗരവാസിയായ സഹോദരി,ദിവസവും ഏകദേശം 200 ലിറ്റര്‍ വെള്ളം ചിലവ്.

12 July, 2006

നന്മകള്‍ മരിക്കാതിരിക്കട്ടെ!

തൊന്നൂറുകളുടെ ആദ്യത്തില്‍ നടന്ന ഒരു ചെറിയ സംഭവമാണ്‌ .

എയര്‍ ഫോഴ്‌സ്‌ സ്റ്റേഷന്‍ താംബരത്ത്‌ നിന്ന് എനിക്ക്‌ പെട്ടെന്ന്‌ ഒരു ദിവസം എയര്‍ ഫോഴ്‌സ്‌ അക്കാദമിയിലേക്കു പൊകേണ്ടി വന്നു.
ആന്ധ്ര പ്രദേശിലെ ഇരട്ട നഗരങ്ങള്‍ ആയ ഹൈദ്രാബാദിന്റേയും സെക്കന്ദ്രാ ബാദിന്റെയും അടുത്താണ്‌ എയര്‍ ഫോര്‍സ്‌ പൈലറ്റ്‌മാരുടെ കളരിയായ അക്കാദമി നില കൊള്ളുന്നത്‌.സൈന്യം എന്ന സിനിമയുടെ ചിത്രീകരണം പിന്നീടു നടന്നതു ഇവിടെ ആയിരുന്നു എന്നു കേട്ടിട്ടുണ്ട്‌.
തിരിച്ചു സംഭവത്തിലേക്ക്‌ വരാം.

ആകെ ഒരു ദിവസത്തെ പരിപാടിയെ ഉദ്ദേശിച്ചിരുന്നുള്ളു എങ്കിലും എല്ലാം കഴിഞ്ഞ്‌ വന്നപ്പോള്‍ വൈകുന്നേരമായി.രാത്രി ഉറങ്ങാന്‍ സ്ഥലം കിട്ടിയത്‌ ഒരു വലിയ ഹാളില്‍ . ഒരു കട്ടില്‍ മാത്രം.പുതപ്പോ വിരികളോ ഒന്നുമില്ല.അത്യാവശ്യം വേണ്ട സാധനങ്ങള്‍ കൂടെ കൊണ്ട്‌ വരണമെന്നതാണ്‌ നിയമം. തിരക്കിലായതു കൊണ്ടും സ്വതവേ കുറച്ചു മടി കൂടെയുള്ളത്‌ കൊണ്ടും അത്‌ ചെയ്തില്ല.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ വലിയ ഹാളില്‍ ആകെയുണ്ടായിരുന്ന അപ്പുറത്തെ ബെഡ്ഡില്‍ നിന്നും ശബ്ദം. ഹിന്ദി ഭാഷയില്‍

" എന്താണു സഹോദരാ ?"

മദ്രാസിലെ കഠിനമായ ചൂടില്‍ നിന്നും വന്നു്‌ ഡിസംബര്‍ മാസത്തിലെ തണുപ്പില്‍ തണുത്ത്‌ വിറച്ച്‌ കിടക്കുന്ന ഞാന്‍ ഒരു അപരിചിതനോട്‌ എന്തു പറയാന്‍ ?
എവിടെയെങ്കിലും കൂട്ടുകാരെ തപ്പി പിടിക്കാം എന്നു വെച്ചാല്‍ ഈ രാത്രി എവിടെ പോവാന്‍ ? ആയിരക്കണക്കിന്‌ ഏക്കറുകളില്‍ പരന്ന്‌ കിടക്കുന്ന ഒരു കൊച്ചു നഗരമായ അക്കാദമിയില്‍ ?

എന്റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കിയ അദ്ധേഹം സ്വയം പുതച്ചിരുന്ന കമ്പിളി പുതപ്പും മറ്റും എടുത്ത്‌ നിര്‍ബന്ധമായി എനിക്കു തന്നു.
നിങ്ങള്‍ ഇനി എന്തു ചെയ്യും എന്ന മട്ടില്‍ ഞാന്‍ നോക്കി.
" എനിക്ക്‌ ഈ തണുപ്പ്‌ പരിചയമായതല്ലെ"
എന്ന്‌ ചിരിച്ചു കൊണ്ടുള്ള മറുപടി.

ഇത്ര മനോഹരമായ ഒരു ചിരി ഞാന്‍ ആദ്യം കാണുകയാണ്‌ എന്നു തോന്നി.

" ഇതിനു ഞാന്‍ എന്താണ്‌ പകരം ചെയ്യുന്നത്‌ ? അറിയില്ലല്ലോ"
.അവിചാരിതമായ ഈ സഹായം എന്നില്‍ എന്തൊക്കെയോ വികാരങ്ങല്‍ നിറച്ചു.

" നന്ദി,നിങ്ങള്‍ എനിക്ക്‌ ഒന്നും തരേണ്ട,ഞാന്‍ നിങ്ങള്‍ക്കു എന്തെങ്കിലും തന്നാല്‍ എനിക്ക്‌ ദൈവം പകരം തരും,അതു മതി "

എന്ന് പറഞ്ഞ്‌ പ്രാര്‍ത്ഥന പോലെ കൈപടങ്ങള്‍ മലര്‍ത്തി മുഖത്തോട്‌ അടുപ്പിച്ചു പിടിച്ചു.

മുതിര്‍ന്ന ഒരു വൈമാനികന്‍ കരയുന്നത്‌, അതെ വേഷക്കാരനായാലും മറ്റൊരാള്‍ കാണാന്‍ പാടില്ല എന്നു കരുതി സജലങ്ങളായകണ്ണുകള്‍ അപ്പുറത്തെക്ക്‌ തിരിച്ചു ഞാന്‍.
പിറ്റേ ദിവസം കാലത്തു നൊക്കിയപ്പൊഴെക്കും അദ്ധേഹം ജോലിക്കു പോയി കഴിഞ്ഞിരുന്നു.

മുഖം ഓര്‍മയില്‍ നിന്നും വേര്‍തിരിച്ച്‌ എടുക്കാനാവുന്നില്ല,പക്ഷെ നിങ്ങള്‍ ലോകത്ത്‌ എവിടെയെങ്കിലും നന്മയുടെ പ്രകാശം പരത്തി ജീവിക്കുന്നുണ്ടാവുമെന്ന് എനിക്കറിയാം.
നന്ദി ! നിങ്ങള്‍ക്കും ദൈവത്തിനും,

എന്നില്‍ നന്മയുടെ ഒരു വിത്ത്‌ വിതച്ചതിനു്‌,

അത്‌ മറ്റുള്ളവര്‍ക്ക്‌ പറഞ്ഞ്‌ കൊടുക്കാന്‍ ഒരു വഴി കാണിച്ചു തന്നതിന്‌.

10 July, 2006

യൂയേയി മീറ്റില്‍ നിന്ന്‌ ഒരു ദൃശ്യം.എന്താണ്‌ മീറ്റിലെ ഈ മിന്നും താരം ചെയ്യാന്‍/പറയാന്‍ ശ്രമിക്കുന്നത്‌ ?
രസകരമായ ഒരു അടിക്കുറിപ്പ്‌ എഴുതി പോസ്റ്റ്‌ ചെയ്യുക.

06 July, 2006

എയര്‍ ഫോര്‍സിലെ ചോയ്സ്‌

എയര്‍ ഫോര്‍സ്‌ സ്റ്റേഷന്‍,ബെല്‍ഗാം.ടെക്‍നിക്കല്‍ ഗ്രേഡില്‍ അല്ലാത്ത വൈമാനികരുടെ പരിശീലന കേന്ദ്രം.ഈയുള്ളവന്‍ അവിടെ പരിശീലനത്തിനായി ചെന്നതിന്റെ രണ്ടാം നാള്‍.
പുതുതായി വന്നവരെ അഭിസംബോധന ചെയ്യുന്നു squadron commander, Squadron Leader ഗണേഷും Warrant Officerഉം (പേരു ഓര്‍മയില്ല) .വിഷയം - ഡിസിപ്ലിന്‍.
മുടി വെട്ടുന്നതിന്റെ ഉദാഹരണമായി അദ്ദേഹം അടുത്തുള്ള ഒരു സീനിയറിന്റെ തല തൊട്ട്‌ കാണിക്കുന്നു.ഇപ്പോള്‍ ഫാഷന്‌ വേണ്ടി കുട്ടികള്‍ വെട്ടുന്ന ആര്‍മി കട്ടിന്റെ ഒറിജിനല്‍ രൂപം.
അതു കണ്ട, ഏകദേശം ഇരുന്നോറോളം വരുന്ന ഭാവി വൈമാനികരില്‍ നിന്നു ചെറിയ ആരവമുയര്‍ന്നു..പ്രതിഷേധം മനസ്സിലാക്കിയ അദ്ധേഹം കയ്യു ഉയര്‍ത്തിയതോടെ ശബ്ധം നിലച്ചു.
പിന്നീട്‌ പറഞ്ഞു. "ഓകെ,ഞാന്‍ നിങ്ങള്‍ക്ക്‌ ഒരു ചോയ്സ്‌ തരാം.
"as long as you keep it between warrent officer's style "
വാറന്റ്‌ ഓഫീസര്‍ തൊപ്പിയുയത്തി ഷുഗര്‍ ആന്‍ഡ്‌ സ്‌പൈസെസ്‌ മോഡല്‍ തല കാണിക്കുന്നു. തലയില്‍ ഒരു അര സെന്റിമീറ്റരില്‍ കൂടുതല്‍ നീളം ഒറ്റ മുടിക്കുമില്ല.
പാവം ട്രെയിനീസ്‌,അടുത്ത,ഗംഭീര സ്വരത്തിലുള്ളതെങ്കിലും ഇപ്പോള്‍ മധുരമായി തോന്നുന്ന മൊഴിക്കു കാതോര്‍ത്തപ്പൊള്‍ വന്നു
-"and between mine"
ആശ്വാസത്തോടെ രക്ഷകനായ സ്ക്വാട്രന്‍ കമാണ്ടറുടെ പൊക്കിയ തൊപ്പിക്കടിയിലേക്കു നോക്കിയപ്പോള്‍ കണ്ടത്‌.

..............

മിന്നുന്ന മുഴു കഷണ്ടി....

(നടന്നതാണു,പക്ഷെ സംഭവം ബഹു മാന്യനായ ഗണേശന്‍ സാറിന്റെ തലയില്‍ ഉദിച്ചതാണൊ എന്നു അറിയില്ല)