02 November, 2008

മഞ്ഞു കാല പ്രഭാതം പോലെ

ഞങ്ങളുടെ വീടിനടുത്തുള്ള ദുര്‍ഗ്ഗാദേവിയുടെ അമ്പലവും കഴിഞ്ഞുള്ള ഇടവഴിലൂടെ നടന്ന് അര കിലോമീറ്റര്‍ പോയാല്‍ രാമചന്ദ്രന്റെ പറമ്പായി.ഇന്‍‌കം ടാക്സ് ഓഫീസിലെ ജോലി കഴിഞ്ഞാല്‍ രാമചന്ദ്രനെ മിക്കവാറും അവിടെ കാണാം. തഴച്ചു നില്‍ക്കുന്ന ജാതിമരങ്ങളുടെയും കാടുപ്പിടിച്ചു നില്‍ക്കുന്ന വാഴകളുടേയും നിഴല്‍ നീണ്ട് ഇരുട്ടിന്റെ കറുത്ത പുതപ്പിനോട് കൂടിച്ചേരുന്ന വരെ. കുട്ടികളുടേതു പോലെ നിഷ്കളങ്കമായ, ഭംഗിയുള്ള ആ മുഖത്ത് സദാ ഒരു പുഞ്ചിരിയും നെറ്റിയില്‍ ചന്ദനക്കുറിയും കാണും.രാമചന്ദ്രന് ജീവിതത്തില്‍ വിഷമിക്കാനായി ഒന്നുമില്ലെ എന്ന് പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. വലിയ ഭൂസ്വത്തുണ്ടായിരുന്ന തറവാട്ടിലെ ഒരേയൊരു ആണ്‍പിറ.ഒരു പാടു സ്ഥലങ്ങള്‍ പാരമ്പര്യമായി ഉണ്ടായിരുന്നത് അച്ഛന്റെ കാലം കഴിഞ്ഞപ്പോഴേക്കും അന്യാധീനപ്പെട്ടു.
കല്യാണം കഴിഞ്ഞ് അഞ്ച് കൊല്ലം കഴിഞ്ഞിട്ടും കുട്ടികളില്ല. “അച്ഛന്‍ നാട് നീളെ നടന്നു വിത്ത് വിതച്ചതിന്റെയാണ് മകന്‍ അനുഭവക്കുന്നത്” എന്ന് ചില നാട്ടുകാരെങ്കിലും അടക്കം പറഞ്ഞു.പക്ഷെ എന്നിട്ടും മഞ്ഞില്‍ മൂടിയ മകരമാസത്തിലെ പ്രഭാതങ്ങള്‍ പോലെ ശാന്തമായിരുന്നു രാമചന്ദ്രന്റെയും ഭാര്യ രേണുവിന്റ്റെയും ജീവിതം.

പിന്നെ അതില്‍ ചെറിയ ചലനങ്ങളുണ്ടാവുന്നത് കുട്ടികളുണ്ടാവാന്‍ വേണ്ടി അയാള്‍ ഡോക്ടര്‍ തോമാസിനെ കാണാന്‍ തുടങ്ങിയത് മുതലാണ്.
ഡോക്ടര്‍ പരിശോധനകള്‍ക്കു ശേഷം കുഴപ്പം രാമചന്ദ്രനല്ല എന്നാണ് പറഞ്ഞത്.
അടുത്ത് കാണേണ്ട തിയതി ആകുന്നതിന് മുന്‍പ് ഡോക്ടര്‍ വീണ്ടും കാണണമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് സംശയമായി.
ഉപചാരങ്ങള്‍ക്ക് ശേഷം പക്ഷെ ഡോക്ടര്‍ പറഞ്ഞത് മറ്റൊന്നാണ്.

“രാമചന്ദ്രന്‍ , എന്റെ ഒരു സുഹൃത്തിന്റെ ഭാര്യക്ക് കൃത്രിമ ഗര്‍ഭധാരണത്തിന് ഒരു ഡോണറെ വേണം.
കണ്ടാല്‍ ഏകദേശം ഇയാളുടെ നിറവും പൊക്കവും ഒക്കെയായി ഒത്തു പോകും അയാള്‍ക്ക്.നിങ്ങള്‍ അറിയാത്ത ആളാണ്.“
ഒരു നിമിഷം നിര്‍ത്തി രാമചന്ദ്രന്റെ മുഖഭാവം പഠിച്ച ശേഷം ഡോക്ടര്‍ തുടര്‍ന്നു.
“ഞാന്‍ നിര്‍ബ്ബന്ധിക്കുന്നില്ല.ഇഷ്ടമുണ്ടെങ്കില്‍ മാത്രം മതി “
ആരോടും ഇതു വരെ ഒന്നും വയ്യ എന്നു പറഞ്ഞിട്ടില്ല,അയാള്‍ . ഒരാഴ്ച കൂട്ടിയും കിഴിച്ചും ആലോചിച്ച ശേഷം സമ്മതിച്ചു.
പക്ഷെ ചെയ്തത് ശരിയായോ എന്ന ചിന്ത അയാളുടെ മനസ്സില്‍ വന്നു വീണു. രേണു അറിഞ്ഞാലുള്ള ഭവിഷ്യത്തുകള്‍ ഓര്‍ത്തപ്പോള്‍ അത് പതുക്കെ വലുതാവന്‍ തുടങ്ങി.

ചിന്താധാരകളില്‍ പെട്ടു വലഞ്ഞ അയാള്‍ അമ്മ പറയാറുള്ള പോലെ രാമായണം എടുത്ത് പകുത്ത് നോക്കി. കിട്ടിയത്,അയോദ്ധ്യാകാണ്ഡത്തിന്റെ അവസാനം.രാജ്യവും ബന്ധുക്കളേയും ഉപേക്ഷിച്ച് കാട്ടിലേക്ക് പോകാന്‍ നില്‍ക്കുന്ന രാമന് അയാളെ ആശ്വസിപ്പിക്കാനായില്ല.

യാദൃശ്ചികമായി ഡോക്ടറെ ഒരു ദിവസം ബാറില്‍ വച്ച് കണ്ടു.രാമചന്ദ്രനെ നിര്‍ബന്ധിച്ച് ഒരു കക്ഷി വിളിച്ചുകൊണ്ട് പോയതാണ്.
ഡോക്ടറുടെ അടുത്ത് ആരുമില്ലാതായപ്പോള്‍ രാമചന്ദ്രന്‍ ആകാംക്ഷയോടേ അന്നത്തെ ആ സംഭവത്തെക്കുറിച്ച് തിരക്കി.
രാമചന്ദ്രന്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് ഡോക്ടര്‍ ചെയ്തത്.‍ നാടകീയമായി കൈകള്‍ പകുതി മുകളിലേക്കു പൊക്കി,പിന്നെ പറഞ്ഞു.
“വിതക്കുന്നവന്‍ വിത്തുവിതപ്പാനായി പോയി.
വിതക്കുമ്പോള്‍ ചിലത് മുള്ളുകള്‍ക്കിടയില്‍ വീഴുകയും മുള്ളുകള്‍ അവയെ ഞെരുക്കിക്കളയുകയും ചെയ്തു.
.......
ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവകള്‍ അതിനെ തിന്നുകളകയും ചെയ്തു.
മറ്റു ചിലതു നല്ല നിലത്തു വീണു മുളച്ചു നൂറുമേനി ഫലം കൊടുത്തു.

ലൂക്കോസ് എഴുതിയ സുവിശേഷം അദ്ധ്യായം ?” ...പിന്നെ ഉത്തരം കിട്ടാനെന്ന പോലെ അയാളുടെ മുഖത്തേക്ക് നോക്കി.
പിന്നെ സ്വരം താഴ്ത്തി‍

“ധൈര്യമായി ഇരി രാമചന്ദ്രാ,കൂടുതല്‍ അറിയാത്തതു തന്നെയല്ലെ നല്ലത്?”
പിന്നെ ചില്ല് ഗ്ലാസ് പൊന്തിച്ച് കാട്ടി ചോദിച്ചു.
“ഒന്നും കൂടി പിടിക്കുന്നോ ?”
“ഇല്ല..“
എന്നാല്‍, അടുത്ത അപ്പോയിന്മെന്റിനു കാണാം.

ഡോക്ടര്‍ പിന്നെ കണ്ണിലെ കരടു കളയുന്ന കൈവഴക്കത്തോടെ വിഷയം മറ്റെന്തിലേക്കൊ തിരിക്കുന്നത് അയാള്‍ വിഷണ്ണനായി നോക്കി നില്‍ക്കുകയും ചെയ്തു.
കുറെ നാളത്തേക്ക് ആ വിചാരങ്ങള്‍ അധികം അയാളുടെ ചിന്തകളില്‍ അധികം വന്നതേയില്ല.പക്ഷെ ചിലപ്പോഴൊക്കെ രേണുവിനു മുന്നില്‍ നില്‍ക്കുമ്പോള്‍ അയാള്‍ക്ക് കുറ്റബോധം തോന്നാതിരുന്നില്ല. തന്റെ മനസ്സ് അരുവിയിലെ തെളിഞ്ഞ വെള്ളം പോലെയാണെന്നും അവള്‍ അതില്‍ ഓടി നടക്കുന്ന ചിന്താശലകങ്ങള്‍ പോലും കാണുന്നുണ്ടെന്നും കരുതി ഇടക്കൊക്കെ പരിഭ്രമിക്കുകയും ചെയ്തു.ജാതിപ്പൂവിന്റെ മണവുമായി വരുന്ന കാറ്റും രേണുവിന്റെ ശരീരത്തിന്റെ തണുപ്പും അയാളുടെ ഉഷ്ണം ശമിപ്പിച്ചില്ല.

പിന്നെ ക്രമേണ അയാള്‍ എല്ലാം മറന്നു . ഫയലുകളിലെ അക്കങ്ങളിലേക്കും വീടിനു ചുറ്റുമുള്ള തോട്ടത്തിലേക്കും രേണുവിലേക്കും മടങ്ങി.മാസങ്ങള്‍ക്ക് മീതെ കൊഴിഞ്ഞുവീണ വര്‍ഷങ്ങള്‍ ക്രമേണ എല്ലാം മറവിയില്‍ മൂടി.
........................

ഒരു ദിവസം ഡോക്ടറുടെ ലാബ് അസ്സിസ്റ്റന്റ് പിള്ളയെ ബാറില്‍ ‍ കണ്ടു മുട്ടുന്നത് വരെ .
അന്നും ഒരു കക്ഷിയുടെ കൂടെ ഒരു വിസ്ക്കിയും പിടിച്ചിരിക്കുമ്പോഴാണ് കണ്ടത്.
അര മണിക്കൂര്‍ മുന്‍പ് മഴപെയ്തിട്ടും പിള്ളയുടെ ഇരട്ടത്താടിയുള്ള കഴുത്തില്‍ കൂടി വിയര്‍പ്പ് ഒഴുകുന്നുണ്ടായിരുന്നു.ഒരു നാല് ലാര്‍ജെങ്കിലും വിട്ടാലെ പിള്ള വിയര്‍ക്കാന്‍ തുടങ്ങുകയുള്ളൂ എന്ന് ആരോ പറഞ്ഞ് കേട്ട് അറിയാമായിരുന്നു.
“സാറെ ആ ലാണില്‍ നില്‍കുന്ന സ്ത്രീയെ ഒന്നു നോക്കിയെ , വല്ല പരിചയമുണ്ടോന്ന്” - പിള്ള.
രാമചന്ദ്രന്‍ നോക്കി.ഏതാണ്ട് രേണുവിന്റെ പ്രായമുള്ള,എന്നാള്‍ അവളേക്കാള്‍ കുറച്ചു തടിച്ച സുന്ദരിയായ ഒരു സ്ത്രീ.
“ഇല്ല പിള്ളെ “
“അപ്പോ സാറിനറിയില്ല അല്ലേ ? ഉം , കൂടെയുള്ള കുട്ടിയേയോ ? “
നല്ല ഓമനത്തമുള്ള ഒരു പെണ്‍കുട്ടി. കഷ്ടിച്ചു നടന്നു തുടങ്ങുന്നതേയുള്ളു.അമ്മ മറ്റാരോടോ സംസാരിച്ച് നില്‍ക്കുന്ന തക്കം നോക്കി മഴ ചെടികളില്‍ ഉപേക്ഷിച്ച് പോയ വെള്ളത്തുള്ളികള്‍ കുടഞ്ഞ് കളിക്കുന്നു.
“കണ്ടിട്ടു ഒന്ന് എടുത്താല്‍ കൊള്ളാമെന്ന് തോന്നുന്നുണ്ടോ ഷാറെ“പിള്ള ചെറുതായി കുഴഞ്ഞ് തുടങ്ങിയ ശബ്ദത്തില്‍ പതുക്കെ ചോദിച്ചു
“ഉം” അയാള്‍ ഉണ്ടെന്നൊ ഇല്ലെന്നോ പറഞ്ഞില്ല.
“അതങ്ങനിയാ“
“ചോരക്ക് വെള്ളത്തിനേക്കാള്‍ കട്ടി കൂടുംന്ന് ആരോ ഇന്നാളും കൂടി ഇവിടെ ഈ ബാറില്‍ ഇരുന്നു പറഞ്ഞു“
“താന്‍ എന്താ പറഞ്ഞ് വരുന്നത് ,പിള്ളേച്ചാ ?” രാമചന്ദ്രന്‍ ചെറുതായി വിറക്കുന്ന ശബ്ദത്തില്‍ അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“സാറെ രണ്ട് രണ്ടര വര്‍ഷം മുന്‍പ് പുറത്തുള്ള ഒരു പാര്‍ട്ടിക്ക് ... കൊടുത്തത് ഓര്‍മ്മയുണ്ടോ “ ?
“തോമസ് ഡോക്ടറോട് ആളറിയാന്‍ പലവട്ടം ചോദിച്ചതും, ഉത്തരം കിട്ടാത്തതും?”
മദ്യത്തിന്റെ ലഹരി കയറിയ ഞരമ്പിലൂടെ ഓടി അത് രാമചന്ദ്രന്റ്റെ പ്രജ്ഞയിലെത്താന്‍ സെക്കന്‍ഡുകള്‍ എടുത്തു.
“ഈശ്വരന്മാരെ, വായില്‍ തോന്നിയത് വല്ലതും പറയല്ലേ,പിള്ളേച്ചാ”
പിള്ള പിടിച്ചാല്‍ പിടിയെത്താത്ത തന്റെ കഴുത്തില്‍ , തൊണ്ടമുഴക്കു മുകളിലായി രണ്ടു കയ്യ് കൊണ്ടും പിടിച്ചു.
എന്നിട്ടു പറഞ്ഞു .
“സാറെ, പിള്ളയുടെ മനസ്സില്‍ കളവില്ല , സത്യം.പക്ഷെ ഞാന്‍ ഇത് പറഞ്ഞൂന്ന് സാറ് ആരോടെങ്കിലും പറഞ്ഞാല്‍ അതോടെ പിള്ളയുടെ കഞ്ഞികുടി മുട്ടും.”
പിന്നെ അയാള്‍ക്ക് അവിടെ ഇരിക്കണമെന്നു തോന്നിയില്ല.പിള്ളയുടെ തടുക്കലുകള്‍ ചെവികൊള്ളാതെ കൂടെയുള്ള ആളോട് പറഞ്ഞ് പെട്ടെന്ന് പുറത്തിറങ്ങി.

വീട്ടിലെത്തിയതും അവള്‍ വന്നു വാതില്‍ തുറന്നതും ഒന്നും അയാള്‍ അറിഞ്ഞില്ല.പിന്നെ ഒന്നു രണ്ടു ദിവസത്തേക്കു അവളുടെ മുഖത്ത് നോക്കുമ്പോള്‍ അയാളുടെ മനസ്സ് പൊള്ളുകയായിരുന്നു.മനസ്സിലെ ഭാരം ഒന്നു ഇറക്കാന്‍ ഒരിടം കിട്ടാതെ അയാള്‍ ഖിന്നനായി.വല്ലപ്പോഴും ഒരിക്കല്‍ ആരെങ്കിലും കക്ഷികളുടെ കൂടെ പോകുന്നതല്ലാതെ സ്ഥിരമായി ബാറില്‍ പോകുന്നത് രേണുവിന് ഇഷ്ടമാവില്ലെന്നു അറിയാവുന്നത് കൊണ്ട് അതിനും തുനിഞ്ഞില്ല.
പലപ്രാവശ്യം വിചാരിച്ചു എല്ലാം അവളോടു ഏറ്റു പറഞ്ഞാലോ,ഇനി വേറെ വല്ലവരും പറഞ്ഞു പറഞ്ഞ് അവള്‍ക്ക് വല്ല തെറ്റിദ്ധാരണയും വരുന്നതിനു മുന്‍പ്?പക്ഷെ അതു അന്നു പറയാത്തതെന്തേ എന്നു ചോദിച്ചാല്‍ ?അതിനുള്ള മനസ്സാന്നിദ്ധ്യം ഒരിക്കലും അയാള്‍ക്ക് കിട്ടിയില്ല.
അയാളുടെ ഭാവ മാറ്റം അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അന്നു തലവേദനയാണെന്നു പറഞ്ഞ് അയാള്‍ നേരത്തെ കിടന്നു.പാതി ഉറക്കത്തില്‍ അവള്‍ മുറിയില്‍ വന്നതും പിന്നെ നനഞ്ഞ തുണി അയാളുടെ നെറ്റിയിടുന്നതും അറിഞ്ഞു,മനസ്സിന്റെ ഭാരം പിന്നെയും കൂടി.അയാള്‍ നിശ്ശബ്ദനായി കരഞ്ഞു.
ഒരാഴ്ച കഴിഞ്ഞു അവള്‍ പറഞ്ഞു.

“ നാളെ ഒരു പിറന്നാളിന് ക്ഷണമുണ്ട്,ട്ടോ എന്റ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ “
“അറിയാത്ത ആളുടെ വീട്ടിലേക്ക് ഞാന്‍ ഇല്ല , നീ തന്നെ ഒരു ഓട്ടോ വിളിച്ചു പൊയ്ക്കൊ“
“അയ്യൊ അതു പറ്റില്ല.ചേട്ടനും കൂടി വരുന്നെങ്കിലേ ഞാന്‍ പോകുന്നുള്ളു.
എന്റെ കൂടെ പഠിച്ചതാ,അവര്‍ പുറത്തെവിടെയോ ആയിരുന്നത്രെ.ഇപ്പോള്‍ മതിയാക്കി ഇവിടെ വന്നു താമസമാക്കിയതാ”.
ഒഴിവുകഴിവുകള്‍ പറഞ്ഞിട്ടും രേണു സമ്മതിക്കാത്തത്കൊണ്ട് പിറ്റേന്നു വൈകീട്ട് അവര്‍ അവിടെ പോയി.
സമ്മാനപ്പൊതി അവള്‍ കൂട്ടുകാരിയുടെ കയ്യില്‍ കൊടുത്തപ്പോള്‍ രാമചന്ദ്രന്‍ തല പൊന്തിച്ച് നോക്കി.
അന്നു ബാറിന്റെ ലാണില്‍ വച്ചു കണ്ട അതേ കുട്ടിയും അമ്മയും.അയാള്‍ക്ക് തല കറങ്ങുന്ന പോലെ തോന്നി. അവള്‍ കുട്ടിയേയും എടുത്ത് അകത്തേക്കു നടന്നു.
വീട് നല്ല നന്നായി അലങ്കരിച്ചിരുന്നതൊന്നും അയാളുടെ കണ്ണില്‍ പെട്ടതേയില്ല.അയാളെയും അവള്‍ കണ്ണ് കൊണ്ട് അകത്തേക്കു വിളിച്ചു. അവള്‍ അകത്തളവും കടന്ന് ഉള്ളിലെ മുറിയിലേക്ക് പ്രവേശിച്ചു.മുറിയില്‍ അവര്‍ മൂന്നു പേരും മാത്രമായപ്പോള്‍ അവള്‍ ആ കുഞ്ഞിക്കവിളില്‍ തൊട്ടു , എന്നിട്ടു സ്വകാര്യം പോലെ പക്ഷെ അയാള്‍ക്കു മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍ പറഞ്ഞു.

മോളെ ദാ അച്ഛനൊരു ഉമ്മ കൊടുത്തേ !

രേണുവിന്റെ മുഖത്ത് വിരിഞ്ഞു വരുന്ന കുസൃതിച്ചിരി കണ്ട് കരയണോ,ചിരിക്കണോ എന്നാലോചിച്ച് പോയി അയാള്‍.


.......

Labels: ,

34 Comments:

At 4:48 pm, November 02, 2008, Blogger മുസാഫിര്‍ said...

ഞങ്ങളുടെ വീടിനടുത്തുള്ള ദുര്‍ഗ്ഗാദേവിയുടെ അമ്പലവും കഴിഞ്ഞുള്ള ഇടവഴിലൂടെ നടന്ന് അര കിലോമീറ്റര്‍ പോയാല്‍ രാമചന്ദ്രന്റെ പറമ്പായി.ഇന്‍‌കം ടാക്സ് ഓഫീസിലെ ജോലി കഴിഞ്ഞാല്‍ രാമചന്ദ്രനെ മിക്കവാറും അവിടെ കാണാം. തഴച്ചു നില്‍ക്കുന്ന ജാതിമരങ്ങളുടെയും കാടുപ്പിടിച്ചു നില്‍ക്കുന്ന വാഴകളുടേയും നിഴല്‍ നീണ്ട് ഇരുട്ടിന്റെ കറുത്ത പുതപ്പിനോട് കൂടിച്ചേരുന്ന വരെ.
- ഒരു കഥ.

 
At 7:54 pm, November 02, 2008, Blogger പ്രയാസി said...

നല്ലൊരു കഥ

ഒരു സംശയം!

രാമചന്ദ്രനെന്തിനാ ഇക്കാര്യത്തില്‍ കുറ്റബോധം!?

 
At 8:21 pm, November 02, 2008, Blogger ഗോപക്‌ യു ആര്‍ said...

സിനിമക്ക് പറ്റിയ കഥയാണല്ലൊ...

 
At 8:37 am, November 03, 2008, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അവസാന ഭാഗം തീരെ വ്യക്തമല്ല..
“രേണുവിന്റെ മുഖത്ത് വിരിഞ്ഞു വരുന്ന കുസൃതിച്ചിരി ” മൂന്ന് പേരല്ലേ മുറിക്കകത്ത് പോയത്? രേണു പോയോ? ഇനി ‘അവള്‍ ’ രേണുവെങ്കില്‍ എങ്ങനറിഞ്ഞൂ?

 
At 9:01 am, November 03, 2008, Blogger Unknown said...

കഥ കൊള്ളാം. അവതരണം ഒന്നുകൂടി നന്നാക്കാമായിരുന്നു.

 
At 9:05 am, November 03, 2008, Blogger ശ്രീ said...

വെറും കഥയാണോ മാഷേ...?

 
At 9:31 am, November 03, 2008, Blogger വേണു venu said...

കഥയ്ക്ക് പുതുമയുണ്ട്. സംഭവ്യം.
കഥയോ.സംഭവമോ.?

 
At 9:55 am, November 03, 2008, Blogger Kaithamullu said...

‘മോളെ ദാ അച്ഛനൊരു ഉമ്മ കൊടുത്തേ !‘
ഉം..മ്മാ!
--

കുട്ടിയുടെ അച്ഛന്‍?
“അവര്‍ അവര്‍ പുറത്തെവിടെയോ ആയിരുന്നത്രെ“- അപ്പൊ ആളുണ്ട്, അല്ലേ?
---

അല്ല, ബാബു, ആരാ?
(ചെവിയില്‍ പറഞ്ഞാ മതി!)

 
At 3:43 pm, November 03, 2008, Blogger ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...

This comment has been removed by the author.

 
At 3:59 pm, November 03, 2008, Blogger മുസാഫിര്‍ said...

പ്രയാസി : നന്ദി.ചുമ്മാ,നിഷ്കളങ്കനായത് കൊണ്ടാണ്.
ഗോപക് : :-) അത്രയ്ക്ക് വേണോ ?
കുട്ടിച്ചാത്തന്‍ : രേണു മുറിയില്‍ പോയി ,കൂട്ടുകാരി പറഞ്ഞു കാണുമായിരിക്കും.
മുന്നൂറാന്‍: നിര്‍ദ്ദേശത്തിനു നന്ദി,ഇനിയും ശ്രമിക്കാം.
ശ്രീ : ജീവിതത്തില്‍ നിന്നല്ലെ കഥകള്‍ ഉണ്ടാവുന്നത്.

 
At 6:07 pm, November 03, 2008, Blogger മാണിക്യം said...

ഇതു വെറും ഭാവനയല്ല.
എന്തോ വീണുകിട്ടി , പക്ഷേ ആ ആഖ്യായനം
ഇത്തിരി കൂടി കട്ടി കൂട്ടാമായിരുന്നു,ചിലായിടത്ത് കഥ ചോര്‍ന്നു പൊയി .. എന്നാലും തീം നന്നായി. വേറിട്ട് നില്‍ക്കുന്നുണ്ട്.കൊള്ളാം .

 
At 6:09 pm, November 03, 2008, Blogger രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കഥ നന്നായിരിക്കുന്നു.
നീട്ടിവലിച്ചാല്‍ സീരിയലുകാര്‍ കൊണ്ടുപോകും.

 
At 8:16 am, November 04, 2008, Blogger ചന്ദ്രകാന്തം said...

മഞ്ഞുകാലം....ജാതിപ്പൂമണമുള്ള കാറ്റ്‌.....
കുളിര്‍മയുള്ള പ്രഭാതം..!!!
.........
കഥയ്ക്ക്‌ പുതുമയുണ്ട്‌.
ഇനീപ്പൊ കഥയല്ലെങ്കിലും... ചിലതൊക്കെ പുതുമ തന്നെ.

 
At 2:30 pm, November 04, 2008, Blogger തറവാടി said...

പോസ്റ്റ് ഇഷ്ടായി :)

 
At 4:46 pm, November 04, 2008, Blogger സണ്ണിക്കുട്ടന്‍ /Sunnikuttan said...

വ്യത്യസ്ഥമായിട്ടുള്ള അവതരണമണല്ലോ? കൊള്ളാം. ഗോപക് പറഞ്ഞ പോലെ സിനിമയാക്കണോ?

 
At 6:08 pm, November 04, 2008, Blogger കരീം മാഷ്‌ said...

രേണുവിന്റെ മുഖത്ത് വിരിഞ്ഞു വരുന്ന കുസൃതിച്ചിരി കണ്ട് കരയണോ,ചിരിക്കണോ എന്നാലോചിച്ച് പോയി അയാള്‍.

ഞാനും(എനിക്കും)
മുസാഫര്.
കഥ നന്നായി

 
At 8:59 pm, November 04, 2008, Blogger ശ്രുതസോമ said...

കഥയ്ക്ക് പുതുമയുണ്ട് എന്ന് ചിലരൊക്കെ പരഞ്ഞു കണ്ടു.
കഥയ്ക്ക് പുതുമയില്ല മുസാഫിർ-
ക്ഷമിക്കണം,പറയുന്നതിൽ ഖേദമില്ലല്ലോ?
കഥയ്ക്ക് പുതുമയല്ല,നല്ല ആഖ്യാന ശൈലി കഥാകാരനുള്ളതു കാരണം വായനക്കാർ ബോറടിക്കുന്നില്ല എന്നതാണു സത്യം.
അവതരണവും നന്നായി!

 
At 7:30 pm, November 05, 2008, Blogger Jayasree Lakshmy Kumar said...

കഥയുടെ അവസാനം രേണുവിനു കുസൃതിച്ചിരി ആയിരുന്നെങ്കിലും എനിക്കു കരച്ചിൽ വന്നതെന്തിനാണോ?!

ദൈവത്തിന്റെ മാലാഖക്കുഞ്ഞുങ്ങളെ ആർക്കാ വെറുക്കാനാവുക. കഥ ഇഷ്ടമായി

 
At 12:49 pm, November 06, 2008, Blogger സുല്‍ |Sul said...

നല്ല കഥ. അവതരണവും നന്നായിട്ടുണ്ട്.

ഇതു നല്ല കഥ. ഇതിന്റെ അവസാനം എന്താ ഇങ്ങനെ?

-സുല്‍

 
At 1:54 pm, November 06, 2008, Blogger മുസാഫിര്‍ said...

വേണുജി.നന്ദി കഥാ സംഭവം എന്നുപറയാം.
കൈതചേട്ടാ.പൂ‍ച്ച ചാക്കില്‍ തന്നെ കിടന്നോട്ടേന്നേയ്.
മാണിക്യം.വിമര്‍ശങ്ങള്‍ റൈറ്റ് സ്പിരിറ്റില്‍ തന്നെ എടുക്കുന്നു,ഇനി ശ്രദ്ധിക്കാം.
രാമചന്ദ്രന്‍.സീരിയലിന്റെ കൂമ്പടഞ്ഞില്ലെ?,റിയാലിറ്റി ഷോ ആണെങ്കില്‍ നോക്കാം :)

 
At 3:56 pm, November 06, 2008, Blogger poor-me/പാവം-ഞാന്‍ said...

Family quarrel in somany houses guarenteed by musafir.
kahaani khar -kharki hojaayenge within 10 years!
Regards Poor-me
www.manjalyneeyam.blogspot.com

 
At 4:08 pm, November 11, 2008, Blogger ഏറനാടന്‍ said...

സില്‍മാ എഴുത്തുകാര്‍ ഇക്കഥ കാണേണ്ട. അടിച്ചുമാറ്റും. തിരശ്ശീലയില്‍ വരുമ്പോഴേ എഴുത്തുകാരന്‍ പോലും തിരിച്ചറിയൂ. ഏതായാലും നല്ല ഇതിവൃത്തം ഇഷ്‌ടപ്പെട്ടുട്ടോ.

 
At 4:57 pm, November 11, 2008, Blogger Sureshkumar Punjhayil said...

Really nice one. Best wishes...!!!

 
At 8:16 pm, November 12, 2008, Blogger ഗീത said...

കഥ കൊള്ളാം കേട്ടൊ.

 
At 2:55 pm, November 13, 2008, Blogger മഴത്തുള്ളി said...

രാമചന്ദ്രനു തന്റെ മകളെ കണ്ടുപിടിക്കാന്‍ സാധിച്ചു എന്ന സന്തോഷത്തിനു പകരം ഭാര്യയോടുള്ള സ്നേഹവും കുറ്റബോധവുമാണ് ഈ കഥയില്‍ മുന്നിട്ടു നില്‍ക്കുന്നത്. പലരും പറഞ്ഞതുപോലെ നല്ലൊരു ഇതിവൃത്തം. ഇപ്പോ സിനിമാക്കാരിത് അടിച്ചുമാറ്റി കാണും ;)

 
At 7:29 am, November 18, 2008, Blogger ഖാന്‍പോത്തന്‍കോട്‌ said...

:)

 
At 7:34 pm, November 23, 2008, Blogger yousufpa said...

അവസാന ഭാഗം മനസ്സിനെ വല്ലണ്ടൊന്നിളക്കി.
തികച്ചും വ്യത്യാസമുള്ളൊരു പ്രമേയം .
നന്നായി ഭാവുകങ്ങള്‍ ....

 
At 9:15 am, November 29, 2008, Blogger ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

katha vaayicchu.

thanks for the comment in my post 'ആറാമത്തെ കാവല്‍ക്കാരന്‍'

മുസാഫിര്‍ said...

അതേതാ ആറാം ഇന്ദ്രിയം ?

ആറാം ഇന്ദ്രിയം എന്നു നമ്മള്‍ പറയും
പ്രജ്ഞ, പ്രതീക്ഷ , പ്രത്യാശ.... എന്തുമാവാം


sorry mailid kittaanjathukondanu maripati ingane vendivannath.

jyothi

 
At 12:06 pm, November 30, 2008, Blogger സ്നേഹതീരം said...

നല്ല ഒഴുക്കുള്ള കഥ പറച്ചിൽ. എനിക്കും വളരെ ഇഷ്ടമായി.

 
At 7:20 pm, December 11, 2008, Blogger ഗൗരിനാഥന്‍ said...

കഥ മുന്‍പെ കേട്ടത് തന്നെ, പക്ഷെ അതു പറഞ്ഞ സ്റ്റൈല്‍ സുന്ദരമായതു കൊണ്ട് മനസ്സില്‍ തട്ടി...

 
At 3:35 pm, December 27, 2008, Blogger Unknown said...

നല്ല കഥ..:)

 
At 1:55 pm, January 25, 2009, Blogger ശ്രീക്കുട്ടന്‍ | Sreekuttan said...

രാമചന്ദ്രന്‍ ഇത്രയ്ക്ക് ഭയപ്പെടുന്നത് എന്തിനാണ്? കുറ്റബോധം തോന്നേണ്ട കാര്യമുണ്ടോ?..അറിയില്ല..
നല്ല കഥയാണ്.. പുതുമയുണ്ട്..

 
At 5:43 pm, January 25, 2009, Blogger പാര്‍ത്ഥന്‍ said...

വായനാസുഖം ഉണ്ടായിരുന്നു. പുതിയ രീതിയായാലും പഴയ രീതിയായാലും അതാണ് കഥാകാരന്റെ വിജയം.
രേണു അറിയാൻ ഇടയായ സാഹചര്യങ്ങൾ എവിടെയെങ്കിലും ഒന്നു സൂചിപ്പിച്ചിരുന്നെങ്കിൽ അവസാന വരികൾക്ക് കുറച്ചുകൂടി ഭംഗിയുണ്ടാകുമായിരുന്നു.
കൊടുക്കുന്നവൻ അറിയാതിരിക്കുന്നപോലെ കിട്ടുന്നവനും അറിയില്ലല്ലോ. വിത്ത് ഒന്നല്ല എന്ന ഒരു പേടി ഉണ്ടാവുന്നതും നല്ലതാണ്. എല്ലാവരും കൂടി ഒരു സ്കൂളിൽ എത്തിപ്പെട്ടാലത്തെ അവസ്ഥ.

 
At 8:31 am, January 29, 2009, Blogger മുസാഫിര്‍ said...

പാവം ഞാന്‍: അങ്ങിനെ ആവാതിരിക്കട്ടെ !
സുരേഷ്,ഗീതാഗീതികള്‍,ഏറനാടന്‍,മഴത്തുള്ളി,ഖാന്‍,അത്കന്‍,ഷിഹാബ്,ജ്യോതി,ഗൌരിനാഥന്‍,മുരളിക:നന്ദി.
ശ്രീകുട്ടന്‍.രാമചന്ദ്രന്‍ അനാവശ്യ കാര്യങ്ങക്കും ബേചാറാവുമെന്നെ .
പാര്‍ത്ഥന്‍.രേണുവിന്റെ സുഹൃത്താണെന്ന് സൂചിപ്പിച്ചിരുന്നു :)

 

Post a Comment

<< Home