24 October, 2007

ഒരു ബാച്ചി കതൈ-വ്യവസായ സംരഭം

കൂടെയുണ്ടായിരുന്ന ഭാര്യയേയും കുട്ടിയെയും , നാട്ടില്‍ കൊണ്ടു വിട്ടു വീണ്ടും ഒരു സ്വാതന്ത്രത്തിന്റെ ഇളം കാറ്റേറ്റു നടക്കുന്ന സമയം।സ്ഥലം യു.എ.ഇ. എട്ട് വര്‍ഷം മുന്‍പു. ആടുത്ത കൂട്ടുകാരായ,ജയകൃഷ്ണന്‍ ,ശ്രീജിത്ത്,സാബു എന്നിവര്‍ അപ്പോഴും ഭാര്യാ സമേതം തന്നെ.അതു കൊണ്ടു വ്യാഴാഴ്ചകളില്‍ ഇവരുടെ ആരുടെയെങ്കിലും വീട്ടില്‍ കുടും. അങ്ങിനത്തെ ഒരു വ്യാഴാഴ്ച്ച.

എല്ലാവരും കൂടി ഒരു ബിസിനെസ്സ് മീറ്റിങ്ങ് പ്ലാനിട്ടു।കാര്യമാ‍യ തീരുമാനങ്ങള്‍ എടുക്കേണ്ട മീറ്റിങ്ങാണ്।
അജ്മാന്‍ കടലിനോട് ചേര്‍ന്നു കിടക്കുന്ന ബാറില്‍ വെച്ചായിരുന്നു മീറ്റിങ്ങ്। മാന്യന്മാര്‍ ഫാമിലി സഹിതം സ്മാളിന്റെ കൂടെ ഭക്ഷണം ഒക്കെ കഴിക്കുന്ന ഒരു സ്ഥലം।പല പല ബിസിനസ്സ് ഉദ്ദ്യമങ്ങളും ചര്‍ച്ച ചെയ്തെങ്കിലും അവസാനം നാട്ടില്‍ നിന്നും നല്ല ഷര്‍ട്ടുകള്‍ ഉണ്ടാക്കി ഇമ്പോര്‍ട്ട് ചെയ്തു വില്‍ക്കുക എന്ന തീരുമാനത്തില്‍ എത്തി।

നാലഞ്ച് പാട്ട ബഡ്‌വൈസറ് ഉള്ളില്‍ ചെന്നപ്പോള്‍ പേര് കണ്ട് പിടിക്കാനുള്ള ചര്‍ച്ച തുടങ്ങി।ലൂയീസ് ഹ്യുസന്‍ ,വാന്‍ ഫിലിപ്പ്,പാന്‍ യൂറോപ്പ്,ഏപ്രില്‍ വൈലറ്റ്,മേയ് ഫ്ല്വര്‍,മണ്‍സൂണ്‍,ലാവന്‍ഡര്‍,ഓറഞ്ച്, എന്നു തുടങ്ങീ അവസാനം ബ്ലാക്ക് ലേബല്‍ , ബോംബെ സഫയര്‍, ലൂയീസ് XIII,ജാക്ക് ഡാനിയല്‍ വരെയെത്തി।അവസാനം ജാക്ക് ഡാനിയലിന്റെ മുന്തിയ എഡീഷന്‍ ജെന്റില്‍മാന്‍ ജാക്കില്‍ നിര്‍ത്തി.

അടുത്ത പ്രശ്നം മാര്‍ക്കറ്റ് പരീക്ഷിക്കാന്‍ സാമ്പിള്‍ കൊടുക്കുക എന്നതാണ്।
അതിനും വഴി കണ്ടു।ജയകൃഷന്റ്റെ വക।ഇവിടെ ഇറങ്ങാത്ത മോഡല്‍ ഷര്‍ട്ട് വാന്‍ ഹ്യൂസന്റെയൊ ലൂയീസ് ഫിലിപ്പിന്റേയൊ വാങ്ങി ലേബല്‍ ഇളക്കി മാറ്റി ജെന്റില്‍മാന്‍ ജാക്കിന്റ്റെ ലേബല്‍ വച്ച് പിടിപ്പിക്കുക।നാട്ടില്‍ നിന്നും നിറ്റ്വെയര്‍ കയറ്റിയയക്കുന്ന ചേട്ടന്‍ വഴി കാര്യം സാധിക്കാമെന്ന് ജയകൃഷ്ണന്‍ ഏറ്റു।

അങ്ങിനെ കാര്യങ്ങള്‍ ഒരു വഴിക്കായ സ്ഥിതിക്ക് മീറ്റിങ്ങിലെ ആദ്യത്തേയും അവസാനത്തേയും ഇനമായ ബിയറടിയിലേക്കു തന്നെ മടങ്ങി

എല്ലാം കഴിഞ്ഞു പോരുമ്പോള്‍ ലേറ്റായി എന്നാലും ആ ബാറിന്റെ അടിയില്‍,അണ്ടര്‍ ഗ്രൌണ്ടില്‍ ഡാന്‍സ് ഒക്കെ നടക്കുന്ന വേറെ ഒരു ബാറ് ഉണ്ടു , അവിടെ ഒന്നു കയറി , നൃത്തം ചെയ്യുന്ന അര്‍ദ്ധനഗ്നകളായ സുന്ദരീ മണികള്‍ അവിടെത്തന്നെ ഉണ്ടൊ , കാര്യങ്ങള്‍ ഒക്കെ ഭംഗിയായി നടക്കുന്നില്ലേ,വേഷവിധാനങ്ങളൊക്കെ സന്ദര്‍ഭത്തിനനുസരിച്ച് തന്നെ യോജിച്ചതല്ലേ എന്നെല്ലാം കണ്ടു തിട്ടപ്പെടുത്തി । *മാലയിടല്‍ ചടങ്ങുകള്‍ എല്ലാം മുറപോലെ നടക്കുന്നില്ലേ എന്നും കൂടി നോക്കി തിരിച്ചു പോന്നു.

ഈയുള്ളവന്‍ ആയിരുന്നു കാറിന്റെ സാരഥി।തിരിച്ചു പോരുമ്പോള്‍ ജയകൃഷ്ണന്റെ ഭാര്യ അജിത ഫോണില്‍ വിളിച്ചു,।ശ്രീമതിയെക്കുറിച്ച് ഒരു ചെറിയ വിവരണം തരാം. മാരുതി 800 സീ സീ കാറില്‍ ഒരു നിസ്സാന്‍ പട്രോള്‍ 4500ന്റെ എന്‍‌ജിന്‍ ഫിറ്റു ചെയ്താല്‍ എങ്ങിനെയുണ്ടാകും ? അതു പോലെയാണു പ്രകൃതം।

ആകെ കുട്ടികളുടെ പോലെ ചെറിയ ഒരു ശരീരം അതില്‍ നിന്നും വരുന്ന ശബ്ദം കേട്ടാല്‍ ബൊസ്സിന്റെ ലൈഫ്സ്റ്റയില്‍ സപീക്കര്‍ സിസ്റ്റം ഡിസൈന്‍ ചെയ്തിരിക്കുന്നത് ഇവരെ കണ്ടാനെന്നേ തോന്നു।അതിന്റെ കൂടെ വളരെ വളരെ മൂര്‍ച്ചയുള്ള ഇന്‍സ്റ്റന്റ് തമാശകളും।

“നിങ്ങള്‍ എല്ലാം എവിടെയാണു “ ? ശ്രീമതി ജയകൃഷ്ണന്റെ ചോദ്യം।

ഞങ്ങള്‍ അജ്മാനില്‍ നിന്നും അങ്ങോട്ടു വന്നു കൊണ്ടിരിക്കുകയാണു।

ഒക്കെ , പെട്ടന്നു വാ । ഞാന്‍ ഫോണ്‍ താഴെ വക്കുകയും ചെയ്തു।

സംസാരിക്കാന്‍ ഒരു വിഷയമില്ലാതിരുന്നത് കൊണ്ട് ഞാന്‍ തന്നെ ഒരു വിഷയമെടുത്തിട്ടു।

“അവിടെയുള്ള ഡാന്‍സുകാരികളെ ശ്രദ്ധിച്ചോ ?”

“ഉം । എന്താ “ ? ശ്രീജിത്ത്।

അല്ല അവളുമാരുടെ ഒരു മുലക്കച്ചയും,വേഷവിധാനങ്ങളും “

അല്ല പിന്നെ അവര്‍ പര്‍ദ്ദയിട്ടു ആടണൊ ബാറില്‍ ?
അല്ല മാഷെ അതൊന്നും ശരിക്കുള്ളതല്ല। അവര്‍ പല സൂത്രപ്പണീകളും ഉപയോഗിക്കുന്നുണ്ടു।സ്പ്രിങ് പോലുള്ള സാധനങ്ങള്‍ പോലും।

സ്പ്രിങ്ങോ ??

അല്ല ഈ ശരീരത്തിന്റെ നിംനോ॥നിംനോന്നത।

എന്തഡേ പറയാന്‍ കിട്ടുന്നില്ലെങ്കില്‍ ബുധിമുട്ടണ്ട।

അല്ല ഈ ശരീരത്തിന്റെ ചിലഭാഗങ്ങള്‍ എടുത്ത് കാണിക്കാന്‍ അവര്‍ പല പൊടിക്കൈകളും പ്രയോഗിക്കുന്നുവെന്ന് പറയുകയായിരുന്നു।

(സ്ഥല പരിമിതി മൂലം ചര്‍ച്ചയുടെ കൂടുതല്‍ ഭാഗങ്ങള്‍ ഇവിടെ തല്‍ക്കാലം വിവരിക്കുന്നില്ല -കഥാകാരന്‍)

ചര്‍ച്ച തുടങ്ങി വച്ചതു ഞാനായിരുന്നു എങ്കിലും,ബാക്കിയുള്ളവര്‍ അതു പെട്ടെന്നു ഏറ്റെടുത്തു।എരിവു കൂട്ടാനായി ഞാന്‍ ഇടക്കു ഓരൊ നുള്ളു മുളക് പൊടി വിതറി കൊണ്ട് മോഡറേറ്റ്ചെയ്തു।

ചര്‍ച്ച പുരോഗമിച്ച് ഓരൊരുത്തര്‍ ചെയ്ത വീരസാഹസ കഥകളിലേക്കു കടന്നു।അകത്തു സമൃദ്ധിയായി ബാര്‍ളി വെള്ളം ഉണ്ടായിരുന്നതു കൊണ്ട് പറയുന്നത് മുഴുവന്‍ സത്യമാവണമെന്നു പറയുന്നവനും കേള്‍ക്കുന്നവര്‍ക്കും ഒട്ടും നിര്‍ബന്ധമില്ലായിരുന്നു।

അവരുടെ വീട്ടിലെത്തിയപ്പോള്‍ നേരം വൈകിയ കാരണം ഞാന്‍ അവരെ താഴത്ത് തന്നെ ബൈ ബൈ പറഞ്ഞു യാത്രയാക്കി.
പിറ്റെ ദിവസം,വെള്ളിയാഴ്ച।കാലത്തു തന്നെ കുളിയൊക്കെ കഴിഞ്ഞു പുറപ്പെട്ടു. അവിടെ ചെന്നപ്പോള്‍. ആകെ ഒരു ശ്മശാന മൂകത।ശ്മശാനത്തില്‍ പോയാല്‍ പേടിച്ചിട്ടു സ്വന്തം ഹൃദയം പെരുമ്പറ കൊട്ടുന്ന ശബ്ദം എങ്കിലും കേള്‍ക്കാം.ഇവിടെ അതുമില്ല. പതുക്കെ ഞാന്‍ ട്രൈപോടില്‍ വച്ച് കാമറ തിരിക്കുന്നതുപോലെ ജയകൃഷ്ണന്‍,ശ്രീജിത്ത്,സാബു ആദിയായവരുടെ മുഖത്തേക്കു നോക്കി.ഒറ്റെണ്ണത്തിന്റെ മുഖത്ത് ഒരു തുള്ളി ചോരയില്ല।

സെറ്റില്‍ പോയ സീരിയല്‍ നായിക തന്റെ ഫോട്ടൊ മാലയിട്ടു ചുവരില്‍ തൂക്കിയത് കണ്ട പോലെ। മിണ്ടാന്‍ ശേഷിയില്ലാതെ നിന്ന അവര്‍ അടുത്ത മുറിയിലേക്കു ചൂണ്ടിക്കാണിച്ചു। അവിടെയും സംഗതി തഥൈവ।എന്റെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കു ശേഷം ശ്രീജിത്തിന്റെ പത്നി മൊഴിഞ്ഞു।

“നിങ്ങള്‍ ഇന്നലെ എവിടെയാണു പോയത് ?”

അജ്മാനില്‍ ......ബാറില്‍

അതിനു ശേഷം ? നേരെ ഇങ്ങോട്ടു പോന്നു।
നുണ।

അല്ല ആന്റീ,ഞാന്‍ എന്തിനാണു നുണ പറയുന്നതു ?


(പരസ്പര ബഹുമാനം മൂലം എല്ലാവരും മറ്റുള്ളവരെ വയസ്സു നോക്കാതെ ആന്റി,അങ്കിള്‍ എന്നു വിളിക്കുന്നു)

എന്തിനാ ബാക്കിയുള്ളവരെ രക്ഷിക്കാന്‍ നോക്കി സ്വയം നാറുന്നത് ,മുസാഫിര്‍ അങ്കിളിനെ ഞങ്ങള്‍ക്കു വിശ്വാസം ആണു,അതു കളഞ്ഞ് കുളിക്കല്ലെ ।

ദൈവമെ ഇതെന്തൊരു കുരിശ് ?

തിരിച്ചു ആണ്‍പടയുടെ അരികിലേക്കു। എന്താണു പ്രശ്നം ?
നമ്മള്‍ എല്ലാം കൂടി ഏതൊ പെണ്ണുങ്ങളുടെ അടുത്ത് പോയി എന്നാണു ഇവളുമാരുടെ സംശയം। അയ്യോ,അയ്യയ്യൊ।

എന്റെ കൂടെ ഷാര്‍ജയില്‍ താമസിക്കുന്ന മൂന്നു അളിയന്മാരും (ഭാര്യയുടെ ആങ്ങളമാര്‍ ),ഈ സംഭവം അറിയുന്നതും എന്നെ എടുത്തിട്ടു പെരുമാറുന്നതും പിന്നെ വിവരം നാട്ടിലുള്ള ഭാര്യയെ അറിയിക്കുന്നതും എന്റെ മനസ്സില്‍ സെക്കന്‍ഡില്‍ 24 ഫ്രെയിനിനു പകരം 36 ഫ്രേയിമില്‍ ഓടി കിലു കിലു എന്ന ശബ്ദവുമായി।

ഇന്നലെ വന്നു കയറിയപ്പോള്‍ അജിത ആന്റി ഒരു ബക്കറ്റില്‍ ഡെറ്റോള്‍ കലക്കിയ വെള്ളവും (ചാണം കിട്ടാത്തതു കൊണ്ടു) ചൂലുമായ് നില്‍ക്കുന്നു।


“ ഡെറ്റോള്‍ ഇട്ട വെള്ളത്തില്‍ കുളിച്ച് ചൂല് കൊണ്ട് പല്ല് ഒക്കെ ബ്രഷ് ഒക്കെ ചെയ്തിട്ട് ഇങ്ങോട്ട് കയറിയാല്‍ മതി “
എന്നാ അവര് പറഞ്ഞത് ।

ഇതാരാണപ്പാ നമുക്കിട്ടൂ ഈ പാര പണിതതു ? ഒരു എത്തും പിടിയുമില്ലല്ലോ ।

വീണ്ടും കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍ കാവു തീണ്ടാന്‍ നില്‍ക്കുന്ന പോലെയുള്ള സ്ത്രീ അവതാരങ്ങളുടെ അടുത്തേക്കു।

- മുസാഫിര്‍ അങ്കിള്‍ ആര്‍ക്കു വേണ്ടിയും വക്കാലത്ത് പിടിക്കാന്‍ വരേണ്ട-
അജിത ആണ്ടി വെളിച്ചപ്പെട്ടു।

ഞാന്‍ നോക്കിയപ്പോള്‍ അടുക്കള ഹര്‍ത്താല്‍ നടക്കുന്ന തൃശ്ശൂര്‍ റൌണ്ട് പോലെ। പിന്നെ അവിടെ നിന്നിട്ട് കാര്യമില്ല എന്നു മനസ്സിലായി ഞാന്‍ പതുക്കെ വലിഞ്ഞു।

പിറ്റേ ദിവസം । ശനിയാഴ്ച്ച।കാലത്ത് എണീറ്റ് , അമ്പലത്തില്‍ പോണൊ അതോ ഈ മൂന്നു പഹയന്മാരും പഹയത്തികളും താമസിക്കുന്ന നരിമടയില്‍ പോണൊ ?

പിന്നെ നമ്പര്‍ കുത്തി । ശ്രീജിത്തിനു തന്നെ ।
ഫോണെടുത്തതും അയാള്‍ -

എടോ കോപ്പെ ,
നമ്മുടേ സ്മാള്‍ സൈസ് ഷര്‍ട്ടൊക്കെ ജാപ്പാനില്‍ XXXL ആണെന്നു പറഞ്ഞ് കേട്ടിട്ടുണ്ട്।അതു പോലെ കോപ്പ് എന്നു പറഞ്ഞാല്‍ അയാളുടെ നിഖണ്ഡുവില്‍ ഏറ്റവും വലിയ തെറിയാണ്।

അര്‍ത്ഥം സംഗതി സീരിയസ്സാണെന്നത് തന്നെ।

-താന്‍ ചൂടാവാതെ കാര്യം പറയ് ചേട്ടാ।

ഇയ്യാള് കാരണം എനിക്ക് ഒരു 275 ദിര്‍ഹംസ് നഷ്ടം ।ഭാര്യക്കു പുതിയ പട്ടു സാരി വാങ്ങിച്ചു കൊടുത്തു। അയാള്‍ പിന്നെ ഫോണ്‍ ജയകൃഷണന്റെ കയ്യില്‍ കൊടുത്തു।അവിടെ പിന്നെ ഒരു മറവും ഇല്ല , കാലത്ത് ഒരു ക്ലാസിക്കല്‍ ഭരണിപ്പാട്ടു തന്നെ। പണ്ടു കാലത്ത് ഭരണി നടക്കുമ്പോള്‍ അമ്പലപ്പറമ്പില്‍ ഒരാള്‍ പണക്കിഴിയുമായി ചുറ്റിക്കറങ്ങും , ഏറ്റവും നല്ല പാട്ടുകാര്‍ക്ക് സമ്മാനിക്കാനായി।ജയകൃഷ്ണനാണെങ്കില്‍ അഞ്ചെണ്ണം ഒരുമിച്ച് കിട്ടാനുള്ള വകുപ്പ് കയ്യിലുണ്ട്

।അവസാനം പാട്ടൊക്കെ പാടിത്തീര്‍ന്നപ്പോള്‍।

-എടോ എനിക്ക് 3 പവന്‍ സ്വര്‍ണ്ണത്തിനുള്ള കാശു താന്‍ തരണം।അജിതക്കു വഴക്കു തീര്‍ക്കാന്‍ വാങ്ങിക്കൊടുത്തത്।

അതിന് ഞാന്‍ എന്തു പിഴച്ചു ?
ഇയാള്‍ പെട്ടെന്നു ഇങ്ങോട്ട് വാ !

അവിടെ ചെന്നപ്പോള്‍ , എല്ലാം പതിവു പോലെ , സ്ത്രീ ജനങ്ങള്‍ എല്ലാം കിച്ചണില്‍ , നല്ല വറുത്ത മീനിന്റെയും കറിയുടെയും മണം ഉയരുന്നു।തീന്മേശമേല്‍ പതിവു വിഭവങ്ങളായ കപ്പയും മീന്‍ കറിയും അപ്പോള്‍ പാചകം ചെയ്തത് , ചൂടോടെ ഇരിക്കുന്നു।

- ദേ സ്പ്രിങ്ങ് ! ഹരിയുടെ വക റിമാര്‍ക്ക്।

ഏ സ്പ്രിങോ ? ആ സ്ത്രീകള്‍ ശരീര ഭാഗങ്ങള്‍ എടുത്ത് കാണിക്കാന്‍ ഉപയോഗിക്കുന്നതേ!

എടോ %#$^@ഏ താനല്ലേ , സംഭാഷണം തുടങ്ങി വച്ചത് ?

അതെ.
അജിതയുടെ ഫോണ്‍ വന്നപ്പോള്‍ എടുത്തതും താനല്ലെ ?

അതെ ! എന്നിട്ട് മൊബൈല്‍ ഓഫ് ചെയ്തോ ?
ഓര്‍മ്മയില്ല।
ഹും ! എന്നാ അതു ഓഫായിരുന്നില്ല।പിന്നെ നമ്മള്‍ കാറിലിരുന്ന് അവിടത്തെ ഡാന്‍സ്കാരികളുടെ അനാട്ടമി വര്‍ണ്ണിച്ചതൊക്കെ ഇവര്‍ മൂന്നു പേരും കേള്‍ക്കുകയായിരുന്നു।റിലേയില്‍ ബാറ്റണ്‍ കൊടുക്കുന്ന പോലെ മൊബൈല്‍ മാറി മാറിക്കോടുത്ത്കൊണ്ട്।


അവര്‍ നമ്മള്‍ എതോ പെണ്ണുങ്ങളുടെ അടുത്ത് പോയി വരുമ്പോ അവരെപ്പറ്റി വര്‍ണ്ണിക്കുകയായിരുന്നെന്നാണു പറഞ്ഞിരുന്നത്- സാബു.
ഒരു മാസത്തെ കുടുംബ ബഡ്ജറ്റാണ് താന്‍ കലക്കിക്കളഞ്ഞത്।ഇനി അതിനുള്ള വകുപ്പ് കണ്ട് പിടിക്കണം।അതുമല്ല തന്റെ ശബ്ദവും എന്റെ ശബ്ദവും ഒരു പോലെയായ കാരണം നമ്മള്‍ രണ്ട് പേരും പറഞ്ഞത് എന്റെ പേരില്‍ ആണ് വരവ് വച്ചിരിക്കുന്നത് - ശ്രീജിത്ത്.

ഞാന്‍ ഇന്നത്തോടെ നിര്‍ത്തി। - ജയകൃഷ്ണന്‍।

എന്ത് സ്മാളോ, അതൊ സ്ത്രീ ജനങ്ങളെക്കുറിച്ച് പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിക്കുന്നതോ ?

അല്ലടോ , ഇനി പുറത്ത് പോകുമ്പോള്‍ തന്നെയും മൊബൈലും വണ്ടിയില്‍ കയറ്റില്ല।

ആ അരുമയായ വ്യവസായ സംരംഭവും അതോടെ ജനഗണ മന പാടി.
--------------------------
വേറൊരു വ്യവസായ സംരഭം ഇവിടെ
* മാലയിടല്‍ : ഒരു ടേബിളില്‍ കുറെ പൂമാലകള്‍ വെച്ചിരിക്കും.50 ദിര്‍ഹംസ് കൊടുത്താല്‍ അതിലൊരെണ്ണം എടുത്ത് ഏതെങ്കിലും ഒരു ഡാന്‍സ്കാരികളുടെ കഴുത്തിലിടാം।നാട്ടില്‍ പണ്ട് റിക്കാര്‍ഡ് ഡാന്‍സ് നടക്കുമ്പോള്‍ നോട്ട് ഡാന്‍സ്കാരികളുടെ ബ്ലൌസില്‍ കുത്തിക്കൊടുത്ത് നിര്‍വൃതിയടയുന്നവരുടെ പുതിയ പതിപ്പ്.

Labels: ,

07 October, 2007

ഭാരതീയ വ്യോമസേനയുടെ ജന്മദിനം
1932 ഇല്‍ ഈ ദിവസമാണ് റോയല്‍ ഇന്‍ഡ്യന്‍ എയര്‍ഫോഴ്സ് എന്ന പേരില്‍ ഭാരതീയ വ്യോമസേന തുടങ്ങാനുള്ള തീരുമാനമായത്.അഞ്ച് പൈലറ്റുമാരും നാലു വിമാനങ്ങളുമായി തുടങ്ങിയ അത് ഇന്നു ഒരു ലക്ഷത്തിലധികം അംഗസംഖ്യയും എണ്ണൂറിനു അടുത്ത് വിമാനങ്ങളുമായി ലോകത്തിലെ നാലാമത്തെ വായുസേനയായി മാറിയിരിക്കുന്നു.


1948,1962,1965,1971-ലെ യുദ്ധങ്ങള്‍.കാര്‍ഗിലിലെ പ്രഘ്യാപിക്കപ്പെടാത്ത യുദ്ധം,ആദ്യമായി ശൂന്യാകാശത്തേക്കു പോയ വൈമാനികന്‍.ശ്രീലങ്ക സമാധാന സേനക്ക് സഹായം.മാലിദ്വീപിലെ അട്ടിമറിക്കാരെ തുരത്തല്‍ അങ്ങിനെ തൊപ്പിയില്‍ തൂവലുകള്‍ ഏറെ.


22 സ്ക്വാഡ്രനുകളിലായി പലതരം യുദ്ധമിമാനങ്ങള്‍ വിന്വസിച്ചിരിക്കുന്നു. SU- 30 മുതല്‍ പഴയ പടക്കുതിരയായ മിഗ് 21 വരെ .പിന്നെ ജഗ്വാറുകള്‍,മിറാജ് 2000.മിഗ്-23,27,29.
എയര്‍ ചീഫ് മാര്‍ഷലിന്റെ (ആര്‍മിയിലെ ജനറലിനും നേവിയിലെ അഡ്മിറലിനും തുല്യം) റാങ്കിലുള്ള ചീഫ് ഓഫ് എയര്‍സ്റ്റാഫിന്റെ കീഴില്‍ അലഹാബാദ്,ഷില്ലോങ്ങ്,ന്യൂ‍ ഡെല്‍ഹി,തിരുവനന്തപുരം,ഗാന്ധിനഗര്‍,നാഗ്പൂര്‍,ബാംഗളൂര്‍ എന്നീ സ്ഥലങ്ങളിലുള്ള ഏഴ് കമാണ്ട് ആസ്ഥാനങ്ങളാണ് ഉള്ളത്.


എയര്‍ഫോഴ്സ് വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ചിഹ്നം।


ഇന്‍ഡ്യയിലെ -ആദ്യത്തെ ജെറ്റ് യുദ്ധവിമാനം - വാമ്പയര്‍

ഇന്‍ഡ്യ സൂപ്പര്‍ പവര്‍ ക്ലബിലേക്ക് കുതിക്കുമ്പോള്‍ , ഒരു പാടു സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളുമായി സേന സാരഥിയാകട്ടെ।ഇന്‍ഡ്യയുടെ വ്യവസായ താല്‍പ്പര്യങ്ങള്‍ക്കു കാവലായി വിദേശ രാജ്യങ്ങളില്‍ സ്റ്റേഷനുകള്‍,ന്യൂക്ലിയര്‍ വാഹക ശേഷിയുള്ള വിമാനങ്ങള്‍,ചന്ദ്രയാന്‍ എല്ലാം അവയില്‍ ചിലത് മാത്രം.മുന്‍പേ പറന്നു പോയവരുടെ ആത്മാര്‍പ്പണങ്ങളില്‍ നിന്നു ഊര്‍ജ്ജം ഉള്‍ക്കൊണ്ട്,പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ഭാരതീയ വ്യോമസേന ഇനിയും മുന്നോട്ട് കുതിക്കട്ടെ.ആകാശം പോലും അതിര്‍ത്തിയാകാതിരിക്കട്ടെ.


വാല്‍ക്കഷ്ണം.

റോയല്‍ ഇന്‍ഡ്യന്‍ എയര്‍ ഫോഴിന്റെ ആദ്യത്തെ സ്ക്വാഡ്രന്റെ തുടക്കം 1933 ഏപ്രില്‍ ഒന്നിനായത് കൊണ്ട് കുറെക്കാലം ഏപ്രില്‍ ഒന്നിന്നു വ്യോമസേനാ ദിനം ആഘോഷിച്ചിരുന്നു.വിഡ്ഡികളുടെ ദിനത്തിന്റെ കൂടെ ആഘോഷം നടത്താനുള്ള വൈക്ല്ഭ്യം കാരണം പിന്നെ RIAF act നിലവില്‍ വന്ന ഒക്ടോബര്‍ മാസത്തിലേ എട്ടാം തിയതിയിലേക്കു മാറ്റുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.ചിത്രങ്ങള്‍ക്കു ഡിഫന്‍സിന്‍ഡ്യയോട് കടപ്പാട്.

Labels: ,