05 June, 2008

തിരികെ വരാത്ത വണ്ടികള്‍



ട്രെയിനില്‍ ‍ കയറി സേതു പരിചയമുള്ള മുഖങ്ങള്‍ക്കായി ചുറ്റും ഒന്നു പരതി . തീര്‍ത്ഥ യാത്ര കഴിഞ്ഞു മടങ്ങുന്ന പോല ഒരു വൃദ്ധദമ്പതികള്‍ . പിന്നെ എതിര്‍ വശത്തുള്ള ജനല്‍ സീറ്റില്‍ ആര്‍മി യൂണിഫോമില്‍ ഒരാളും കൂടെ സിവിയില്‍$ ഒരു പയ്യനും .

ട്രെയിന്‍ പതുക്കെ സ്പീഡിലായിത്തുടങ്ങി. മദ്രാസ് സെന്‍‌ട്രലിലെ പതിവു കാഴ്ചകള്‍‍ വിട്ടു അത് താളലയത്തോടെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ ഓടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ വീണ്ടും ചുറ്റും നോക്കി.വൃദ്ധ ദമ്പതികള്‍ ഭക്ഷ്ണം കഴിച്ച് ഉറങ്ങാനുള്ള ഭാവത്തിലാണു,ആര്‍മിക്കാരന്റെ ഒലീവ് ഇലകളുടെ നിറത്തില് കാമുഫ്ലാഷ് ചെയ്ത യൂനിഫോമിന്റെ തോളില്‍ ഇന്‍ഫന്‍‌ട്രി എന്നെഴുതിയിരിക്കുന്നു.എവിടെയൊ ഒരു ഫീല്‍ഡ് പോസ്റ്റിങ്ങ് കഴിഞ്ഞു നാട്ടിലേക്കു പോകുകയാണെന്ന് തോന്നുന്നു.മുഖത്തെ വലിയ മീശയും പരുക്കന്‍‌ ഭാവവും അയാളുടെ മനസ്സില്‍ ഉണ്ടെന്നു സേതു കരുതിയ സന്തോഷം മറച്ചു വെച്ചു.പട്ടാളക്കാരന്‍ സേതുവിനെ മറികടന്നു ബാത്ത് റൂമിലേക്ക് പോകുമ്പോള്‍ കാലില്‍ തട്ടി .ക്ഷമാപണ മുഖഭാവത്തോടെ ഒന്നു നോക്കി അയാള്‍ പോയി.

ട്രെയിന്‍ യാത്രകളില്‍ സേതു സാധാരണ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കാറില്ല. ദൂരയാത്ര ആയിരുന്നാല്‍‍ പോലും കഴിയുന്നതും ഔപചാരികമായ പരിചയപ്പെടല്‍ മാത്രമായി ഒതുക്കുകയാണു പതിവു.ഈ സ്നേഹബന്ധങ്ങള്‍ മിക്കപ്പോഴും വണ്ടിയിറങ്ങി പ്ലാറ്റ്ഫോം കടക്കുന്നതിനു മുന്‍പ് കൊഴിഞ്ഞുപോകുന്നത് കണ്ടിട്ടുള്ള ഒരു മടുപ്പു കോണ്ടാവണം . അയാള്‍ പിന്നെ മറ്റാരെയും ശ്രദ്ധിക്കാതെ കയ്യിലുള്ള പുസ്തകം മറിച്ചു നോക്കി.
തിരിച്ചു വന്നപ്പോള്‍ സേതുവിന്റെ മുഖത്ത് ഒന്നു സൂക്ഷിച്ച് നോക്കി ആര്‍മിക്കാരന്‍ പറഞ്ഞു.

എവിടെയോ കണ്ടിട്ടുള്ള പോലെ ?
എവിടെ നിന്നാണ് വരുന്നത് ? സേതു ചോദിച്ചു.
കടലിന്റെ അക്കരെ നിന്നാണ് , ജാഫ്നാ ,
ഓ , ശ്രീലങ്ക ? പീസ് കീപ്പിങ്ങ് ഫോഴ്സു ആണ് അല്ലെ ? താംബരത്ത് എയര്‍ ഫോഴ്സ് സ്റ്റേഷന്‍ വഴി വന്നിട്ടുണ്ടോ ?
ഉവ്വ് , അവിടെ വെച്ചാവും.

കൂടെയുള്ള അധികം പ്രായമില്ലാത്ത ആളെ നോക്കി . സേതു ആംഗ്യത്താല്‍ ചോദിച്ചു.ആരാണ് ?.
ഒരു മിനിറ്റ് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് അയാള്‍ പോയി.

പിന്നെ ചെറിയ ഒരു പെട്ടി എടുത്ത് ശ്രദ്ധാപൂര്‍വ്വം മാറ്റി വച്ച് അതിനടുത്തുള്ള ഒരു കിറ്റില്‍ നിന്നും ഒരു ചെറിയ പ്ലാസ്റ്റിക് ഡബ്ബി തുറന്നു ഒന്ന് രണ്ടു ഗുളികകള്‍ എടുത്ത് അവനു കൊടുത്തു. കുറച്ചു സമയം കഴിഞ്ഞു അവന്‍ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് കണ്ട് സേതു മനസ്സ് വീണ്ടും ചിന്തകളിലേക്കു തന്നെ തിരിച്ചു.
............
കോര്‍ട്ട് ഓഫ് എന്‍‌ക്വയറി.
പ്രിസൈഡിങ്ങ് ഓഫീസറിന്റെ മുന്‍പില്‍ യൂണിഫോമില്‍ ,പക്ഷെ ബെല്‍റ്റും തൊപ്പിയുമില്ലാതെ, അര്‍ദ്ധ നഗ്നനായ പോലെയുള്ള ആ നില്‍പ്പ് സേതു വീണ്ടും ഓര്‍ത്തു.

സെര്‍വീസ് നമ്പര്‍ ..സാര്‍ജന്റ് സേതു ബാലചന്ദ്രന്‍ ,ലോജിസ്റ്റിക്സ്.
-യേസ് സര്‍.
ഇതില്‍ പറയുന്ന താങ്കളുടെ പേരിലുള്ള ചാര്‍ജ് ; ബാംഗളൂരില്‍ നിന്നും താംബരം വഴി കൊളമ്പോയിലേക്കു പോകുന്ന 2275 - ഏ എന്‍ 32 - ട്രാന്‍പോര്‍ട്ട് ഫ്ലൈറ്റ് , അറിയപ്പെടുന്ന കാരണങ്ങള്‍ ഒന്നും ഇല്ലാതെ 1988 മെയ് ... തിയതി 1655 മുതല്‍ 1755 വരെ ‍ താംബരത്ത് താമസിപ്പിച്ചതിന് ഉത്തരവാദി , സ്റ്റേഷന്‍ ലോജിസ്റ്റിക്സിനെ പ്രതിനിധീകരിച്ചിരുന്ന സേതുവാണെന്നു സമ്മതിക്കുന്നോ ?.........യെസ് സാര്‍.
നമ്മുടെ സേന അവിടെ ജീവന്മരണ പോരാട്ടത്തിലാണെന്നും അവര്‍ക്ക് നിലനില്‍പ്പിന് അത്യാവശ്യമായ സാധങ്ങളാണ് എയര്‍ ഫ്രൈറ്റ് ആയി അയക്കുന്നതെന്നും അറിയില്ലെ ?
അറിയാം സര്‍.
ഇനി എന്തെങ്കിലും പറയാനോ ആരെങ്കിലും സാക്ഷികളെ ഹാജരാക്കാനോ ഉണ്ടോ ?
ഇല്ല.
ഓക്കെ ,ഒരു നിമിഷം പുറത്ത് നില്‍ക്കു.
പിന്നെ ശിക്ഷ.
S.R ഇന്‍ റെഡ്.#

പതിനാല് വര്‍ഷത്തെ സര്‍വീസില്‍ അധികവും നല്ലതു മാത്രം കുറീച്ചിട്ടുള്ള സേതുവിന്റെ ഡോക്യുമെന്റില്‍ ആദ്യമായി ചുവന്ന മഷി വീണു.ഭാര്യക്ക് പെട്ടെന്ന് അസുഖം വന്ന ഒരു കൂട്ടുകാരനെ സഹായിക്കാന്‍ ആയിരുന്നു ഡ്യൂട്ടി സമയത്ത് പുറത്ത് പോയത്.അതുകൊണ്ട് ഒരു ജീവന്‍ രക്ഷിക്കാനായി എന്നത് സത്യം. സേതു തൊണ്ടയില്‍ കുടുങ്ങിയ കൈപ്പുനീര്‍ പതുക്കെ ഇറക്കി ഒന്നും പറയാതെ ഒന്നു അറ്റന്‍ഷനായി നിന്നു * . പിന്നെ പതുക്കെ തിരിച്ച് പോന്നു.അതിനു ശേഷം രണ്ടാഴ്ച ലീവിനു അപേക്ഷിച്ചു.
.........

ട്രയിന്‍ യാത്രയില്‍ ഓടിയൊളിക്കുന്ന ഉറക്കത്തിനെ പിടിച്ചു നിര്‍ത്താന്‍ വാട്ടര്‍ ബോട്ടിലില്‍ നിറച്ചു വച്ചിരിക്കുന്ന കോളയും റമ്മും കലര്‍ന്ന മിശ്രിതം ഒരിറക്ക് അകത്താക്കി . ഉണങ്ങി നില്‍ക്കുന്ന മരത്തിന്റെ ഉള്ളില്‍ പിടിച്ച തീ പോലെ അതു സേതുവിന്റെ ശരീരത്തില്‍ ശാഖോപശാഖകളായ് വന്നു നീറി.

അപ്പോഴേക്കും ആര്‍മിക്കാരന്‍ യൂണിഫോമൊക്കെ മാറ്റി ഉറക്കത്തിനു തയ്യാറായി വന്നു.അയാളുടെ നേരെ സേതു അതു നീട്ടി.
അതു മണത്തു നോക്കി പിന്നെ ഒരിറക്കു കഴിച്ചിട്ടു പയ്യന്റെ മുഖത്തേക്കു നോക്കി.‍പിന്നെ മന്ത്രിക്കുന്നപോലെ പറഞ്ഞു.
അതു ഒരു വല്ലാത്ത കേസാ സാറെ .

-മഹുവയില്‍ നിന്നും ട്രെയ്നിങ്ങ് കഴിഞ്ഞു നേരെ ജാഫ്നയിലേക്കാ അവന്‍‌ വന്നത്.അപ്പോഴേക്കും പുലികളെ രക്ഷിക്കാന്‍ പോയ നമ്മുടെ ആള്‍ക്കാര്‍ അവരുടെ ശത്രുക്കളായിക്കഴീഞ്ഞു.ഹൊ സമ്മതിക്കണം . എന്ത് ഓതിക്കൊടുത്താ വിടുന്നതെന്നു അറിയില്ല.ചാവാന്‍ അവറ്റകള്‍ക്കു ഒരു പേടിയുമില്ല.

സേതുവും കേട്ടിരുന്നു.മതമെന്ന ലഹരിയുടെ സ്വധീനം ഇല്ലാതെ പുലി ചാവേറുകളെ സൃഷ്ടിക്കുന്ന തലവന്റെ സാമര്‍ത്ഥ്യം.മരിക്കുന്നതിന്റെ തലേ ദിവസം നേതാവിന്റെ കൂടെയുള്ള അവസാനത്തെ അത്താഴം മാത്രം പ്രതിഫലം.

- ഞങ്ങളുടെ ക്യാമ്പിന്റെ അടുത്ത് ഒരു തമിഴ് കുടുംബം ഉണ്ടായിരുന്നു.അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ പിന്നെയും തുടര്‍ന്നു.
ഇവന്‍ ഇടക്ക് അവിടെ പോകാറുണ്ടായിരുന്നത്രെ.
പത്ത് പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടിയും അതിന്റെ അമ്മയും മാത്രമെ അവിടെയുണ്ടായിരുന്നുള്ളു.
-ഒരു മുറിഞ്ഞുപോയ പ്രണയത്തിന്റെ കഥ കേള്‍ക്കാന്‍ ഉള്ള മനസ്സാന്നിദ്ധ്യം ഇല്ലാതെ സേതു ചോദിച്ചു.

അവര്‍ സ്നേഹത്തിലായിരുന്നു അല്ലെ ?
അതെ , പക്ഷെ അതു അവന്റെ ചെറുപ്പത്തിലെ മരിച്ചു പോയ അനിയത്തിയോടുള്ള പോലാന്നാ അവന്‍ അവളെ കാണാതായതിന് ശേഷം പറഞ്ഞേ.

കാണാതായോ ? എങ്ങിനെ ?
അയാള്‍ ഒന്നു നിര്‍ത്തി എന്നിട്ട് സേതുവിന്റെ കയ്യില്‍ നിന്നും വീണ്ടും വാട്ടര്‍ ബോ‍ട്ടില്‍ വാങ്ങി ഒന്നു രണ്ടിറക്കു കുടിച്ചു.പിന്നെ പതുക്കെ പറഞ്ഞു.

നമ്മുടെ ആള്‍ക്കാര്‍ പീടിച്ചു കൊണ്ട് പോയതാ . ഇന്റെറോഗേഷന്, തമിഴ് പുലികളെ സഹായിക്കുന്നെന്ന സംശയത്തിന്റെ പേരില്‍.
എന്നിട്ട് ?

ഒരാഴ്ച കഴിഞ്ഞപ്പോള്‍ തിരിച്ചു വന്നുവെന്ന് ആരോ പറഞ്ഞു.വേച്ച് വേച്ച്.നടക്കാന്‍ ത്രാണിയില്ലാതെ.

അയാളുടെ മുഖം ഓര്‍മ്മകളുടെ ഉഷ്ണത്തില്‍ വലിഞ്ഞു മുറുകുന്നത് ട്രെയിനിലെ നീല വെളീച്ചത്തില്‍ സേതു കണ്ടു.
- അവിടെ മൊട്ടു സൂചിയും ഈര്‍ക്കിലിയും അല്ല സര്‍.ബയണറ്റിന്റെ കടകൊണ്ട് അടിവയറ്റിലും പിന്നെ...

മുഴുവന്‍ പറയേണണ്ട എന്നു സേതു കൈ കാണിച്ചു.

തീവണ്ടി അപ്പോള്‍ ഭയാനകമായ വേഗത്തില്‍ ആണ് പായുന്നതെന്നു തോന്നി.പുറത്തും നിന്നും അയാളുടെ മുഖത്ത് വീശുന്ന വെളിച്ചവും നിഴലും ഇടകലര്‍ന്ന് അയാളുടെ പരുക്കന്‍ മുഖത്തിന് അസുര ഭാവം പകര്‍ന്നു.

- അവന്‍ അന്ന് അവിടെ സെല്ലിന്റെ അടുത്ത് സെന്റ്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നുവത്രെ.
എല്ലാം കണ്ടിട്ടും ഒന്നും ചെയ്യാന്‍ പറ്റാതെ.
ആ തള്ള പിന്നെ എവിടെയോ പോയീ‍ന്നോ , കിണറ്റില്‍ ചാടീന്നോ പറഞ്ഞു.
അവളോ ?

അവളെ പിന്നെ ആരും കണ്ടിട്ടില്ല.ഒന്നില്ലെങ്കില്‍ കാട്ടില്‍ പോയി തമിഴ് പുലികളുടെ കൂട്ടത്തില്‍ ചേര്‍ന്നു കാണും അല്ലെങ്കില്‍ ഏതെങ്കില്‍ കരിമ്പിന്‍ തോട്ടത്തില്‍ കാക്കയും കഴുകനും കൊത്തി..

അങ്ങിനെയാ ഇവന് കുറെശ്ശെ തുടങ്ങിയത്.ഒരു മാസം മദ്രാസില്‍ മിലിട്ടറി ഹോസ്പിറ്റലലില്‍ മെന്റല്‍ വാര്‍ഡില്‍ ആയിരുന്നു.ഞാന്‍ ഇപ്പോള്‍ എസ്കോര്‍ട്ട് പോവ്വാണ്, വീട്ടില്‍ കൊണ്ടാക്കാന്‍. പിന്നെ ബര്‍ത്തില്‍ ഇരിക്കുന്ന ചെറിയ പെട്ടി ചൂണ്ടിക്കാട്ടി.

- പിന്നെ ഇതും.കൂടെ ജോലിയെടുത്തിരുന്ന ആളുടേതാ . മൈന്‍ പൊട്ടിയതാണ്. പെറുക്കിയെടുത്ത് ബാക്കിയുള്ളതെല്ലാം കൂട്ടി കത്തിച്ചു.വീട്ട്‌കാര്‍ക്ക് ഇതു കിട്ടിയിട്ട് വേണം അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍.

മൈന്‍ ?

അതെ , അവിടെ കപ്പയും കരിമ്പും കൃഷി ചെയ്തിരുന്ന പാടങ്ങളില്‍ ഇപ്പോള്‍ കുഴിച്ചാല്‍ കിട്ടുന്നത് കുഴിബോംബും മറ്റുമല്ലെ സാറെ.

പാടത്ത് പൂജ** നടത്തിയിരുന്ന സന്യാസിമാര്‍ ഇപ്പോള്‍ അവിടെ അലഞ്ഞു തിരിയുന്ന ആത്മാക്കളെ എവിടെ കുടിയിരുത്തുമെന്നറിയാതെ കുഴങ്ങുകയാവും.അത്രയുമുണ്ടേ ദുര്‍മ്മരണങ്ങള്‍.

പട്ടാളക്കാരന്റെ മുഖം ഇപ്പോള്‍ നിര്‍വ്വികാരമായിരുന്നു.യുദ്ധം അതിന്റെ വലിയ വായിലൂടെ സാധാരണക്കാരായ മനുഷ്യരെ ഉള്ളീല്‍ എടുത്ത് അവരെ വികാരരഹിതങ്ങളായ ജീവികളാക്കി പുറത്ത് വിടുന്ന ഭീമാകാരനായ ഒരു യന്ത്രമാണെന്ന് തോന്നി.

സേതു ഒന്നും പറയാതെ പതുക്കെ സീറ്റിന്റെ ഒരു വശത്തേക്ക് തല ചായ്ച്ചു.

ശവവാഹങ്ങളായിരുന്ന പ്ലൈറ്റുകളില്‍ വന്ന കയ്യും കാലും ചിലപ്പോള്‍ തലയുമറ്റ് കിടന്ന മാംസക്കഷണങ്ങള്‍ കണ്ടിട്ടും പിന്നെയും പിടിച്ചു നിന്നത് , രാത്രിയും പകലുമില്ലാതെ ഓടി വന്നു മലകളുടെ അപ്പുറത്ത് നിന്നും ചിറകു താഴ്ത്തി വരുന്ന കൂറ്റന്‍ പക്ഷി നിലം തൊടുമ്പോഴെക്കും പട്ടാളക്കാര്‍ക്കു കൊടുത്തയക്കാന്‍ മരുന്നും അത്യാവശ്യ സാധങ്ങളുമായി കാത്ത് നിന്നത് ,എന്തിനായിരുന്നു എല്ലാം എന്നു മനസ്സിലാവാത്ത പോലെ പരസ്പര ബന്ധമില്ലാത്ത സംഭവങ്ങള്‍ പലതും തലയില്‍ കിടന്നു കറങ്ങി. അക്ഷരം അറിയാത്ത കുട്ടിക്ക് കിട്ടിയ പുസ്തകം പോലെ തോന്നി ജീവിതം അയാള്‍ക്ക്. എവിടെയൊക്കെയോ ഒളീഞ്ഞു കിടക്കുന്ന സൂത്രവാക്യങ്ങള്‍ , പിന്നെ കുറെ രേഖാ ചിത്രങ്ങള്‍.

പിന്നെ ഓര്‍മ്മയില്‍ ഒരു മുഖം മാത്രം തെളിഞ്ഞു.വര്‍ഷങ്ങള്‍ക്കു മുന്‍പേ പോയ അച്ഛന്റെ ഓര്‍മ്മയില്‍, വെള്ള സാരി മാത്രം ഉടുക്കുന്ന ,എന്റെ മോന്‍ അച്ഛനോളം വലുതാകണം എന്നു എഴുത്തുകളില്‍ എഴുതി കണ്ണീര് കൊണ്ട് നനക്കുന്ന അമ്മ.ആ അമ്മയുടെ മടിയില്‍ തല ചായ്ച് ഒന്നു കരയാന്‍ സേതു കൊതിച്ചു .ട്രയിന്‍ അപ്പോഴേക്കും വളവുകളും തിരിവുകളും ചുരങ്ങളും പിന്നിട്ട് , സമതലത്തിലൂടെ ഒരു ഉറക്കുപാട്ടിന്റെ താള ലയത്തോടെ ഓടിത്തുടങ്ങിയിരുന്നു.

‌------------
* തൊപ്പിയില്ലാതെ സല്യൂട്ട് പാടില്ല.
# സിവിയര്‍ റിപ്രിമാന്‍ഡ്.ഒരു കടുത്ത വാണിങ്ങ്.
$ പട്ടാള ഭാഷ,സാധാരണ വേഷം,യൂണിഫോമല്ലാതെ.‌
** അഹിംസയില്‍ വിശ്വസിക്കുന്ന ബുദ്ധമതാനുയായികള്‍ പാടത്ത് കീടനാശിനികളോ വിഷമോ ഉപയോഗിക്കാറില്ലത്രെ.പകരം അവയെ അവിടെ നിന്ന് മാറ്റിക്കിട്ടാന്‍ പൂജ നടത്തുന്നു.‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

28 Comments:

At 12:28 pm, June 05, 2008, Blogger G.MANU said...

ട്രങ്കു പെട്ടി..നരച്ച കുപ്പായം ...കൈകളില്‍ എന്നെയും എന്റെ അതിരിത്തിയേയും കാത്ത തഴമ്പുകള്‍... നെഞ്ചില്‍ അസ്തമിച്ച ജീവിതം..

ആര്‍മിക്കാരനെ കണ്ടാല്‍ ഒന്നു തൊട്ടുനോക്കാറുണ്ട് ഞാന്‍... എന്നും..


നല്ല പോസ്റ്റ് മാഷേ...

 
At 12:48 pm, June 05, 2008, Blogger സാജു said...

എവിടെയൊക്കെയോ ഒളീഞ്ഞു കിടക്കുന്ന സൂത്രവാക്യങ്ങള്‍ , പിന്നെ കുറെ രേഖാ ചിത്രങ്ങള്‍...
ഒരു യുദ്ധത്തിന്റെ അവശേഷിപ്പുകള്‍ മുഴുവന്‍ ഒപ്പിയെടുത്ത നല്ല പോസ്റ്റ്.

 
At 12:48 pm, June 05, 2008, Blogger ചന്ദ്രകാന്തം said...

ജീവിതത്തിന്റെ പരുക്കന്‍ മുഖങ്ങളിലേയ്ക്ക്‌...
പാളിവീഴുന്ന വെളിച്ചത്തില്‍, ഒരു കാഴ്ച്ച നല്‍കുന്നു വരികള്‍.

 
At 1:59 pm, June 05, 2008, Blogger Kaithamullu said...

പട്ടാളക്കാരെ കണ്ടാല്‍ പേടിയായിരുന്നു എനിക്ക്, പോലീസുകാരെയെന്നത് പോലെ.

ഞങ്ങളുടെ കട (ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ അത് കല്ലംകുന്ന് സെന്റ്‌റില്‍ ആയിരുന്നു)യുടെ വടക്ക് ഭാഗത്ത് ഒരു പട്ടാളക്കാരന്‍ സംബന്ധക്കാരനുണ്ടായിരുന്നു, മാതു‌വേച്ചിയുടെ മകളുടെ. നാട്ടിലെ ഒരു സുന്ദരിക്കോതയായിരുന്നു അവരുടെ രണ്ടാമത്തെ മകള്‍ സതി. അവളെക്കൂടി അയാള്‍ രണ്ടാം ഭാര്യയാക്കിയപ്പോള്‍ പട്ടാളക്കാരെ കൊല്ലണമെന്നും കല്ലെടുത്തെറിയണമെന്നുമൊക്കെ തോന്നി.

പാവം പട്ടാളം എന്ന് ഏറ്റുപാടുകയാണിപ്പോള്‍.

ബാബു,
-എഴുതു ഇത്തരം കഥകള്‍, സംഭവങ്ങള്‍, അനുഭവങ്ങള്‍.
ഞങ്ങള്‍ക്കിഷ്ടമാകും, ഉറപ്പ്!

 
At 2:06 pm, June 05, 2008, Blogger ശ്രീ said...

യുദ്ധവും ജീവിതവും ഒരുമിച്ചു കൊണ്ടു പോകേണ്ടി വരുന്ന പട്ടാളക്കാരുടെ അവസ്ഥ നന്നായി വിവരിച്ചിരിയ്ക്കുന്നു. നല്ല പോസ്റ്റ്, മാഷേ

 
At 5:03 pm, June 05, 2008, Blogger Durga said...

good one..:)wil show my hus

 
At 6:05 pm, June 05, 2008, Blogger തറവാടി said...

vaayichchu :)

 
At 6:47 pm, June 05, 2008, Blogger ഗോപക്‌ യു ആര്‍ said...

diferent...extraordinary...

 
At 1:04 pm, June 08, 2008, Blogger വേണു venu said...

അക്ഷരം അറിയാത്ത കുട്ടിക്ക് കിട്ടിയ പുസ്തകം പോലെ തോന്നി ജീവിതം.....

നന്ദകുമാറിന്‍റെ പട്ടാളകഥകള്‍‍ വായിച്ചു് അന്തം വിട്ടിട്ടുണ്ടു്. അറിയപ്പെടാത്ത മനുഷ്യ ജീവികളെ അടുത്തറിഞ്ഞിട്ടുണ്ടു്. മുസാഫിറ് വളരെ ശക്തമായ ഒരു കഥ താങ്കള്‍‍ പട്ടാളക്കാരന്‍റെ പോക്കറ്റിലെ പേന കൊണ്ടെഴുതിയിരിക്കുന്നു.:)

 
At 4:24 pm, June 08, 2008, Blogger ബഷീർ said...

വളരെ നന്നായി..

കുറച്ച്‌ നീളം കൂടിയെങ്കിലും മുഴുവന്‍ വായിച്ചു.. ഇനിയും എഴുതൂ... പച്ച യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയായി..

ആശംസകള്‍

 
At 7:52 pm, June 08, 2008, Blogger നന്ദ said...

ആദ്യായിട്ടാണ് താങ്കളുടെ ബ്ലോഗില്‍.. ഈ പോസ്റ്റ് ഇഷ്‌ടമായി..

 
At 1:33 pm, June 10, 2008, Blogger സുല്‍ |Sul said...

നല്ല പോസ്റ്റ്.

-സുല്‍

 
At 4:46 pm, June 10, 2008, Blogger nandakumar said...

മുസാഫില്‍ നന്നായിരിക്കുന്നു. നല്ല ഭാഷയും

“ ഉണങ്ങി നില്‍ക്കുന്ന മരത്തിന്റെ ഉള്ളില്‍ പിടിച്ച തീ പോലെ അതു സേതുവിന്റെ ശരീരത്തില്‍ ശാഖോപശാഖകളായ് വന്നു നീറി“
ഈ വരികള്‍ വളരെ ഇഷ്ടമായി

യുദ്ധവും ജീവിതവും അതിനിടയിലെ മനസ്സും.!!
വായിച്ചുതീരുമ്പോള്‍ അറിയാതൊരു നെടുവീര്‍പ്പ്..

 
At 5:58 pm, June 22, 2008, Blogger ഏറനാടന്‍ said...

മുസാഫിര്‍ ഏറെക്കാലമായിട്ട് ഞാന്‍ ഇവിടെ വരുന്നതും ഫീല്‍ ചെയ്യുന്ന പട്ടാളക്കഥ വായിക്കുന്നതും.
ഇനിയും പ്രതീക്ഷിക്കുന്നു.

 
At 7:25 pm, June 22, 2008, Blogger yousufpa said...

ഓരോരുത്തര്‍ക്കും അവരുടേതായ ദു:ഖങ്ങള്‍,
കണക്കുകൂട്ടുന്ന നമുക്കേ പിഴക്കാറുള്ളു.
പട്ടാളക്കാരനും പച്ചയായ മനുഷ്യനാണ്.
നാം പലപ്പോഴും പത്രം മുഖേന അറിയാറുണ്ട്,
അവരുടെ ആത്മസംഘര്‍ഷങ്ങളെ കുറിച്ച്,
സ്വയം വെടിവെച്ച് മരിച്ചും,മറ്റ് സഹപ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടും....അങ്ങനെ എന്തൊക്കെ.....

 
At 5:24 am, June 23, 2008, Blogger പൊറാടത്ത് said...

ബാബു, നല്ല അവതരണം.

“വാട്ടര്‍ ബോട്ടിലില്‍ നിറച്ചു വച്ചിരിക്കുന്ന കോളയും റമ്മും കലര്‍ന്ന മിശ്രിതം...” പഴയ ട്രെയിന്‍ യാത്രകള്‍ പലതും ഓര്‍ത്തു...

 
At 1:53 pm, June 23, 2008, Blogger Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്ന്... നമ്മുടെ ജീവന്‍ കാക്കുന്നവരെ പറ്റി ഓര്‍ക്കുന്നതിന്‍....ഓര്‍മിപ്പിക്കുന്നതിന്‍, നന്ദി

 
At 6:09 pm, June 23, 2008, Blogger മുസാഫിര്‍ said...

മനു,നന്ദി ആദ്യത്തെ അഭിപ്രായത്തിന്.
സാജു
ചന്ദ്രകാന്തം
ശശിയേട്ടന്‍,കുറച്ച് വാചകമടി സഹിക്കാമെങ്കില്‍ ബാക്കിയൊന്നും അത്ര കുഴപ്പമില്ലെന്നെ.
ശ്രീ‍
നന്ദി.
ദുര്‍ഗ്ഗാ,അദ്ദേഹത്തെ കാണിച്ചോ ?
തറവാടി
നിഗൂഡ്ഡഭൂമി
വേണുജി.നന്ദനാരെയായിരിക്കും ഉദ്ദേശിച്ചത് അല്ലെ ?
ബഷീര്‍.നീളം മാക്സിമം കുറച്ചാണ് ഈ പരുവത്തിലെങ്കിലും ആയത് .
നന്ദ . ഇനിയും വരിക
എല്ലാവര്‍ക്കും നന്ദി

 
At 8:14 am, June 24, 2008, Blogger Shabas said...

വളരെ നന്നായിരിക്കുന്നു... ഇനിയും പ്രതീക്ഷിക്കുന്നു

 
At 2:59 pm, June 26, 2008, Blogger മുസാഫിര്‍ said...

സുല്‍
നന്ദ കുമാര്‍
ഏറനാടന്‍
അത്കന്‍
പൊറാടത്ത് (നേവിയായിരുന്നു കര്‍മ്മ മണ്ഡലം അല്ലെ ?)
കിച്ചു & ചിന്നു
ഷബീര്‍.

നന്ദി,ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും.

 
At 3:55 pm, July 02, 2008, Blogger smitha adharsh said...

ഇവിടെ വരാന്‍ വൈകിപ്പോയി..കഥക്ക് നീളം കൂടിയത് കൊണ്ടു ഇട്ടിട്ടുപോയാലോ എന്ന് വിചാരിച്ചു..പക്ഷെ,വായിച്ചു തുടങ്ങിയപ്പോള്‍ തീര്‍ന്നത് അറിഞ്ഞില്ല..നല്ല കഥ മാഷേ...ഒരുപാടു സ്പര്‍ശിച്ചു!

 
At 11:32 pm, July 20, 2008, Blogger ഗൗരിനാഥന്‍ said...

മനസ്സില്‍ അസ്വസ്ഥയുടെ ഒരു പാട് തരംഗങ്ങള്‍ അത് തന്നെയാണ് എഴുത്തിന്റെ വിജയവും...

 
At 2:37 pm, July 22, 2008, Blogger Lathika subhash said...

ആദ്യമായാണിവിടെ....
നന്നായി...
പട്ടാളക്കാരുടെ ജീവിതം...
അമ്മയുടെ മടിയില്‍ തലചായ്ച്ച്, കരയാനായ്...
മുസാഫിര്‍, നല്ല ഭാഷ.

 
At 6:03 pm, August 13, 2008, Blogger joice samuel said...

നന്നായിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

 
At 4:02 pm, August 19, 2008, Blogger poor-me/പാവം-ഞാന്‍ said...

if you are musafir I am your humsafar
www.manjaly-halwa.blogspot.com

 
At 10:45 am, October 06, 2008, Blogger മേഘമല്‍ഹാര്‍(സുധീര്‍) said...

നല്ല പോസ്റ്റ് .ഇനിയും എഴുതൂ..

 
At 3:25 pm, October 29, 2008, Blogger joice samuel said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!

 
At 4:10 pm, November 01, 2008, Blogger മേഘമല്‍ഹാര്‍(സുധീര്‍) said...

നല്ല ഭാഷ. പട്ടാളക്കഥകൾ വായിക്കാൻ താൽപര്യമുണ്ട്‌. കുരുക്ഷേത്ര എന്ന സിനിമ മുസാഫിർ പറ്റുമെങ്കിൽ കാണണം,

 

Post a Comment

<< Home