19 November, 2006

ഒരു വണ്ടി കതൈ !

ഗള്‍ഫില്‍ വന്നു അഞ്ചാറ് വര്‍ഷം കഴിഞ്ഞപ്പോള്‍ കയ്യില്‍ കുറച്ച് കാശു വന്നു.അതു എങ്ങിനേയും ചിലവാക്കാതെ ഒരു നിവൃത്തിയില്ലെന്ന ഘട്ടം വന്നപ്പോള്‍ ഞാനും സഹപ്രവര്‍ത്തനായ കുമാറും കുടി സൈഡ് ബിസ്സിനസ്സായി ഒരു വണ്ടീ വാങ്ങാന്‍ തീരുമാനിച്ചു.

കുമാറിനാണെങ്കില്‍ ചെറുപ്പം മുതലെ വാഹനങ്ങളോടു വലിയ കമ്പമായിരുന്നു. പോരെങ്കില്‍ രണ്ടു വര്‍ഷത്തേക്കു ശുക്രദശയും .

നല്ല ഒരു ജോടി ഡ്രസ്സ് വാങ്ങുന്നെകില്‍ ജ്യോസ്ത്യന്റെ അടുത്ത് പോയി കുറിപ്പടി വാങ്ങുന്ന അവന്‍ ഇതിനു വേണ്ടീ എല്ലാം ശുഭമാണെന്നു ഉറപ്പു വരുത്തി.അമ്മയെക്കൊണ്ടു ഗുരുവായൂരില്‍ ഒരു വിശേഷാല്‍ പൂജയും കഴിപ്പിച്ചു.

‍അങ്ങിനെ ഞങ്ങള്‍ ഒരു ട്രൈലര്‍ യുണിറ്റിന്റെ ഉടമകളായി.

വണ്ടീയുടെ സാരഥിയും ഒരു പാര്‍ടണറും ഒരു സുനിലായിരുന്നു.വോള്‍വോയുടെ ഒരു കുട്ടപ്പന്‍ ട്രൈലര്‍ യൂണിറ്റായിരുന്നു വാങ്ങിയത്.

ഒരു സ്റ്റുഡിയോ ഫ്ലാറ്റിന്റെ വലിപ്പമുള്ള കാബിനും പ്ലേയിനിലേതു പൊലുള്ള ഡ്രൈവര്‍ സീറ്റും വിശ്രമിക്കാനുള്ള ബര്‍ത്തും മറ്റുമായി ആളൊരു ആഡ്ഡ്യന്‍ തന്നെയായിരുന്നു.

കിട്ടുന്ന വരുമാനം മുഴുവനും സുനിലിന്റെ നിര്‍ദ്ദേശമന്നുസരിച്ചു അതില്‍ തന്നെ ഇറക്കി. മൊത്തം വണ്ടിയുടെ തലക്കും മുന്ന് ട്രൈലര്‍ ഉടലിനും കുടി ഇരുപത്തി നാലു ടയറുകള്‍ ഉണ്ടായിരുന്നതില്‍ ഇരുപതും മാറ്റി മുന്നു മാസത്തെ വരുമാനം പൊടിപൊടിച്ചു.

ഇനി രണ്ടു വര്‍ഷത്തെക്കു ഒന്നും പേടിക്കേണ്ട എന്നു പറഞ്ഞ് ഞാനും കുമാറും ആശ്വസിച്ചു.സുനീലിന്റെ ദീര്‍ഘ വീക്ഷണത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഞാനും കുമാറും അടുത്ത വണ്ടിയും അതിനടുത്ത വണ്ടിയും വാങ്ങാന്‍ പ്ലാന്‍ ഇടുകയും നഗര ഹൃദയമായ കരാ‍മയില്‍ ഒരു ഓഫീസ് എടുത്ത് ഫര്‍ണിഷ് ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ചകളീല്‍ മിക്കവാറും ഞങ്ങളുടെ പുതിയ ഓഫീസിലോ ഏതെങ്കിലും ഗാരേജുകളിലോ ആയിരിക്കും.

അങ്ങിനെ ഒരു ദിവസം പരിചയപ്പെട്ട എല‍ക്ട്രീഷ്യന്‍ സുരേഷ് ഒരു പഠാണിയുടെ വണ്ടി കാണിച്ചു തന്നു.

പപ്പടം പോളച്ചതു പോലെ വണ്ടീക്കു ചുറ്റും ഡെക്കറേഷന്‍ ലൈറ്റുകളുടെ ഒരു ത്രിതല പഞ്ചായത്ത് മേള.

ഞങ്ങള്‍ അയാളുടെ വണ്ടിയെക്കുറിച്ചാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കി പഠാണി അത്ര സുഖകരമല്ലാത്ത ഒരു നോട്ടം നോക്കി.

- അതെന്താഡേയ് , അയാള് നിന്നെ അങ്ങനെ ക്രിത്രിച്ചു നോക്കുന്നത് ?

ഒന്നുമില്ല ചേട്ടാ, ആ ലൈറ്റെല്ലാം ഞാന്‍ ഫിറ്റ് ചെയ്തതു തന്നെ. സുനില്‍ പറഞ്ഞു. -
അവന്‍ കഴിഞ്ഞാഴ്ച്ച വന്നിരുന്നു.ഒരു ഡസന്‍ ബള്‍ബും കൊണ്ടു.

എന്നിട്ടു ? നീ ഫിറ്റു ചെയ്തു കൊടുത്തില്ലെ ?

ഫിറ്റു ചെയ്യലു തന്നെ നമ്മടെ പണി.പക്ഷെ അതിനു മുന്‍പു ഞാന്‍ അതു തിരിച്ചും മറിച്ചും നോക്കി.
അപ്പഴ് അയാള്‍ ചോദിച്ചു എന്താണു മണത്ത് നോക്കണത് ഭായ്,നീ ഈ മാതിരി കണ്ടിട്ടുണ്ടാവില്ല,എല്ലാം ജെര്‍മ്മനാ എന്നു.

എനിക്കത് കേട്ടപ്പോള്‍ പെരുത്ത് കേറി ചേട്ടാ, നമ്മടെ തീറ്റ റപ്പായിചേട്ടനെ കോലുമിഠായി കാണിച്ചു പേടിപ്പിക്കണ മാതിരി,പക്ഷെ ഞാന്‍ ഒന്നും പറഞ്ഞില്ല.എല്ലാം ഫിറ്റു ചെയ്തു കൊടുത്തു.

പിന്നെ ചോദിച്ചു “ നിങ്ങളുടെ വീടു എവിടെ അടുത്താണോ ?" അവനു ഭയങ്കര സന്തോഷം , മലബാറി നമ്മളെ റെഗുലര്‍ കസ്റ്റമറായി അംഗീകരിച്ചു എന്നവനു തോന്നിക്കാണണം . അതു കൊണ്ടാണല്ലോ വീട്ടു വിശേഷങ്ങളോക്കെ ചോദിക്കുന്നത് .

അവന്‍ പറഞ്ഞു, അതെ ,എന്താ പോരുന്നോ ?

- ഇല്ല, വീട്ടില്‍ ഒരു നാലഞ്ചു മീറ്റര്‍ വയര്‍ ഉണ്ടവുമോ ?

കാണും. എന്താ ?

സൈഡില്‍ വണ്ടി പാര്‍ക്കു ചെയ്യാന്‍ സ്ഥലം കാണുമല്ലോ ?

ഈ ഘട്ടത്തില്‍ പഠാണിയുടെ ചിരി മാഞ്ഞുതുടങ്ങി,. “ എന്താ ഭായീ,നിങ്ങള്‍ എന്താണു പോലിസിന്റെ മാതിരി.

അല്ല ഫിറ്റിങ്ങ് ഒക്കെ കഴിഞ്ഞു .ഇനി നിങ്ങള്‍ വണ്ടി വിടിന്റെ അടുത്ത് പാര്‍ക്കു ചെയ്തിട്ടു വിടില്‍ നിന്നും വയറു വലിച്ചു കണക്ഷന്‍ കൊടുക്കേണ്ടി വരും.

- അതെന്താ ?

- എല്ലാം വീട്ടില്‍ ഫിറ്റു ചെയ്യുന്ന ബള്‍ബാണു ഭായി,

-ഇരുന്നൂറ്റി മുപ്പത് വോള്‍ട്ടു.

പഠാണിയുടെ വായ കുറച്ചു നേരം തുറന്നിരുന്നതിനു ശേഷം കാസറ്റ് പ്ലേയറിന്റെ മൂടി അടയുന്ന പോലെ മന്ദം മന്ദം അടഞ്ഞു.

- ഇപ്പോള്‍ അയാള്‍ അത് അഴിക്കാന്‍ വന്നതാണു - സുരേഷ് .

.........

ഞങ്ങള്‍ വാങ്ങിച്ച വണ്ടിയുടെ കഥ ബാക്കിയുള്ളത് പറയണൊ ?

പറയാം അല്ലെ .

കുറച്ച് കഴിഞ്ഞ് സംഗതി ഒരു വിധം ലാഭത്തിലായപ്പോള്‍ സാരഥി തന്നെ അതു ഏറ്റെടുത്തു.അതീനു മുന്പു തന്നെ വണ്ടിയുടെ അറ്റകുറ്റ പണികല്ലാം കൃത്യമായി തീര്‍ത്തിരുന്നു.

സുനിലിന്റെ അനിയന്റെ കല്യാണ ആലോചന നടക്കുകയാണെന്നും ചെറുക്കനു ദുബായില്‍ സ്വന്തം ബിസിനസ്സാണെന്നു പെണ്ണീന്റെ വീട്ടുകാര്‍ക്കു ബോദ്ധ്യപ്പെട്ടിടുണ്ടെന്നും കല്യാണം മുടങ്ങിയാല്‍ ഞങ്ങള്‍ രണ്ടു പേരും മാത്രമായിരിക്കും ഉത്തരവാദികളെന്നും അവന്‍ മുഖത്ത് നോക്കി പറഞ്ഞു.

ബാക്കിയുള്ള ഞങ്ങള്‍ രണ്ടു മുതലാളീമാര്‍ കിട്ടിയ കാശും വാങ്ങി മിണ്ടാതിരുന്നു.ഉടമസ്താവകാശം സ്ഥാപിക്കാന്‍ കയ്യില്‍ ആകെ കൈരേഖ മാത്രമെ ഉണ്ടായിരുന്നുള്ളു.

പിന്നീടു ഒരു ദിവസം കുമാറിനെ സമാധാനിപ്പിക്കാനായി ഞാന്‍ കൈ ഉയര്‍ത്തിപ്പിടിച്ചു ഡയറക്ടര്‍മാര്‍ ക്യാമറക്കു ആങ്കിളു നോക്കുന്ന പോലെ കാണിച്ചു കൊടുത്തു പറഞ്ഞു.

-ചങ്ങാതി ഈ കയ്യില്‍ പൈസയൊന്നും ഇരിക്കില്ലെന്നു പണ്ടു കാക്കാത്തി പറഞ്ഞിരുന്നു.

അതുകൊണ്ടു തന്നെ വണ്ടിയുടെ കണക്കു സൂക്ഷിക്കാന്‍ ഞാന്‍ തുടങ്ങിയ അകൌണ്ട് ഫയലിനു ‘എം.പൊടി‘ എന്ന പേരാണു ഇട്ടിരുന്നത്.‍

- അതെന്താണു ഈ ‘ എം പൊടി‘ ?

‘മലര്‍പൊടിക്കാരന്റെ സ്വപ്നം ‘എന്ന നീളത്തിലുള്ള പേരാണു ഉദ്ദേശിച്ചിരുന്നത്.അതു പക്ഷെ എക്സല്‍ എടുത്തില്ല . അതാ.

- എന്നിട്ടു നീ അതു എന്തുകൊണ്ടാണു അതു എന്നോടു പറയാതിരുന്നത് ?

അതു പിന്നെ ഞാന്‍ നിന്റെ ശുക്രദശ എല്ലാം മൈനസ് ചെയ്തു കളയുമെന്ന് കരുതി.
.............


അടിക്കുറിപ്പ് : മലര്‍പ്പൊടിക്കാരന്റെ കഥ അറിയാത്തവര്‍ ദയവാ‍യി നാടോടിക്കറ്റിലെ വിജയനും ദാസനും പശുവിനെ വാങ്ങിച്ച കഥ ഓര്‍ക്കുക.

05 November, 2006

അമ്മയുടെ സ്നേഹം.

അമ്മക്കു സ്നേഹം ഒരു വിങ്ങലാണു. കാലമെത്താതെ കൊഴിഞ്ഞു വീണുപോയ കുഞ്ഞിനു കൊടുക്കാനാവാത്ത മുലപ്പാലു പോലെ അതു നെഞ്ചിലിരുന്നു നീറി .

മക്കള്‍ അരികിലുണ്ടായിരുന്നപ്പോള്‍ , അമ്മ അച്ഛന്‍ വര്‍ഷം തോറും വരുമ്പോള്‍ കൊണ്ടുവന്നു കൊടുത്തിരുന്ന വര്‍ണ്ണ സാരികള്‍ക്കിടയില്‍ , ഉണങ്ങിയ കൈതപ്പൂക്കളോടൊപ്പം , പെട്ടിയില്‍ അതു ഒളീപ്പിച്ചു വെച്ചു. വലിയ കൂട്ടു കുടുംബത്തില്‍ സ്നേഹപ്രകടനം ഒരു അനാവശ്യമായ പൊങ്ങച്ചമായിരുന്നു.

സാഹസത്തേയും ജീവിതത്തേയും ഒരേ പോലെ സ്നേഹിച്ചിരുന്ന അച്ഛന്‍ പിന്നെ മഞ്ഞുമലകള്‍കിടയില്‍ എവിടെയോ വീണുപോയി. ആലുവാപ്പുഴയില്‍ അച്ഛന്റെ ചിതാഭസ്മം ഒഴുക്കിയ ശേഷം വന്ന അമ്മ ആ പെട്ടി തുറന്നതേയില്ല.

..........

ഇപ്പോള്‍ മക്കളെല്ലാം അകലെ ഓരോരോ നഗരങ്ങളില്‍ കൂടു കൂട്ടി. ഓര്‍മമകള്‍ വഴിയമ്പലമാക്കി മാറ്റിയ വലിയ വിട്ടില്‍ ഇപ്പോള്‍ അമ്മ മാത്രം , തനിച്ചു.

കര്‍ട്ടനിടയിലൂടെ അരിച്ചിറങ്ങുന്ന ഉച്ച വെയിലില്‍ തറയില്‍ വേറും നിലത്ത് കിടന്നു മയങ്ങുകയായിരുന്നു അവര്‍.

ഇടവപ്പാതി പെയ്തൊഴിഞ്ഞ ഇടവേളകളിലെപ്പോഴൊ പിന്നെ അമ്മയുടെ സ്നേഹം,തുള്ളീയായി , ചെറിയ തോടായി ഒഴുകി അപ്പുറത്തെ തൊടിയിലേക്കു പോയി...

ഇപ്പോള്‍ സുകൃതത്തിലെ # പൂക്കള്‍ക്കും കുട്ടികള്‍ക്കും അമ്മയുടെ പെട്ടിയിലെ ഉണങ്ങിയ കൈതപ്പൂവിന്റെയും തുളസിയില ഇട്ടു കാച്ചിയ വെളിച്ചെണ്ണയുടെയും മണം.

.....................

സുകൃതം : അയല്‍‌പക്കത്ത് പുതുതായി തുടങ്ങിയ കുട്ടികള്‍ക്കുള്ള ശരണാലയം.