03 January, 2008

ബസ്


ബസിനെക്കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മ ഒരു കരിവണ്ടിയുണ്ടിയുടേതാണ്. എഞ്ചിനില്‍ നിന്നും നീരാവിയും കറുത്ത പുകയും തുപ്പുന്ന , ഡോറിനു പകരം ഒരു കമ്പി വട്ടത്തില്‍ വച്ചിരിക്കുന്ന വണ്ടിയുടേത് . പക്ഷെ രണ്ടോ മൂന്നോ വയസ്സു മാത്രമുണ്ടായിരുന്ന ആ കാലത്തെ യാഥാര്‍ത്ഥ്യങ്ങളെ സ്വപ്നങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്.

പിന്നെ ശരിക്കും ഓര്‍മ്മയിലുള്ളത് സെന്റ് എന്നു പേരുള്ള ഒരു ചുവന്ന ബസാണ് . ചാല‍ക്കുടി നിന്ന് മതിലകം വരെ പോയി ആളുകളെ ഇറക്കി തിരിച്ചു വരും.മതിലകം എത്തിയാല്‍ പിന്നെ കടത്തു കടന്നു വേണം അക്കരെ പോകാന്‍. അച്ഛന്‍ ലീവില്‍ വരുമ്പോള്‍ കൊണ്ടുവരാറുള്ള കോള്‍‍ഗേറ്റിന്റെ ഹെയര്‍ ഓയിലിനും ചുവന്ന നിറമായിരുന്നു.ഞങ്ങള്‍ കുട്ടീകള്‍ അതിനെയും സെന്റ് എന്നാണ് വിളിച്ചിരുന്നത്.ചുവപ്പ് നിറമുള്ളത് കൊണ്ടാവും ഈ ബസ്സിനും ആ പേരു വന്നതെന്ന് വിവരം വയ്ക്കുന്ന വരേയുംവിചാരിച്ചിരുന്നു.(ഈ പ്രക്രിയ ഇപ്പോഴും മുഴുവനായിട്ടില്ല)പിന്നെയാണ് അത് സെന്റ് ജോര്‍ജ്ജാണെന്ന് അറിഞ്ഞത്.

നാട്ടുകാര്‍ ആഘോഷമായി വരവേറ്റത് സീ ഓ ക്കേ എന്നു മുന്നിലും പുറകിലും ഉള്ള നെറ്റി ഫലകത്തില്‍ എഴുതി വച്ച ബസ്സിന്റെ വരവിനേയായിരുന്നു.അശോക് ലൈലാന്‍ഡിന്റെ വലിയ സ്റ്റിയറിംഗ് മൊത്തം വട്ടത്തില്‍ പിടിച്ച് തിരിക്കുന്ന ഡ്റൈവറുടെ പവ്വറ് പിന്നീട് കണ്ടു മുട്ടിയിട്ടുള്ള ഫൈറ്റര്‍ പൈലറ്റുമാര്‍ക്കു പോലും ഉണ്ടെന്നു തോന്നിയിട്ടില്ല.

സീ ഓ കേ യുടെ പുറകു വശത്ത് ചില്ലിനു താഴെയായി ഇത്രയും കൂടി എഴുതി വച്ചിരുന്നു.


സീ ഓ കൊച്ചപ്പന്‍
‍വാഴയില കച്ചവടം
എം ഓ റോഡ് ,
തൃശ്ശൂര്‍ - 1

മാള നിന്നും ഇരിഞ്ഞാലക്കുട വഴി തൃശ്ശൂര്‍ക്ക്.ഇതായിരുന്നു റൂട്ട്.ആദ്യമായി തൃശ്ശൂര്‍ക്ക് നേരെ ഒരു ബസ്സ് വന്നത് നാട്ടുകാര്‍ ശരിക്കും ആഘോഷിച്ചു.

തെങ്ങില്‍ നിന്നും വീണ് കാലു രണ്ടും ഒടിഞ്ഞ ചേന്ദേട്ടന്‍ പോലും ചുമ്മാ സീ ഓ ക്കെയില്‍ കയറി ഇരിഞ്ഞാലക്കുട ചന്തയില്‍ പോയി തിരിച്ചു വന്നപ്പോള്‍ ആരോ ചോദിച്ചു

ചേന്ദന്‍ എവിടെ പോയിട്ട് വര്വാ ?
“ നിങ്ങക്ക് കണ്ണില്ലേ ? സീ ഓ ക്കേ ത്രിശ്ശുര്ന്നല്ലേ വര്ണത് ? അപ്പോ ഞാനും ത്രിശ്ശൂര്ന്നാ ! “

വലുതായി എയര്‍ഫോഴ്സില്‍ ചേര്‍ന്നപ്പോള്‍ ഡ്രൈവര്‍മാരോടുള്ള വീരാ‍രാധന പോയി.പക്ഷെ വീടിന്റെ തൊട്ടടുത്ത് കിടക്കുന്ന ബസ്സ്റ്റോപ്പിനെ മനസ്സുകൊണ്ട് ഉപേക്ഷിക്കാന്‍ പറ്റിയിയില്ല. രണ്ട് മാസം നീളുന്ന വാര്‍ഷിക ലീവുകള്‍ പ്രേമം മുളക്കാനു ഒന്നു രണ്ട് ഇല വിരിയിക്കാനും ഉള്ള കാലയള‍വേ സദയം അനുവദിച്ചു തന്നിരുന്നുള്ളു.സീരിയസ്സായി എടുത്ത ഒന്ന് നടന്നു കൊണ്ടിരിക്കുമ്പൊള്‍ ഒരിക്കല്‍ അവളുടെ പുറകെ പോയി.ഇരിഞ്ഞാലക്കുട ടാണാവില്‍ ബസ്സിറങ്ങി ലിറ്റില്‍ ഫ്ലവര്‍ കോണ്‍‌വെന്‍റ്റ് വരെ.അതിലെ പോയ ശ്രീ‍കൃഷ്ണയിലെ കീളി അവളേയും എന്നെയും തിരിഞ്ഞ് നോക്കിയതും അവള്‍ ധരിച്ചിരുന്ന പച്ചപ്പാവാ‍ടയുടെ അടിയില്‍ ചവിട്ടി അടീവശം മുഴുവന്‍ കീറിയതും ഒരുമിച്ചായിരുന്നു.

അന്നു വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ചേട്ടന്‍ ചോദിച്ചു.

“ഡാ നിനക്ക് അവള് തരണ എഴുത്ത് വായിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലെ ?“

ഇതെന്തു ചോദ്യം എന്ന മട്ടില്‍ ഞാന്‍ മറുപടിക്കു വേണ്ടി മാനത്ത് തപ്പുമ്പോള്‍ വന്നു ഉത്തരവും.

“അല്ല ഇണ്ടെങ്കില്‍ പറഞ്ഞാ മതി , നമ്മടെ ശ്രീകൃഷ്ണയീലെ ഉണ്ണീടെ കയ്യില്‍ ഇതിന്റെ കോപ്പി കാണും , ഞാന്‍ വാങ്ങിച്ച് തരാം.“

അവള്‍ സ്ഥിരമായി കോണ്വെന്റില്‍ പോകുന്ന ബസ്സാണ് ശ്രീകൃഷ്ണ,ഉണ്ണി അതിലെ കിളിയും . അന്തം വിട്ടു നില്‍ക്കുന്ന എന്നെ നോക്കി ചേട്ടന്‍ പീന്നെയും മൊഴിഞ്ഞു.
“ ഡാ അവള്‍ ഒരേ സമയം നിന്നെയും ഉണ്ണിയേയും പ്രേമീക്കുന്നൂന്ന്.” ഇനി വെല്ലവരുമുണ്ടെങ്കില്‍ ഞാന്‍ പിന്നെ പറയാം “.

അങ്ങിനെ പൊടിച്ചിട്ടും തളിര്‍ക്കാതെ പോയ ഒരു പ്രേമത്തിന്റെ ഓര്‍മ്മക്കായി വര്‍ഷങ്ങള്‍ക്ക് ശേഷം വീടു പണി നടത്തിയപ്പോള്‍ ഒരു സ്ലേബും രണ്ടു കാലും വച്ചു ബസ്സ്റ്റോപ്പില്‍ ഒരു ഇരിപ്പിടം പോലെയുണ്ടാക്കിക്കോടുത്തു ഞാന്‍.പ്കഷെ അതിന്റെ പ്രസക്തി അറിയാത്ത ഏതോ ദ്രോഹികള്‍ അതു തട്ടിയിട്ടു നശിപ്പിച്ചു കളഞ്ഞു.

പക്ഷെ എനിക്കു അതു മറവിയിലേക്ക് തള്ളിയിട്ട് കളയാന്‍ പറ്റുന്നില്ല.

ഈ സ്റ്റോപ്പില്‍ നിന്നു തന്നെയാണ് അച്ഛന്‍ ഫുള്‍ മിലിട്ടറി യൂണിഫോമില്‍ കറുത്ത ട്രങ്കുമായി സിം‌ലക്കുള്ള ട്രെയിന്‍ പിടിക്കാന്‍ ബസ്സു കയറിയതും അതു കണ്ടു നിന്ന അമ്മ പതിവില്ലാതെ അലമുറയിട്ടുകൊണ്ടു വീട്ടിലേക്ക് ഓടിയതും.അത് അച്ഛന്റെ അവസാനത്തെ യാത്രയാണെന്നു അമ്മ അറിഞ്ഞിരിക്കാന്‍ വഴിയില്ല , എന്നിട്ടും.

ഓര്‍മ്മകളുടെ ഋതുഭേദങ്ങളില്‍ ഇനിയും മാഞ്ഞിട്ടില്ലാത്ത ആ ദൃശ്യങ്ങള്‍ക്ക് 36 വയസ്സാകുന്നു ഈ വരുന്ന ജനുവരി 21ന്.


* ചിത്രത്തിനു കടപ്പാട് : മാതൃഭൂമി ആ‍ഴ്ച്ചപ്പതിപ്പ്.

Labels: , ,

25 Comments:

At 4:30 pm, January 03, 2008, Blogger മുസാഫിര്‍ said...

ബസിനെക്കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മ ഒരു കരിവണ്ടിയുണ്ടിയുടേതാണ്. എഞ്ചിനില്‍ നിന്നും നീരാവിയും കറുത്ത പുകയും തുപ്പുന്ന , ഡോറിനു പകരം ഒരു കമ്പി വട്ടത്തില്‍ വച്ചിരിക്കുന്ന വണ്ടിയുടേത്.....

ഒരു ഓര്‍മ്മക്കുറിപ്പ്.

 
At 5:00 pm, January 03, 2008, Blogger അലി said...

ഓര്‍മ്മയില്‍ നിറം മങ്ങാത്ത ബസും ബസ് സ്റ്റോപ്പും...
ഹൃദ്യമായ ഓര്‍മ്മക്കുറിപ്പ്.
ഭാവുകങ്ങള്‍.

 
At 5:14 pm, January 03, 2008, Blogger ചീര I Cheera said...

ആ ബസ്സിന്റെ ചിത്രം നല്ല രസമുണ്ട് കാണാന്‍..
പിന്നെ എഴുത്തും വളരെ ഇഷ്ടമായി..

 
At 5:57 pm, January 03, 2008, Blogger ഒരു “ദേശാഭിമാനി” said...

എന്റെ ചെറുപ്പത്തില്‍ കണ്ടിട്ടുള്ളാ മൂക്കു നീണ്ട ഫര്‍ഗോയും, ഫോഡുമെല്ലാം ഈ ഓര്‍മ്മകുറിപ്പു വായിച്ചപ്പോള്‍ മനസ്സില്‍ ഓടിയെത്തി!

ആശംസകള്‍!

 
At 6:50 pm, January 03, 2008, Blogger ഉപാസന || Upasana said...

മുസാഫിര്‍ ഭായ്

ഓര്‍മക്കുറിപ്പുകള്‍ ഒക്കെയും മഥിക്കനുള്‍ലതാണ് മനസ്സിനെ
ഇതും അങ്ങിനെ ചെയ്തിരിക്കുന്നു
:)
ഉപാസന

 
At 7:21 pm, January 03, 2008, Blogger പ്രയാസി said...

“സീ ഓ കൊച്ചപ്പന്‍
‍വാഴയില കച്ചവടം
എം ഓ റോഡ് ,
തൃശ്ശൂര്‍ - 1“

ആ റൈറ്റ്.. വണ്ടി പോട്ടേ..

നന്നായി..:)

 
At 8:10 pm, January 03, 2008, Blogger Sherlock said...

മുസാഫിര്‍, ഓര്‍മ്മകള്‍ രസമുണ്ട്..

ബസ്സില്‍ തുടങ്ങിയ എഴുത്ത് അവസാനിച്ചത് ബസ് സ്റ്റോപ്പിലാണല്ലോ :)

ഇപ്പോഴും അതിലൂടെ ഒരു ശ്രീകൃഷ്ണ ഓടുന്നുണ്ട്..അതു തന്നെയാണോ ഇതും? പഠിക്കുന്ന സമയത്ത് കുറെ അടികൂടിയിട്ടുള്ളതാ അവരുമായിട്ട്..

 
At 9:07 pm, January 03, 2008, Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓര്‍മകള്‍ രസകരമായിരിക്കുന്നൂ
ഇങ്ങനേയും ബസ്സുണ്ട് അല്ലെ..?
അല്ലാ ഇങ്ങനേയും എഴുതാം അല്ലെ..?
ഹഹ ആ റൈറ്റ് ക്ണിങ്ങ് ക്ണിങ്ങ്....വണ്ടിപോട്ടെയ്
നന്നായിരിക്കുന്നൂ മാഷെ :)

 
At 6:16 am, January 04, 2008, Blogger ശ്രീ said...

ഹൃദ്യമായി എഴുതിയിരിയ്ക്കുന്നു മാഷേ... ആ ബസ്സിന്റെ ചിത്രവും നന്നായി.

അച്ഛന്റെ ഓര്‍‌മ്മകള്‍‌ കണ്ണു നനയിച്ചു.

 
At 1:35 pm, January 04, 2008, Blogger വേണു venu said...

ബസ്സും ബസ്സ്റ്റോപ്പും കേരളഭാവങ്ങളിലൊന്നു തന്നെ. ഓര്‍മ്മകളേ....ബാബു ഭായീ കൈവളകള്‍‍ ഇടീക്കുന്നു..:)

 
At 4:05 pm, January 04, 2008, Blogger asdfasdf asfdasdf said...

ഓര്‍മ്മകള്‍ ഒത്തിരി തന്നു ഈ പോസ്റ്റ്. തൃശ്ശൂര്‍ - ചാവക്കാട് റൂട്ടിലെ ആദ്യവണ്ടി റോയല്‍ എന്ന ബസ്സായിരുന്നു. അത് ആദ്യമായി മറിയുന്നത് എന്റെ മുന്നില്‍ വെച്ചാണ്. എന്റെ വീടിന്റെ മുന്നില്‍ തന്നെ. പിന്നീട് ആ പേരില്‍ ആ വണ്ടിക്ക് ഓടേണ്ടി വന്നിട്ടില്ല. അതിന്റെ ഉടമസ്ഥര്‍ അത് വിറ്റു. പേരു മാറ്റി. അന്നത്തെ ഉടമസ്ഥരില്‍ ഒരാള്‍ എന്റെ അച്ഛന്‍ തന്നെയായിരുന്നു. :)

 
At 10:05 pm, January 04, 2008, Blogger ദിലീപ് വിശ്വനാഥ് said...

മുസാഫിര്‍,
ആദ്യം ഒരു ക്ഷമാപണം. നേരത്തെ കണ്ട ഈ പോസ്റ്റ് വായിക്കാതെ പോയതിന്.
കറങ്ങിത്തിരിഞ്ഞ് വീണ്ടും ഇവിടെ വന്ന് വായിച്ചപ്പോള്‍ ശരിക്കും ഇഷ്ടമായി.
വളരെ നല്ല ഒരു ഓര്‍മ്മക്കുറിപ്പ്.
ആശംസകള്‍.

 
At 8:41 am, January 05, 2008, Blogger മുസ്തഫ|musthapha said...

മുസാഫിര്‍,
ബസ്സിലൂടെ തുടങ്ങി അച്ഛനെ കണ്ട അവസാന കാഴ്ചയിലൂടെ അവസാനിപ്പിച്ച ഈ കുറിപ്പ് ശരിക്കും ടച്ചിംഗ്...!

 
At 4:11 pm, January 06, 2008, Blogger മുസാഫിര്‍ said...

അലി,നന്ദി.
പി ആര്‍ , നന്ദി
നവന്‍ :-)
ദേശഭിമാനി : മൂക്കു നീണ്ട ബസുകള്‍ (ടാടായുടേതടക്കം) ഇപ്പോള്‍ ഗള്‍ഫില്‍ കാണാം.
ഉപാസന,നന്ദി.

 
At 12:59 pm, January 07, 2008, Blogger Mubarak Merchant said...

ഓര്‍മ്മക്കുറിപ്പ് നന്നായി ബാബുവേട്ടാ. ഒരു പട്ടാളക്കഥ വായിക്കാനാ വന്നത്. അത് ഒരെണ്ണം എഴുതൂ വേഗം :)

 
At 12:52 pm, January 08, 2008, Blogger തറവാടി said...

ആദ്യബസ്സെന്നു കേള്‍ക്കുമ്പോള്‍ രണ്ടെണ്ണമാണോര്‍മ്മ വരിക , ഒന്ന് മേലഴിയത്തുനിന്നും പാലക്കാട്ടേക്ക് പോയിരുന്ന കൃഷ്ണയും പിന്നെ കുറേകാലത്തിനു ശേഷം തുടങ്ങിയ രമണിയും. പാലക്കാട്ടേക്ക് അന്നൊരു ട്രിപ്പേയുള്ളു ഏകദേശം എണ്‍പതു കിലോമീറ്റര്‍ ഉണ്ടെന്നാണ് തോന്നുന്നത്.

ടാറിടാത്ത റോടില്‍ എല്ലാകൊല്ലവും 'മെറ്റല്‍' ഇടുന്ന പതിവുണ്ട് ( കരിങ്കല്‍ വിതക്കുന്നതിനെയാണിതു പറയുന്നത്) റോടിനു വശത്തായി മെറ്റല്‍ കൂട്ടിയുട്ടിരിക്കുന്നതില്‍ നിന്നും പല കഥകളും പറയാനുണ്ട് , വലിയ കല്ലുകള്‍ ഉടച്ചുണ്ടാക്കുന്ന തമിഴന്മാരുടെ കഥകള്‍ വരെ അതില്‍ പെടും.

മുസാഫിര്‍ കുറെ ഓര്‍മ്മകള്‍ തന്നതിന് നന്ദി :)

 
At 8:26 am, January 09, 2008, Blogger മുസാഫിര്‍ said...

പ്രയാസി.നന്ദി.വണ്ടി വിടാന്‍ റൈറ്റ് എന്നും നീര്‍ത്താന്‍ പ്ലീസ് എന്നുമാണ് പറഞ്ഞിരുന്നത്.ജിഹേഷ്, ബസ് അതു തന്നെയാണോന്ന് അറിയില്ല.എന്തായാലും കുറെ കൊല്ലമായി ആ വഴിക്കു ആ പേരില്‍ ഒരെണ്ണം ഓടുന്നുണ്ട്.
സജി, നന്ദി.ക്ണിം.
ശ്രീ.ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സാന്തോഷം.

വേണു ഭായി.നന്ദി,വടക്കെ ഇന്‍ഡ്യയിലെ വള ഇടീക്കലല്ലല്ലോ ?

 
At 6:34 pm, January 13, 2008, Blogger cartoonist sudheer said...

ഒര്‍മ്മകള്‍ നന്നായി....

 
At 3:09 pm, January 17, 2008, Blogger മുസാഫിര്‍ said...

മേന്‍‌നേ. അപ്പോ കുറച്ച് നീ‍ല രക്തം പാരമ്പര്യായിട്ട് ഉണ്ട് അല്ലെ ?
വാല്‍മീകി.ഹെയ് അതൊന്നും പ്രശ്നമില്ലെന്നെ.
അഗ്രജന്‍:നന്ദി.
ഇക്കാ‍സ്.നന്ദീ.ശ്രമിക്കാം.
തറവാടി.ഓര്‍മ്മകള്‍ ഉണര്‍ന്നല്ലോ ഇനി കഥകള്‍ പോരട്ടെ.
സുധീര്‍ : നന്ദി..

 
At 7:07 am, January 20, 2008, Blogger കൊസ്രാക്കൊള്ളി said...

വളരെ മനോഹരമായിരിക്കുന്നു

 
At 12:26 pm, January 28, 2008, Blogger മുസാഫിര്‍ said...

കൊസ്രാക്കൊള്ളീ,
എന്ത് നല്ല പേര് :-).നന്ദി.

 
At 7:33 pm, February 07, 2008, Blogger Sapna Anu B.George said...

niram mangaththa bus, great words and expression

 
At 11:54 pm, February 09, 2008, Blogger കാലമാടന്‍ said...

കൊള്ളാം, സഖാവേ...
------------------------------------------------
(ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
http://kaalamaadan.blogspot.com/2007/12/blog-post_28.htm

 
At 10:00 pm, February 16, 2008, Blogger Unknown said...

നിറമങ്ങാത്ത ഓര്‍മക്കളില്‍ ജിവിക്കുന്ന ബസ്‌ മന്‍സിന്റെ വിങ്ങലുകളില്‍ വിടരുന്ന ഓര്‍മ കുടിയാണു

 
At 12:47 am, March 29, 2009, Blogger Viswaprabha said...

വൈകുന്നേരം 3.30നു തൃശ്ശൂർന്ന് പുറപ്പെടും C.O.K.
മെറൂൺ കളറിൽ നീണ്ട ലെയ്ലാൻഡ്. ഡ്രൈവറ് ഇരിക്കുന്ന ഭാഗവും കഴിഞ്ഞായിരുന്നു ടയർ. അന്നമനടയ്ക്ക് നേരിട്ടുള്ള ഒരൊറ്റ വണ്ടി.
അതിലിരുന്നാൽ 6 മണിയാവുമ്പോഴേക്കും ഇരിഞ്ഞാലക്കുട, മാള ഒക്കെ കഴിഞ്ഞ് വലിയപറമ്പിൽ എത്താം. എന്നിട്ട് പോളക്കുളം വരെ റോഡിലൂടെയും പിന്നെ പാടത്തെ എളുപ്പവഴിയിലൂടെ ഐരാണിക്കുളം അമ്പലത്തിന്റെ അവിടേക്കും. അച്ഛൻപെങ്ങളുടെ വീട്ടിലേക്കുള്ള സ്ഥിരം റൂട്ട്.
(സാക്ഷി രാജീവിന്റെ തട്ടകം).

COKയിലെ തിരക്കിന്റെയുള്ളിലൂടെ ഒരു ദിവസം കൈയിൽ പിടിച്ചുകൊണ്ടുവന്ന കടപ്ലാവിന്റെ തൈ ഇപ്പോൾ പടർന്നുപന്തലിച്ച്‌ വലിയൊരു മരമായിട്ടുണ്ടാവും.

തിരിച്ചുള്ള യാത്ര രാവിലെ 10.30നോ 11നോ അതേ ബസ്സിൽ തന്നെ.
സ്കൂൾ വിട്ട് തൃശ്ശൂർ ബസ്സ്സ്റ്റാൻഡിൽ കാത്തുനിൽക്കുമ്പോൾ C.O.K പാഞ്ഞുപോവും. അതിനോടെന്താരാധനയായിരുന്നു! ഇപ്പോഴും എവിടെയൊക്കെയോ C.O.K പാഞ്ഞുനടക്കുന്നുണ്ടാവും എന്നു് മനസ്സ് ആശ്വസിക്കുന്നു!

 

Post a Comment

<< Home