03 February, 2009

കരുവാപ്പടിയുടെ നാള്‍വഴി ഭാഗം - 1“ആറാട്ട്‌പൊഴ പൂരത്തിലെ കരിവീരന്മാരുടെ മാതിരിയാ ഇന്റ്റ്റെ മക്കള്.ഏത് ആളുകള്‍ടെ എടയില് നോക്കിയാലും അവരുടെ തല ഇനിക്ക് കാണാം.”
കാര്യമായി നരയൊന്നും ഇല്ലാത്ത മുടി ഒരു കൈകൊണ്ട് ഒതുക്കി അമ്മാമ അഭിമാ‍നത്തോടെ പറഞ്ഞു.
ആറടിയോളം പൊക്കമുള്ള നാല് ആണ്മക്കളാണ് അമ്മാമക്ക്.നാലു പെണ്‍കുട്ടികളും.
“കാക്കയ്ക്കും കൂഴക്കും കൊടുക്കാതെ ഇത്തറ നാളും നോക്കി വളര്‍ത്തി.അവരുടെ അച്ഛന്‍ ഇതെല്ലാം വല്ലതും അറിയിണുണ്ടോ ?“
മൂന്നോ നാലോ വയസ്സ് പ്രായമുണ്ടായിരുന്ന എനിക്ക് ഒന്നും മനസ്സിലായില്ല.കരിവീരന്മാരെന്താണെന്നും കോഴിക്കുഞ്ഞിനെ അല്ലാതെ മനുഷ്യന്മാരെ കാ‍ക്ക കൊണ്ടുപോകുമോ എന്നും മറ്റും ആലോചിച്ച് അമ്മാമയുടെ ആടുന്ന കാതുകളിലേക്ക് നോക്കി നിന്നു.
തെക്ക് കുഞ്ഞവിരാ മാപ്ലയുടെ പറമ്പു മുതല്‍ വടക്കെ വെട്ടോഴി വരെയാണ് തറവാട്ട് പറമ്പ്.പറമ്പില്‍ നിറയെ തെങ്ങും പ്ലാവും മാവും അടക്കാമരവും പിന്നെയുള്ള സ്ഥലത്ത് പയറോ കൂര്‍ക്കയോ കൊള്ളിക്കിഴങ്ങോ ഓരോന്നിന്റെ സമയം അനുസരിച്ച് ഉണ്ടാവും.അതിന്റെ ഏകദേശം നടുവിലായി തറവാട് .അച്ഛാച്ചന്‍ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പെ ഒരു ബസ്സപകടത്തില്‍ മരിച്ചു.അന്നു മുതല്‍ അമ്മാമയ്ക്ക് എല്ലാ യന്ത്രങ്ങളേയും , ഞെക്കിയാല്‍ കത്തുന്ന ടോര്‍ച്ചിനെപ്പോലും പേടിയാണ്.പക്ഷെ എന്നാലും എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് അമ്മാമയാണ്.പള്ളിയുടെ അടുത്ത് റേഷന്‍ ,പെട്ടിമരുന്ന്,പലചരക്ക് കടകള്‍ നടത്തുന്ന മക്കള്‍ക്കും പട്ടാളത്തിലുള്ള ഒരു മകനും അമ്മ പറയുന്നതിലപ്പുറം ഒന്നുമില്ല.


തറവാട്ടില്‍ നിന്നും കുറച്ചകലെ പറമ്പിനെ ഒരറ്റത്ത് റോഡിന്റെ ഭാഗത്താണ് കരുവാന്റെ വീട് .വേലിക്കു പകരം നിറയെ മുളംക്കൂട്ടങ്ങളാണ്. അവയുടെ ഇടയില്‍ ചോരകുടിച്ച് ചുവന്ന കണ്ണുകളുമായി മിഴിച്ചു നോക്കി ഇരിക്കുന്ന ചെമ്പോത്തുകളും മുളകളുടെ കമ്പില്‍ പിണഞ്ഞു കിടക്കുന്ന പച്ചിലപ്പാമ്പുകളും ഉണ്ടാകും. ഏതു നിമിഷവും പറന്ന് വന്നു അവ കണ്ണില്‍ കൊത്തുമെന്ന് പേടിച്ച് ഒരിക്കലും ഞങ്ങള്‍ കുട്ടികള്‍ അതിന്റെ അരികിലേക്കു പോവാറില്ല.

ചന്തയില്‍ നിന്നും സാധങ്ങളും കയറ്റി നീങ്ങി നിരങ്ങി വരുന്ന ബസ്സിലെ കണ്ടക്ടര്‍മാര്‍
“കരുവാപ്പടി,കരുവാപ്പടി ആളെറങ്ങാനുണ്ടോ “
എന്നു വിളിച്ചു പറഞ്ഞ് നാല്‍ക്കവലയ്ക്ക് ആ പേര് പതിച്ച് കൊടുത്തു.

ഭാരമുള്ള കൂടം പൊക്കി ഇരുമ്പില്‍ അടിക്കുമ്പോള്‍ കരുവാന്റെ മെലിഞ്ഞ കൈകളില്‍‍ ആ സമയത്ത് മാത്രം പൊന്തി വരികയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്ന മസിലുകളും ഉലയില്‍ നിന്നും പറന്ന് വട്ടം കറങ്ങി തിരിച്ച് വീഴുന്ന തീപ്പൊരികളും,എട്ടു വയസ്സ് മുതല്‍ താഴേക്ക് പ്രായമുണ്ടായിരുന്ന സംഘാംഗങ്ങള്‍ക്ക് എല്ലാം അത്ഭുതങ്ങള്‍ തന്നെ . കാലത്ത് കഞ്ഞികുടി കഴിഞ്ഞ് പോയാല്‍ പിന്നെ ഉച്ചയ്ക്ക് ചോറുണ്ണാനെ അമ്മമാര്‍ അന്വേഷിക്കുകയുള്ളു.
വല്ലപ്പോഴും കരുവാന്റെ കുടുംബം എല്ലാം കെട്ടി പെറുക്കി മൂത്ത മകളെ കല്യാണം കഴിച്ചിരിക്കുന്ന വീട്ടിലേക്ക് പോകും . ആലയിലെ കരിയും മാറലയും ചേര്‍ന്നുണ്ടായ കറുത്ത തോരണങ്ങളുടെ അടിയില്‍ പലയിടത്തായി കിടക്കുന്ന സാധനങ്ങളുടെ അവകാശം ഞങ്ങള്‍ക്കാണ് അന്ന്.പല തരത്തിലും വലിപ്പത്തിലുമുള്ള ചുറ്റികകള്‍, വിവിധ തരത്തിലുള്ള അരങ്ങളും തകരം വെട്ടുന്ന കത്രികകളും,പല ആകൃതിയിലും വലിപ്പത്തിലുമുള്ള ഇരുമ്പ് കഷ്ണങ്ങള്‍ ,പിന്നെ സൈക്കിളിന്റെ ചക്രവും വലിയ ടയറും കയറും വച്ച് ഉണ്ടാക്കിയ രാക്ഷസന്റെ മൂക്കുപോലെ ഉച്ഛസിക്കുന്ന ഒരു ഉല,അതിന്റെ മുന്നില്‍ ചൂടുള്ള ഇരുമ്പ് മുക്കുന്നതിനുള്ള ചെറിയ തടാകം.പിന്നെ കരുവാന്‍ ഇരുമ്പ് വച്ച് അടിക്കുന്ന വലിയ ദീര്‍ഘ ചതുരത്തിലുള്ള കല്ലും.വര : സാക്ഷി


വല്യച്ഛനും പാപ്പന്മാരും ഒരു ദിവസം പീടിക പൂട്ടി വന്നപ്പോള്‍ സൈക്കിളി‍ന്റെ പുറകില്‍ പെട്രോമാക്സും ഉണ്ടായിരുന്നു.എന്തോ വിശേഷമുണ്ടെന്നു മനസ്സിലായിരുന്നു നേരത്തെ തന്നെ. വണ്ടിയോടിക്കുന്ന അപ്പേട്ടന്‍ കാളവണ്ടിയുടേ ചക്രങ്ങള്‍ നേരത്തെതന്നെ ഊരി വച്ചിരുന്നു . ചത്ത ഒരു വലിയ ജന്തുവിനേപ്പോലെ വണ്ടിയുടെ ബാക്കി ഭാഗം നുകവും മൂക്കും മുകളിലാക്കിക്കിടന്നു.അടുത്ത് തന്നെ പണിക്കാരന്‍ വേലായുധന്‍ വലിയ വട്ടത്തില്‍ ഒരു കുഴികുഴിച്ച് അതില്‍ നിറയെ വിറകുകള്‍ കീറി വച്ചിരുന്നു.വേലായുധന്‍ വിറകു കീറുമ്പോള്‍ ആലയിലെ കരിയേക്കാളും കറുത്ത ശരീരത്തില്‍ മസിലുകള്‍ ഓടിക്കളിക്കുന്നത് കാണാന്‍ നല്ല രസമാണ്.
ചിലപ്പോള്‍ കരുവാന്റെ മകള്‍ കൊച്ചമ്മുവും അതു നോക്കി നില്‍ക്കും .എപ്പോഴും ഇറുകിക്കിടക്കുന്ന ബ്ലൌസും മുണ്ടുമുടുത്ത കൊച്ചമ്മു വലിയ പെണ്ണാണ്.അമ്മാമയെങ്ങാനും ആ വഴി വന്നാല്‍ കൊച്ചമ്മു ഓടും.

അമ്മാമ്മയെ എല്ലാവര്‍ക്കും പേടിയാണ്. പാപ്പന്മാര്‍ക്കും ഇളയമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും ഭക്ഷണം വിളമ്പുന്നത് അമ്മാമയാണ്.അടുക്കളയില്‍ ഓട്ടു കിണ്ണങ്ങളില്‍ ചോറു വിളമ്പി വയ്ക്കും.പിന്നെ അമ്മയും ഇളയമ്മമാരും ഓരോരുത്തര്‍ക്കായി കൊണ്ട് കൊടുക്കും.വയറു നിറഞ്ഞില്ലെങ്കിലും രണ്ടാമത് ചോദിക്കാന്‍ പാടില്ല.പിന്നെ സ്ത്രീകളുടെ ഊഴം.എപ്പോഴും എല്ലാവര്‍ക്കും എങ്ങനെ ഇത്ര കൃത്യമായി പങ്കു വെക്കുന്നു എന്ന് അന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അമ്മാമ എന്നും പത്താഴത്തില്‍ നിന്നും അളന്നു കൊടുക്കുന്ന അരി തികഞ്ഞില്ലെങ്കില്‍ സ്ത്രികള്‍ക്ക് കഞ്ഞി വെള്ളവും വറ്റും കൊണ്ട് തൃപ്തിപ്പേടേണ്ടി വന്നിട്ടുണ്ട് എന്നറിയാന്‍ പിന്നെയും ഒരു പാട് വര്‍ഷങ്ങള്‍ എടുത്തു.

തുടരും...

Labels: , , ,

22 Comments:

At 12:15 pm, February 03, 2009, Blogger മുസാഫിര്‍ said...

അടുക്കളയില്‍ ഓട്ടു കിണ്ണങ്ങളില്‍ ചോറു വിളമ്പി വയ്ക്കും.പിന്നെ അമ്മയും ഇളയമ്മമാരും ഓരോരുത്തര്‍ക്കായി കൊണ്ട് കൊടുക്കും.വയറു നിറഞ്ഞില്ലെങ്കിലും..
ലേശം പുരാവൃത്തം .

 
At 12:46 pm, February 03, 2009, Blogger വേണു venu said...

ഈ നാള്‍ വഴി തുടരുമല്ലോ.
ഈ വഴി വായിക്കാന്‍ ഇനിയും എത്തണം.
മുസാഫിര്‍ ബാക്കിയ്ക്കായി.:)

 
At 2:52 pm, February 03, 2009, Blogger kaithamullu : കൈതമുള്ള് said...

കരുവാപ്പടിക്ക് മുന്‍പിലുള്ള അച്യു‌തേട്ടന്റെ ചായക്കടയില്‍ പാല്‍ കൊടുക്കാന്‍ പോയിട്ടുണ്ട്,ഞാന്‍.
പലചരക്ക് കട ഉണ്ണിയേട്ടന്റെ?

കരുവാന്റെ അനിയന്റെ മകന്‍ വിശ്വനാഥന്‍ എന്റെ ക്ലാസ് മേറ്റ് ആയിരുന്നു. കൃഷ്ണക്കരുവാന്റെ ആലയില്‍ കൊയ്ത്ത് തുടങ്ങും മുന്‍പ് അരിവാള്‍ കാച്ചി രാകാന്‍ പോകാറുള്ളതും ഓര്‍മ്മയുണ്ട്.

ചേച്ചിയെ താഴേക്കാട്ടേക്ക് കെട്ടിച്ചയച്ച ശേഷമാണു ‘കരുവാപ്പടി, കരുവാപ്പടി...ആളെറെങ്ങാനുണ്ടോ“ എന്ന ‘കിളി’കളുടെ വീളി പരിചിതമായത്.

നാള്‍വഴി തുടരൂ......

 
At 3:47 pm, February 03, 2009, Blogger Thaikaden said...

Ormakale pinnilekku kondupokunnu. Iniyum kaanam.

 
At 6:18 pm, February 03, 2009, Blogger sherlock said...

പറപ്പുളിയില് കാലത്ത് ഇടികൊണ്ട് കോളേജില് പോകുമ്പോ സ്ഥിരം കീട്ടിരുന്നതല്ലേ "‘കരുവാപ്പടി, രുവാപ്പടി...ആളെറെങ്ങാനുണ്ടോ“" എന്ന് ... നൊസ്റ്റാള്ജിയ :)

 
At 6:35 pm, February 03, 2009, Blogger jwalamughi said...

ഓര്‍മ്മകളില്‍ ഒരു ഗ്രാമത്തിന്റെ ചിത്രം പൂര്‍ണ്ണമാവുന്നതും കാത്ത്...നല്ല നിരീക്ഷണങ്ങള്‍..
തുടരുക

 
At 10:48 pm, February 03, 2009, Blogger ചന്ദ്രകാന്തം said...

പുതിയ തലമുറയ്ക്ക്‌ അറിയാത്ത ഗ്രാമത്തിന്റെ മുഖം..!! പഴയനാൾവഴികളിലൂടെയുള്ള യാത്രകൾക്ക്‌, ചാരം നീങ്ങിയ കനലിന്റെ തിളക്കം.

 
At 4:11 am, February 04, 2009, Blogger ശ്രീ said...

:)

 
At 5:05 am, February 04, 2009, Blogger പൊറാടത്ത് said...

പുരാവൃത്തം അസ്സലാകുന്നുണ്ട്.

ബാക്കിയ്ക്കായി കാത്തിരിയ്ക്കുന്നു.

 
At 9:31 am, February 04, 2009, Blogger Typist | എഴുത്തുകാരി said...

ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

മരത്താക്കര വഴി ഒല്ലൂര്‍ക്കു പോകുമ്പോള്‍ അവിടെയൊരു കരുവാപ്പടി സ്റ്റോപ്പ് കിളി വിളിക്കുന്നതു കേട്ടിട്ടുണ്ട്‌.

 
At 11:23 am, February 04, 2009, Blogger ഉപാസന || Upasana said...

ബാബുച്ചേട്ടന്റെ കൊറ്റനല്ലൂര്‍ ഡേയ്സിന് ഒരു പാകമായ എഴുത്തിന്റെ മാനമുണ്ട്. കുടുംബത്തെപ്പറ്റി പറയുമ്പോഴും വിവരണങ്ങളിലെ മുഷിപ്പുകള്‍ ഇവിടെ ദൃശ്യാമാകുന്നേയില്ല.

പാപ്പന്മാര്‍ക്കും ഒരു ദിവസം പീടിക പൂട്ടി

“വല്യച്ഛനും പാപ്പന്മാരും ഒരു ദിവസം പീടിക പൂട്ടി” എന്നല്ലേ ശരി..?

നല്ല വായനാനുഭവം.
:-)
ഉപാസന

 
At 3:10 pm, February 04, 2009, Blogger ചങ്കരന്‍ said...

അതിമനോഹരമായി ഗ്രാമത്തിന്റെ ചിത്രം വരക്കുന്നുണ്ട് നിങ്ങള്‍. ആശംസകള്‍.

 
At 6:30 pm, February 04, 2009, Blogger കരീം മാഷ്‌ said...

"അളന്നു കൊടുക്കുന്ന അരി തികഞ്ഞില്ലെങ്കില്‍ സ്ത്രികള്‍ക്ക് കഞ്ഞി വെള്ളവും വറ്റും കൊണ്ട് തൃപ്തിപ്പേടേണ്ടി വന്നിട്ടുണ്ട്"

പഴയനാൾവഴികളിലൂടെയുള്ള യാത്ര
ഓരോ പുരാണങ്ങളും ഓരോ ഓര്‍മ്മപ്പെടുത്തലാണ്‌.
നന്നായി

 
At 3:27 pm, February 05, 2009, Blogger മുസാഫിര്‍ said...

വേണു,
തീ‍ര്‍ച്ചയായും തുടരാം.
കൈതമുള്ള്.ഒരു കൊച്ചപ്പേട്ടന്റെ കട മുതലേ ഓര്‍മ്മയിലുള്ളു.അന്നും ഇന്നും ഒരു കടയേ ഒരു സമയത്ത് ഉണ്ടാവാറുള്ളു.
തൈക്കാടന്‍ (മലയാളം ശരിയല്ലെ ?)നന്ദി,കാണാം.
ഷെര്‍ലോക്ക് ഹോംസ് (വാട്സണ്‍ എവിടേ ?)അപ്പോ എവിടെയായിട്ടു വരും വീട് ?
ജ്വാലാമുഖി : നന്ദി

 
At 4:55 pm, February 05, 2009, Anonymous Anonymous said...

നന്നയി....

 
At 6:25 pm, February 05, 2009, Blogger പാവത്താൻ said...

വളരെ ഗൃഹാതുരം... ബാക്കി കൂടി...... കാത്തിരിക്കുന്നു

 
At 9:04 am, February 07, 2009, Blogger Durga said...

excellent one..:) interesting...

 
At 11:06 am, February 07, 2009, Blogger മുസാഫിര്‍ said...

ചന്ദ്രകാന്തം : നന്ദി
ശ്രീ :)
പൊറാ‍ടത്ത് : ക്ഷമക്ക് നന്ദി.
എഴുത്തുകാരി :പുത്തൂര്‍ അടുത്തല്ലേ ? ആവഴി പോ‍യിട്ടുണ്ടെന്നു തോ‍ന്നുന്നു.
ഉപാസന :തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി.മാറ്റിയിട്ടുണ്ട്.

 
At 6:43 pm, February 07, 2009, Blogger നന്ദകുമാര്‍ said...

Ormma pakarnna vazhikaliloode oru thirichu pokku. ethile palathum enikku parichitham.. Good writing.

(sorry for manglish)

 
At 9:15 pm, February 07, 2009, Blogger പള്ളിക്കരയില്‍ said...

നന്നായിരിക്കുന്നു.
ആശംസകള്‍

 
At 9:26 pm, February 08, 2009, Blogger വെളിച്ചപ്പാട് said...

നന്നായിട്ടുണ്ട് മുസാഫിര്‍ സാബ്. ഗ്രാമത്തിന്‍റെ മണമുള്ള ഈ പോസ്റ്റ് തുടരട്ടെ..

 
At 3:44 pm, February 19, 2009, Blogger പാര്‍ത്ഥന്‍ said...

മുഴുവനാവാൻ കാത്തതായിരുന്നു.
ഇപ്പോഴും ഈ കറുത്ത മസിലിനു നല്ല ഡിമാണ്ടാ.

 

Post a Comment

Links to this post:

Create a Link

<< Home