27 February, 2008

ജയകൃഷ്ണലീല.

ഞാനും ജയകൃഷ്ണനും ഒരുമിച്ച് നൈറ്റ് ഷിഫ്റ്റ് ചെയ്യുമ്പോള്‍ ഒരു പാടു കഥകള്‍ അയാള്‍ പറഞ്ഞിട്ടുണ്ട്.വെറും ഒരു പപ്പനാവ പിള്ളയായ അച്ഛന്‍ കായംകുളം രാജ്യവംശത്തില്‍ പെട്ട അമ്മയെ കൈയും കലാശവും കാണിച്ച് കടത്തിക്കൊണ്ട് വന്നു കല്യാണം കഴിച്ചതും,അതു വഴി കിട്ടിയ നീലരക്തത്തിന്റെ ശൂരതയുടെ പൊടിപ്പും തൊങ്ങലും വച്ച കഥകള്‍.ആ ജയകൃഷ്ണന്‍ ഒരു ധര്‍മ്മ സങ്കടത്തില്‍ പെട്ട കഥയാണ് ഇത്.

അബുദാബിയില്‍ എണ്ണപ്പാടങ്ങളില്‍ കാറ്ററിങ് നടത്തുന്ന ഒരു മള്‍ട്ടി നാഷ്ണലിന്റെ സര്‍വീസ് മാനേജരായിരുന്നു കക്ഷി.കാലം തൊന്നൂറ്റി രണ്ട്.

ഇറാക്ക് കുവൈറ്റ് യുദ്ധം കഴിഞ്ഞതേയുള്ളു.അമേരിക്കാര്‍ ഒരുത്സവം കഴിഞ്ഞ് അടുത്ത ഉത്സവപ്പറമ്പിലേക്ക് നീങ്ങുന്ന ആന മയില്‍ ഒട്ടകക്കാരെപ്പോലെ കിലുക്കിക്കുത്തിനുള്ള സാധങ്ങള്‍ മടക്കിക്കൊണ്ടിരിക്കയാണ്

അവര്‍ക്ക് പച്ചക്കറിയും,മട്ടനും,ബീഫും എല്ലാം ജയകൃഷ്ണന്റെ കയ്യിലൂടെ ആയിരുന്നു പോയിരുന്നത്.മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നു,ഷിപ്പിലെത്തിക്കുന്നു.അവിടേ നിന്നും അഞ്ചോ പത്തൊ ഇരട്ടി ലാഭത്തില്‍ ഡോളര്‍ വാങ്ങുന്നു.പൈസ കമ്പനിയില്‍ അടക്കുന്നു.ഒന്നിനും ഒരു കൈയും കണക്കുമില്ല.അദ്ദേഹം പറയുന്നത് തന്നെ കണക്ക്.

സ്വാഭാവികമായും കയ്യില്‍ കുറച്ച് ഡോളര്‍ മിച്ചം വന്നു ഒന്നും രണ്ടുമല്ല . ഏകദേശം ഒരു ലക്ഷത്തി നാല്പതിനായിരം.
കണക്കില്‍ പെടാതെ കയ്യില്‍ വന്ന ലക്ഷ്മിയെ എങ്ങിനെ ചൂലെടുത്ത് അടിച്ചു പുറത്താക്കും ?

എന്തു ചെയ്യണം എന്നു ആലോചിച്ചിട്ട് ഒരു പിടുത്തവുമില്ല.ചേട്ടന്‍ ബോംബയില്‍ ബിസിനസ്സ് നടത്തുന്നു.അദ്ദേഹത്തിന്റെ വിദഗ്ദ ഉപദേശം തേടാം.പച്ച ബില്ലെല്ലാം ഒരു പെട്ടിയില്‍ വെച്ച് പൂട്ടി കട്ടിനടിയില്‍ വച്ച് യാത്രയായി.

പ്ലെയിനില്‍ കയറി വന്ദ്യ വയോധികയായ എയര്‍ഹോസ്റ്റസ്സിന്റെ കയ്യില്‍ നിന്നും രണ്ട് ബിയര്‍ വാങ്ങി അടിച്ചു ഭക്ഷ്ണം കഴിച്ച് കിടന്നുറങ്ങി.അര്‍ദ്ധബോധാവസ്ഥയില്‍ മേഘങ്ങളിലൂടെ സഞ്ചരിച്ച പുഷ്പ്പക വീമാനത്തിലിരുന്ന് കയ്യിലുള്ള ഡോളറും കൊണ്ട് ചേട്ടന്ന്ടെ ബിസിനസ്സില്‍ ഇറക്കുന്നതും മാനേജീങ്ങ് പാര്‍ട്ണറായി ലോകം കറങ്ങുന്നതും സ്വപനം കണ്ട് പിന്നെയും ഉറങ്ങി.

പിന്നെ ഉണര്‍ന്നത് എതാണ്ട് ബോംബേ എത്താറായപ്പോഴാണ്. എയര്‍ ഹോസ്റ്റസ് എംബാര്‍ക്കേഷന്‍ കാര്‍ഡും കൊണ്ട് വന്നു.അപ്പോഴാണ് കൂടെ ഇരിക്കുന്ന കക്ഷിയെ ശ്രദ്ധിച്ചത്.

നല്ല തൂവെള്ള ഷര്‍ട്ട്,കയ്യില്‍ ഒരു സൈകൊ ഫൈവ് വാച്ച്.മുടി ഒക്കെ എണ്ണ തേച്ച് കുട്ടപ്പനാക്കി,പ്രേംനസീര്‍ സ്റ്റൈലില്‍ മീശയൊക്കെ വച്ച് ഇരുന്നു ഞെരിപൊരി കൊള്ളുന്നു .എഴുത്ത് എഴുതാന്‍ അറിയാത്തത് കൊണ്ടാവും.

ആവശ്യപ്പെടുകയാണെങ്കില്‍ ഒരു പരോപകാരം ചെയ്യാം എന്നു കരുതി.

കുറച്ചു കഴിഞ്ഞ് ഒന്നു ഒളി കണ്ണീട്ടു നോക്കിയപ്പോള്‍ ആള്‍ ഒറ്റ ഇരുപ്പാണ് . എതാണ്ട് പുരാണ സീരിയലില്‍ പരമശിവനായി അഭിനയിക്കുന്ന നടന്റെ കഴുത്തില്‍ റബ്ബര്‍ പാമ്പിനു പകരം ഒറിജിനല്‍ പാമ്പിനെ ഇട്ടു കൊടുത്താല്‍ എങ്ങിനെയിരിക്കും,അതു പോലെ ശ്വാസം പോലും വിടാതെ.

എന്താ ചേട്ടാ ഒന്നിനു പോണോ.ജയകൃഷ്ണന്‍ ഒരു വിരലുയര്‍ത്തി അമ്പയര്‍മാര്‍ കാണിക്കുന്ന പോലെ ചോദിച്ചു.

ഉം ഉം.

വിരല് പിന്നെ രണ്ടാക്കി .

അതൊന്നുമല്ല.

പിന്നെ ?

എന്റെ പാസ്പോര്‍ട്ട് ഹാന്‍ഡ്ബാഗ്ഗില്‍ ഇട്ടു.

അതിനെന്താ‍ ?

.........

എന്നിട്ടു ഹാന്‍ഡ്ബാഗ്ഗോ ?

അത് പ്ലെയിനില്‍ കയറിയപ്പോള്‍ വാതിക്കല്‍ വച്ച് അവര്‍ വാങ്ങിച്ച് ലഗ്ഗേജില്‍ ഇട്ടു.

അയ്യോ.

നമ്മുടെ കൈവശം തന്നെ അത്യാവശ്യം ഗുലുമാലുകള്‍ ഉണ്ട് അതിന്റെ കൂടെ ഇതും .

ഇങ്ങള് എങ്ങിനെയെന്കിലും ഇത് ഒന്നു കബൂലാക്കിത്തരണം.പടച്ചോന്‍ കാക്കും.

ജയകൃഷ്ണന്‍ വെറുതെ പുറത്തേക്ക് നോക്കി

പിന്നെ കുറച്ച് നേരം ആലോചിച്ചു.

ബിയര്‍ തരുന്ന അമ്മായി അടുത്തെങ്ങാനും ഉണ്ടോന്ന് നോക്കി.ഒരു ഇന്‍സ്പിരേഷന്.ഇല്ല എവിടെയെങ്കിലും പോയി ഉറക്കമായിക്കാണും.

‘ഇമ്പോസ്സിബിള്‍ ഈസ് നത്തിങ് ‘ എന്ന റ്റാഗ് ലൈന്‍ അഡിഡാസ്കാര് ഉപയോഗിക്കുന്നതിന് മുന്‍പ് ജയകൃഷ്ണന്റെ കൈവശം ആയിരുന്നു.അതു കൊണ്ട് പറഞ്ഞു..

- നമക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം.

ബോംബേയില്‍ പ്ലെയിന്‍ ഇറങ്ങി ഇമിഗ്രേഷന്‍ എത്തുന്നതിനു മുന്‍പ് ചുറ്റും പരതി.ആരെങ്കിലും പരിചയമുള്ള് ഉദ്യോഗസ്ഥന്‍ ദൈവത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നോ എന്നറിയാന്‍. ആരെയും കണ്ടില്ല.
അവസാനം ഒരു തൂണിന്റെ മറവില്‍ ലേശം കള്ള ലക്ഷണവുമായി നിന്ന ഒരു പോലീസിന്റെ അടുത്ത് വിഷയം അവതരിപ്പിച്ചു.
പോലീസ് തലയില്‍ നിന്നും കുമ്പീള്‍ തൊപ്പിയെടുത്ത് ബൌളര്‍മാര്‍ ബാള്‍ ഉരക്കുന്ന പോലെ പാന്റിനു മുന്നില്‍ ഉരച്ചു .എന്നിട്ടു പറഞ്ഞു.

"ബഹുത്ത് മുശ്കിള്‍ കാ കാം ഹേ
“പൈസ ലഗേഗാ “
വിരലുകള്‍ ഒന്നൊന്നായി നിവര്‍ത്തി അഞ്ചെണ്ണമായപ്പോള്‍ പൊക്കി കാണിച്ചു.
“പാഞ്ച് ഹസാര്‍.“
കയ്യില്‍ ആറ് വിരല്‍ ഇല്ലാത്തത് ഭാഗ്യം.
ജയകൃഷ്ണന്‍ ഒന്നു പേശി നോക്കി.
ഒരു രക്ഷയുമില്ല.വേണമെങ്കില്‍ മതി എന്ന മട്ടിലാണ് പോലീസ്കാരന്‍.വേറെ നിവൃത്തിയില്ലെന്നു അറിയാം പഹയന്.

അവസാനം അയ്യായിരം അവന് വായ്ക്കരിയിടാം എന്നു സമ്മതിച്ച് തിരിഞ്ഞ് നോക്കുമ്പോള്‍ നമ്മുടെ കഥാപാത്രം നിന്ന് ഉരുകുന്നു.
-അയ്യൊ എന്റെ കയ്യില്‍ അത്രയും പൈസയില്ല.എങ്ങനെയാ അത്രയും കാശ് കൊടുക്കാ ?

-നിങ്ങള്‍ക്ക് ഇവിടെ നിന്നും പുറത്ത് കടക്കണോ ?
- വേണം.
- എന്നാല്‍ ഇതേ രക്ഷ്യുള്ളു.

ചെവിയിലൂടെയും കണ്ണീലൂടെയും പുകയായി വരുന്നെന്നു തോന്നിയ ദേഷ്യം കടീച്ച് പിടിച്ച് ലേശം മുഖം കനപ്പിച്ച് തന്നെ ജയകൃഷ്ണന്‍ പറഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു പോലീസു വന്നു.
ഒരു തൂണിന്റെ മറവില്‍ മാറ്റി നിര്‍ത്തി പാസ്സ്പോര്‍ട്ട് കൊടുത്തു.
ജയന്‍ കയ്യിലിരുന്നു കവര്‍ മടക്കി പോലീസിനു കൈമാറി.
പോലീസ് ആര്‍ത്തിയോടെ കവര്‍ തുറന്നു നോക്കി.

ആകെയുള്ളത് ഒരു അമ്പത് രൂപ മാത്രം.
പോലീസിന്റെ മുഖത്ത് ആദ്യം അമ്പരപ്പും പിന്നെ ദേഷ്യവും .കഥകളിക്കാരന്റെ മുഖത്തെ നവരസങ്ങള്‍ പോലെ മാറി മാറി വന്നു.
“യേ തോ പച്ചാസ് ഹേ “.(ഇതു ഒരു ഗാ‍ന്ധിത്തലയേ ഉള്ളൂ)

-അതെ അത്രയേ പറഞ്ഞുള്ളൂ.ജയന്‍

“തും മദ്രാസീ ആളെ ബേവ്കൂഫ് ആക്കുന്നോ ? കൊട് പാസ്സ്പോര്‍ട്ട്.“

-പാസ്പോര്‍ട്ടോ ഏത് പാസ്പോര്‍ട്ട്?

“ഞാന്‍ ഇപ്പോള്‍ തന്ന പാസ്പോര്‍ട്ടു.“

-അതിനു നിങ്ങള്‍ എനിക്കു പാസ്സ്പോര്‍ട്ടു തന്നിട്ടേയില്ലല്ലോ.

പോലീസുകാരന്‍ എന്താണ് പറയേണ്ട്തെന്ന് അറിയാതെ കുറച്ച് നേരം ജയകൃഷ്ണന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നു പോയി.
“തുംകോ മേ ദേഘേഗാ .. “

എന്നു പറഞ്ഞ് അവസാനം അയാള്‍ പോയി.

നാടകത്തില്‍ ഡയലോഗ് മറന്നു പോയ നടനേപ്പോലെ പകച്ച് നില്‍ക്കുന്ന ഇക്കായെ ഒരു വിധം ഉന്തി തള്ളി ഇമിഗ്രേഷന്‍ കൌണ്ടറില്‍ എത്തിച്ചു.

പിന്നെ ജയകൃഷ്ണനും പുറത്ത് കടന്നു..പാര്‍ക്കിങ്ങില്‍ കാത്ത് നില്‍ക്കുന്ന ചേട്ടന്റെ അടുത്തേക്ക്.അടുത്ത പരീക്ഷണത്തിനായ്.

വടക്കന്‍ വീരഗാഥ ഇറങ്ങിയിട്ടീല്ലാത്തത് കൊണ്ട് പിന്നെയും എല്ലാം കാണാനും കേള്‍ക്കാനും ചന്തുവിന്റെ ജീവിതം ബാക്കി എന്ന ഡയലോഗ് മാത്രം പറഞ്ഞില്ല.

..............

ജയകൃഷ്ണന്‍ മറ്റൊരു പോസ്റ്റില്‍ വന്നിട്ടുണ്ടു.സമയമുള്ളവര്‍ക്കു ഒന്നു ഇവിടെ
പോയി നോക്കാം.

Labels: ,