09 August, 2007

ചരിത്ര പേടകം

തറവാടി ഒരു ചരിത്രപേടകം കുഴിച്ചിടാന്‍ പോകുന്നു।

ചരിത്രപേടകം എന്നു കേട്ടിട്ടില്ലേ । പണ്ടു ഇന്ദിരാ ഗാന്ധി ചുവന്ന കോട്ടയില്‍ കുഴിച്ചിട്ടതും പിന്നെ മൊറാര്‍ജി ദേശായി മാന്തിച്ചതും മറ്റും, അതുപോലത്തെ ഒന്ന്.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഓവര്‍ ടു തറവാട് ।

ചോദ്യം തറവാടിയുടെ തൃശൂരുള്ള വീടിന്റെ മുറ്റത്ത് വച്ച്: താങ്കള്‍ക്കു ഇതു കുഴിച്ചിടാന്‍ എന്താണ് ഒരു പ്രചോദനം ഉണ്ടായത് ?


നിങ്ങള്‍ എന്റെ വള്ളി ട്രൌസറും മാവേലേറും എന്ന പോസ്റ്റ് വായിച്ചിട്ടുണ്ടോ ?

ഇവിടെ
ഇല്ലെങ്കില്‍ അതു വായിക്കൂ , ഉത്തരം അവിടെ കിട്ടും।
- അതല്ല സാര്‍ , ഓഫീസിലിരുന്നു ഇതു മുഷിഞ്ഞ് വായിക്കാന്‍ സമയമില്ലാത്തവര്‍ക്കാ‍യി ഒരു സംഗ്രഹം।
അടുത്ത തലമുറക്കായി കരുതിവെക്കാന്‍ നമ്മുടെ കയ്യില്‍ എന്താ ഉള്ളേ ?
-ഒന്നുമില്ല।വീട് ഇരിക്കുന്ന പറമ്പും,ബാങ്കില്‍ കുറച്ചു പൈസയുമുണ്ട്॥
ഛേയ് അതല്ല.സാഹീത്യപരമായി പറഞ്ഞാല്‍ ..
നമ്മുടെ പഴമയുടെ പ്രതീകങ്ങളാണു മാവിലേറി നടന്ന കുട്ടിക്കാലവും,വള്ളി ട്രൌസറും അല്ലെ,അതു നമ്മുടെവരും തലമുറക്ക് മനസ്സിലാവണമെങ്കീല്‍ ...

ബാ‍ക്കിയുള്ളത് അടുത്തുള്ള അമല ഹോസ്സ്പിറ്റലില്‍ നിന്നും വന്ന നന്മ നിറഞ്ഞ മറിയത്തില്‍ മുങ്ങിപ്പോയി,ഭാഗ്യം..

- അതു പോട്ടെ । ഈ പേടകം എന്നു പറയുമ്പോള്‍ അതിന്റെ സൈസ് എങ്ങിനെയിരിക്കും।

ഇതു പറഞ്ഞപ്പോള്‍ തറവാടി തെങ്ങിന്റെ മുകളിലേക്കു നോ‍ക്കി,അതു കണ്ടപ്പോള്‍ അറിയാതെ ഞാനും നോക്കിപ്പോയി॥

ദൈവമേ തെങ്ങിന്റെ ഉയരം ഉണ്ടാവുമെന്നോ !

അല്ല അതിന്റെ മോളില്‍ പട്ട പഴുത്ത് നില്‍ക്കുന്നുണ്ട്।അത് വീണാല്‍ പിന്നെ ഇതു മുഴുവനാക്കാന്‍ പറ്റില്ല।തെങ്ങുകയറ്റക്കാരനെ വിളിച്ചപ്പോള്‍ അവന്‍ കാറയക്കാന്‍ പറഞ്ഞു।ഈ തൃശ്ശൂര്‍ക്കാരുടെ ഒരു കാര്യമേ ।തൃത്താലയിലായിരുന്നെങ്കില്‍ ....

അപ്പോള്‍ സൈസു പറഞ്ഞില്ല।ഈ വെല്‍ഡിങ്ങ് കാരൊക്കെ ഉപലോഗിക്കുന്ന ഒരു വലിയ ഗ്യാസ് സിലീണ്ടറിന്റെ അത്രയും॥?


നിങ്ങള്‍ ഇപ്പോഴും പഴയ ലോകത്താണു മിസ്റ്റര്‍...(പെരേര എന്നു പറഞ്ഞോ,ഇല്ല ഞാന്‍ കേട്ടതാകും)


ഇതു ഒരു ചാക്സണ്‍ പൂട്ട് കുറ്റിയുടെ വലിപ്പമേ ഉണ്ടാകൂ।(അപ്പോള്‍ ചാകസ്ണ്‍ ആണു സ്പോണ്‍സര്‍ .)

കാരണം ഇതിനുള്ളീല്‍ ഒരു ഹാര്‍ഡ് ഡിസ്ക്കും ഒരു വള്ളീട്രൌസറും ഒരു മാങ്ങ പറിക്കുന്ന തോട്ടിയുടെ മിനിയേച്ചര്‍ രൂപവും മാത്രമേ ഉണ്ടാവൂ।


അല്ല അപ്പോ ഈ പുതിയ ടെക്നോളോജിയെ ഒക്കെ തള്ളിപറഞ്ഞിട്ടു ഇപ്പോ ഹാര്‍ഡ് ഡിസ്കു ?


അതൊക്കെ അന്നത്തെ ഒരു മൂച്ചിനു പറഞ്ഞതല്ലെ,ഞാന്‍ തന്നെ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ദുബായില്‍ ഡ്രൈവര്‍ മാര്‍ ഇല്ലാത്ത വണ്ടികള്‍ വരും എന്നു പ്രവചിച്ചുണ്ടല്ലോ।
ഇവിടെ

- ആരുടെ കൃതികളൊക്കെ ഇതില്‍ കൊള്ളിക്കും ?

ബ്ലോഗുലകത്തിലെ എല്ലാവരുടെയും , മൂന്നു ലക്ഷം ജീ ബീ യുടെ ഹാര്‍ഡ് ഡിസ്ക്കാണു।പക്ഷെ മണ്ണിന്റ്റെയും മാങ്ങ ചുണയുടെയും ഒക്കെ മണമുള്ള കൃതികളാവണം എന്നു മാത്രം।

- മണ്ണീന്റെ മണമുള്ളതാണെങ്കില്‍ ഇമ്മടെ ചന്ദ്രേട്ടനാ ബെസ്റ്റ്।

എന്താ വല്ലതും പറഞ്ഞോ ?

- ഇല്ല അല്ല നമക്കു ചന്ദ്രേട്ടനേക്കൊണ്ട് കുഴിച്ചിടിപ്പിക്കാം എന്നു പറയുകയായിരുന്നു।ബ്ലോഗുലകത്തിന്റെ കാരണവര്‍ അല്ലെ ।

(- ഒന്നുമില്ലെങ്കില്‍ പേടകം മുളച്ച് കിട്ടും, കൈപ്പുണ്ണ്യമുള്ള ആളാ ).

എന്താ കൈപ്പള്ളിയെപ്പറ്റി പറഞ്ഞത് , അദ്ദേഹം കാരണമാണ് ഇങ്ങനെ ഒരു സംരഭത്തിനു മുതിരുന്നത് .

-ഒന്നുമില്ല ചേട്ട ജീവിച്ച് പോട്ട്।കലാം സാറിന്റെ പോലേ മുടി വളര്‍ത്തുന്നവര്‍ക്കൊക്കെ തലയുടെ ഉള്ളിലും അതു പോലെ ആകുമെന്ന് തോന്നുന്നു। പോക്കറ്റില്‍ തപ്പിയാല്‍ രണ്ടു അഗ്നി മിസ്സൈലിനുള്ള മരുന്ന് ഇപ്പൊഴും കിട്ടും।

- ഞാന്‍ പണ്ടു കശു മാങ്ങയില്‍ നിന്നും ചാരായം വാറ്റുന്നതിനെപ്പറ്റി ഒരു പോസ്റ്റ് ലാ ഇക്കാസിന്റെ കോഞ്ഞ്യാക്കില്‍ ഇട്ടിരുന്നു।ഇവിടെ


അതു പറ്റുമോ ആവോ ?

ഹേയ് അതൊന്നും ഈ വകുപ്പല്ല.


അപ്പോള്‍ ഇനി ചരിത്രം അന്വേഷിച്ച് സ്വന്തം ഗ്രാമത്തില്‍ പോയെ പറ്റുകയുള്ളു।



പണ്ടു മാതൃഭൂമി കാര്‍ഷികഫോട്ടോഗ്രാഫി മത്സരം നടക്കുമ്പോള്‍ പാടത്ത് കൊക്കുകളേക്കാള്‍ കൂടുതല്‍ ഫോട്ടോഗ്രാഫര്‍മാരെക്കാണാം എന്നു ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു।അതു പോലെ ബ്ലോഗര്‍മാരെല്ലാം ഇനി സ്വന്തം മണ്ടലത്തിലേക്ക്.

ഓവര്‍ ടു സ്വന്തം ഗ്രാമം।ചരിത്ര പുരുഷന്‍ താഴത്ത് വീട്ടില്‍ പ്രഭാകരേട്ടന്‍।


ഒന്നരക്കലുള്ള കാലുറയും ബട്ടന്‍ തെറ്റിച്ചിട്ട ഷര്‍ട്ടും സ്ഥിരം വേഷം അരയില്‍ പാന്റ് ഊരി പോകാതിരിക്കാന്‍ ചാക്കു ചരടുകൊണ്ടു അരഞ്ഞാണം।പാന്റിന്ന്റ്റെ രണ്ടു പോക്കറ്റിലും നിറയെ പഴയ ലോട്ടറി ടിക്കറ്റുകള്‍।തലമുടി കാടു പിടിച്ച് , നെറ്റിയില്‍ ഒരു ചുവന്ന കുറി, എപ്പൊഴും ചുണ്ടില്‍ ഒരു പാതി ചിരി,ലോകത്തില്‍ തനിക്കൊഴിച്ചു ബാക്കി എല്ലാവര്‍ക്കും ഭ്രാന്താണെന്ന ഭാവം। അങ്ങനെ സ്ഥിരം ഒന്നുമില്ല.ഇടക്ക് ഒരു പാളല്‍ അത്രയേയുള്ളൂ.

ബസ് സ്റ്റോപ്പിനു അടുത്തുള്ള പല ചരക്കു കടയിലെ ഉപ്പ് പെട്ടിയാണു ആശാന്റെ സാമ്രാജ്യം.

- പ്രഭാകരേട്ടാ, സുഖം തന്നെയല്ലെ ?ലോട്ടറി വല്ലതും അടിച്ചോ ?

ഇതാരാ എന്റെ കൂറാട് അന്വേഷിക്കാന്‍ , ആ നീയോ , നീയാ ........പറമ്പിലെയല്ലെ ?


അതെ .. എന്നെയറിയുമോ ?


നിന്നെയുമറിയും നിന്റ്റെ അച്ഛനേയും അറിയും.


പിതാശ്രീയെ ഓര്‍മിപ്പിച്ചത് ആരെങ്കിലും കേട്ടൊ എന്നറിയാന്‍ ഞാന്‍ ബസ്സു കാത്ത് നില്‍ക്കുന്നവരുടെ ഇടയിലേക്കു പതുക്കെ ഒളിഞ്ഞു നോക്കി.ഇല്ല് ആരും കേട്ട മട്ടില്ല.

നിന്റെ അച്ഛനും ഞാനും കൊറ്റല്ലൂര് പള്ളി സ്കൂളില്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ടടാ.ആ എന്റെ അടുത്ത്താ കളി.

പ്രഭാകരേട്ടന്‍ അതിനു എത്ര വരെ പഠിച്ചു ?

ഞാന്‍.... ഒന്നു വരെ ..
ഒന്ന് വരേയോ ??


ആ ഒന്നു എന്നു കേട്ടിട്ടില്ലേ .


അല്ല അതല്ല.

നിന്റെ അച്ഛന് ഇതിലും കേമനായിരുന്നു.।ഹി ഹി।


അതെന്താ അങ്ങനെ പറയാന്‍ ?

അതോ.

കൊറ്റല്ലൂര് സ്കൂളിനെറ്റ് മുന്‍പില്‍ കണ്ടംകുളത്തി വറീത് മാപ്ലക്ക് ഒര് പെട്ടിക്കടയുണ്ടായിരുന്നു।


അതിന്റെ മുന്പില്‍ ഒരു ശര്‍ക്കര ഉണ്ട എപ്പളും നൂലില്‍ കെട്ടിയിട്ടിട്ടുണ്ടാകും।


-അതെന്തിനാ ?


പിള്ളെര്‍ക്കു കൊടുക്കാന്‍ ॥ഒരു ഓട്ട കാശിനു।


-ഒരു കാശിനു ഒരു ഉണ്ട ശര്‍ക്കരയോ ??

ഉം ഒരു ഉണ്ട ഒരുപാട് കിട്ടും।

അല്ല। ഒരു നക്ക്।
- ഒരു നക്കോ ?
ആ ഒരു കാശ് കൊടുത്താല്‍ ഒരു പ്രാവശ്യം നക്കാം। അത്ര തന്നെ ..
-ഇതോക്കെ ഒള്ളതാണൊ .?
അല്ലെങ്കില്‍ നിന്റെ അച്ച്ഛനോട് ചോദിക്കു ...ആ അതിനു അവന്‍ പോയില്ലെ, മണ്ണിന്റെ അടിയില്‍ ഉള്ളിക്കച്ചോടത്തിന് ?
- എന്നിട്ട് ?


എന്നിട്ടെന്താ। നിന്റെ അച്ഛന്‍ ഒരു കാശു കൊടുത്തിട്ടു അതു മുഴുവന്‍ കടിച്ചോണ്ടു ഓടീ।മാപ്ല അച്ഛനെ പാടത്തിന്റെ അറ്റം വരെ ഓടിച്ചു।
അവനെ കിട്ടിയില്ല।

അല്ലെങ്കിലും അവന്‍ ഓടാന്‍ മിടുക്കനായിരുന്നു।
പോലീസില്‍ വെച്ച് ഒരാളെ ഇടിക്കാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല്യാന്നു പറഞ്ഞ് ഓടിപ്പോയല്ലെ പട്ടാളത്തില്‍ ചേറ്ന്നേ .
-പിന്നെ ?
പിന്നെ , അന്ന് നിന്റെ അച്ഛാച്ചനു പലചരക്കു കട അതിന് അടുത്തുണ്ടായിരുന്നു।അവിടെ ചെന്നു പറഞ്ഞപ്പോള്‍ അച്ഛാച്ചന്‍ ഒരു പുതിയ ഉണ്ട ശര്‍ക്കര എടുത്തു കൊടുത്തു।

- അതു ശരി അപ്പൊള്‍ ഞാന്‍ പോട്ടെ।ഇനി കൂടുതല്‍ നിന്നാല്‍ അടുത്ത കഥ എന്താണെന്നു അറിയില്ല।അതും ബസ് സ്റ്റോപ്പില്‍, നേരത്തെയുള്ളത് പോലെയല്ല।ഇപ്പോള്‍ ആളുകള്‍ കുറെശ്ശേ ശ്രദ്ധിക്കുന്നുണ്ട്.

ഞാന്‍ ഒരു അമ്പതിന്റെ ഗാന്ധിത്തല എടുത്ത് പ്രഭാകരേട്ടന്‍ നേരെ കാണിച്ചു।

ഇമ്മക്ക് വേണ്ട।
അതെന്താ പ്രഭാകരേട്ടാ ?

ദേ ഇത് എനിക്കടിച്ചതാ ,എന്നു പറഞ്ഞ് പകരം ഒരു പഴയ അമ്പത് ലകഷത്തിന്റെ ഓണം ബംബര്‍ എടുത്ത് എന്നെ കാണിച്ചു।

എന്നിട്ട് കാശെവിടെ ?

കാശ് കേശവന്‍ വൈദ്യര് എടുത്തു।

കേശവന്‍ വൈദ്യര്‍ ( ചന്ദ്രിക സോപ്പിന്റെ സ്ത്ഥാപകന്‍ ) മരിച്ചിട്ടു പത്ത് വര്‍ഷമായെന്നു ഞാന്‍ പറഞ്ഞില്ല।

അടുത്ത കഥാപാത്രം ഒരു അമ്മായിയാണ്।നാട്ടുകാര്‍ സ്നേഹപൂര്‍വം ലോഞ്ച് കാരി അമ്മായി എന്നു വിളിക്കുന്ന ഒരു അമ്മായി.

നേരിട്ട് സമീപിക്കാന്‍ പറ്റാത്ത കേസുകെട്ടാണ്।

ചേട്ടന്‍ അവധിക്കു ദുബായില്‍ നിന്നും വന്നിട്ടുണ്ട്।

ചേട്ടനെ ഒന്നു മുട്ടി നോക്കാം ।

-ചേട്ടാ ഒന്നു പറമ്പിലേക്കു വന്നെ , ഒരു കാര്യം പറയാനാ।

ചേട്ടന്‍ ഷര്‍ട്ടിട്ട് ഇറങ്ങി വന്നതും പറഞ്ഞു।

കുപ്പിക്കാണെങ്കില്‍ എന്റെ കയ്യില്‍ ഇല്ല കേട്ടോ।ഇന്നലെ ലാസ്റ്റ് ഉണ്ടായിരുന്നത് ആ തെങ്ങു കയറ്റക്കാരനു കോടുത്തു।
സ്വന്തം അനിയനോടില്ലാത്ത സ്നേഹം തെങ്ങു കയറ്റക്കാരനോടു।എന്തായാലും എനിക്കു തെങ്ങില്‍ കയറാന്‍ പറ്റില്ലല്ലോ ।

അതല്ല ചേട്ടാ, ചേട്ടന്‍ ഈ ലാഞ്ച്കാരത്തി അമ്മായിയെക്കുറിച്ച്ച് വെല്ലതും അറിയാമോ ?

ഹും എന്തിനാ ?ചേട്ടന്റെ മുഖത്ത് പണ്ടു ഞാന്‍ അമ്മയുടെ ചെക്ക് കള്ളോപ്പ് ഇട്ട് പെന്‍ഷ്യന്‍ അക്കൌണ്ടില്‍‍ നിന്നും പൈസ എടുത്തത് കണ്ടു പിടിച്ചപ്പോള്‍ ഉണ്ടായ പോലത്തെ ഒരു ചിരി। വോള്‍ടേജ് കുറവുള്ളപ്പോള്‍ ഒരു 40 വാട്ട് ബള്‍ബു കത്തുന്ന പോലെ.

-ഏയ് ഒന്നുമില്ല।

ആയ്യമ്മ ആയ കാലത്ത് ഇവിടെക്കുറച്ച് വിലസിയതാണ്।

-അയ്യോ അങ്ങിനെയൊന്നും എഴുതാന്‍ പറ്റില്ല।

എവിടെയെഴുതാന്‍ ?

മുഠായി കാണിച്ച് പെട്ടെന്നു പിന്‍‌വലിക്കുന്ന കുട്ടിയെപ്പോലെ ആള്‍ പെട്ടെന്നു ഡയലോഗ് നിര്‍ത്തി।

ഏയ് ഒന്നുമില്ല।

ഓ വി വിജയന്റെ ഇതിഹാസത്തിലെപ്പോലെ-ലാഞ്ച്കാരി അമ്മായി യാഗാശ്വത്തെപ്പോലെ കൊറ്റനല്ലൂരിന്റെ വെളിപ്പറമ്പുകളിലൂടെ നടന്നു എന്നൊ മറ്റോ എഴുതാം ,വാക്കുകള്‍ ഒന്നു തിരിച്ചും മറിച്ചും ഇട്ടാല്‍ മതിയല്ലോ।

അമ്മായിക്കു നല്ല സുന്ദരിയായ ഒരു മകളുണ്ടായിരുന്നു।

അമ്മായിയും മകളും റോഡിലൂടെ നടന്നു പോകുമ്പോള്‍ ഒരിക്കല്‍ ചെത്താന്‍ തെങ്ങില്‍ കയറിയ ചേന്നന്‍ അതു നോക്കി നിന്നു തെങ്ങിലാണെന്നത് മറന്ന് കൈ തെറ്റി താഴെ വീണിട്ടുണ്ട്।

-എന്നിട്ട് ?

അമ്മായി പക്ഷെ മകളെ കാക്കക്കും കൂഴയ്ക്കും കോടുക്കാതെ കൊണ്‍ടു നടന്നു।

അങ്ങിനെ ഒരിക്കല്‍ കോഴിക്കോടു ഒരു കല്യാണത്തിനു പോയി।

കല്യാണമൊക്കെ കഴിഞപ്പോള്‍ അമ്മായിക്കു ഒരു ആഗ്രഹം।

കോഴിക്കോടു വന്നിട്ടുള്ള അറബി ലോഞ്ച് ഒന്നു കാണണം।

അറബി ലാഞ്ചോ ?

ആ കോഴിക്കോടു പണ്ടു വരാറുണ്ടെന്നു കേട്ടീട്ടുണ്ട്.
അതു പിന്നെ ബോംബേ വഴി ഗുജറാത്തിലൂടെ പോകും। പിന്നെയെവിടെയൊക്കെയൊ കറങ്ങി ഗള്‍ഫില്‍ പോകും.
അതു വിട്, അമ്മായിയുടേ കാര്യം പറ.
മകളെയും കൂട്ടിപ്പോയി।അവിടെ ചെന്നു അമ്മായി കയ്യും കലാ‍ശവും കാണിച്ചപ്പോള്‍ അവര്‍ കോണി താഴെക്കിട്ടു കോടുത്തു।

എന്നിട്ട് ??

അമ്മായിക്കു മകളെ തന്നെ താഴെ നിര്‍ത്തിപ്പോകാന്‍ മനസ്സമാധാനമില്ലാത്തത്കൊണ്ടു മകളെ ആദ്യം കയറ്റി വിട്ടു.

അതു കഴിഞ്ഞു ചേട്ടന്‍ ഒരു സിഗററ്റ് കൊളുത്തി.

ചുമ്മാ ഒരു സസ്പന്‍സ് ഉണ്ടാക്കാനുള്ള അടവാണെന്നു മനസ്സിലായി.

എന്നിട്ടൂ എന്തുണ്ടായി , പറയ് ?

പിന്നെയും ആ 40വാട്ടിന്റെ ചിരി.

മകള്‍ കോണീ കയറി കഴിഞ്ഞപ്പോള്‍ അറബികള്‍ പതുക്കെ. ...

പതുക്കെ....?



കോണി മുകളിലേക്ക് എടുത്തു।


അയ്യൊ എന്നിട്ടു ?

എന്നിട്ട് ഒന്നുമില്ല.

പിറ്റെ ദിവസം കാലത്ത് മകളെ കോണിയിലൂടെ ഏറക്കി വിട്ടു.

അപ്പോള്‍ മകള്‍ക്കു വല്ലതും പറ്റിയോ ?

അതു പൊന്നു മോന്‍ ചെന്നു അമ്മായിയോട് ചോദിക്കു.

എവന്‍ എവിടത്തെ ഗള്‍ഫ് കാരനാടാ എന്ന മട്ടില്‍ ചേട്ടന്‍ എന്നെ ഒന്നു നോക്കി।

അപ്പോ‍ഴാണു വീട്ടില്‍ നിന്നും ചേച്ചി ഇറങ്ങി വന്നത് . പെട്ടെന്നു തന്നെ വര്‍ത്തമാന കാലത്തെത്തി.

എന്താ ചേട്ടനും അനിയനും കൂടി ഒരു കോണ്‍ഫ്രന്‍സ് ?
അതെ ഇവന്..
ഇല്ല ചേച്ചി, ഈ തെങ്ങ് കയറ്റക്കാരെ പറ്റീ സംസാരിക്കുകയായ്യിരുന്നു.
അവര്‍ക്ക് കള്ള് വേണമെന്നു.നിന്റെയല്ലെ ചേട്ടന്‍,ഒരു പാ‍ടു കൊടുക്കും - ചേച്ചി.
അപ്പോ കൊടുത്തില്ല അല്ലെ ?

നിനക്ക് അകത്ത് പണിയൊന്നുമില്ലേ , ചേട്ടന്‍ ചുമ്മാ ചൂടായി.

ഇനി ഇവിടെ നിന്നിട്ടു വല്യ കാര്യമൊന്നുമില്ല എന്നു മനസ്സിലാക്കി ഞാന്‍ പതുക്കെ ഇറങ്ങി നടന്നു.

ഇനിയിപ്പോ തറവാടിക്കു വേണ്ടി ഈ കഥയില്‍ മണ്ണിന്റ്റെയും മാങ്ങയുടെയും മണം എങ്ങിനെയുണ്ടാക്കും എന്നായി എന്റെ അടുത്ത ആലോചന.

..........

Labels: , , ,