21 October, 2006

ഒരു തണുത്ത ഡിസംബര്‍ പ്രഭാതം..

വര്‍ഷങ്ങള്‍ക്കു മുന്‍പു ഒരു കൃസ്മസ്സ് തലേന്നു.കൂടെ ജോലി ചെയ്യുന്ന ദാനിയണ്ണന്റെ വീട്ടില്‍ അതിന്റെ ആഘോഷമായിരുന്നു. സ്ഥലം ദുബായി ദേരയിലുള്ള നഖീല്‍ റോട്.

വെള്ളാപ്പിള്ളിയുടെ നാട്ടുകാരനായതു കൊണ്ടാണെന്നു തൊന്നുന്നു.ദാനിയണ്ണന്റെ രൂപമെല്ലാം ഏകദേശം അതുപോലെ തന്നെ.കഷണ്ടിയും കയ്യിലെ മോതിരവും ഒഴിച്ചാല്‍.

കുടിക്കാന്‍ കുത്തും ചവിട്ടുമൊന്നുമില്ലാത്തതും എന്നാല്‍ പിന്നീടു ഇങ്ലീഷുകാരന്റെ തനി സ്വഭാവം കാണിക്കുന്നതുമായ ബ്ലേക്ക് ലേബലിന്റെ ഗാലന്‍ ബോട്ടില്‍ ആയിരുന്നു മെനുവിലെ മുഖ്യ ഇനം .

നാട്ടിലെ ഉത്സവങ്ങള്‍ക്കു വരാറുള്ള തത്ത സര്‍ക്കസ്സിന്റെ വണ്ടി പോലുള്ള വണ്ടീയില്‍ നീന്നും ചെരീച്ച് ഗ്ലാസ്സിലേക്കു പകര്‍ത്തുമ്പോള്‍ പനംകള്ളു മാട്ടത്തില്‍ നിന്നും ചെരിച്ചു കുടിക്കുന്ന ഓര്‍മ്മ തികട്ടി വന്നു. കണക്കില്‍ പണ്ടെ മോശമായിരുന്നതു കൊണ്ടു കുടിക്കുന്നതിന്റെ അളവു എല്ലാം തെറ്റി.

ഏതായാലും വണ്‍ ഫോര്‍ ദ റോടിനു മാത്രമേ സ്ഥലം ബാക്കിയുള്ളു എന്നു തോന്നിയപ്പോള്‍ ഗ്ലാസ് കമഴ്ത്തി ദാനിയണ്ണനോടും ബാക്കിയുള്ളവരോടും സലാം പറഞ്ഞു ഇറങ്ങി.

ടാക്സിക്കു പോകാനുള്ള ദൂരമില്ല.ഡിസംബരിലെ പുലര്‍‍കാല കുളിരില്‍ കാറ്റൊക്കെ കൊണ്ടു നടക്കാം എന്നു വച്ചു.

റോഡിനു വീതി കുറവായിരുന്നതു കൊണ്ടു രണ്ടുവശവും അളന്നു നടക്കാന്‍ തീരെ ബുദ്ധിമുട്ടുന്റായില്ല.

“ താല്‍ റഫീക് “

ഇതാരപ്പാ, നമുക്കു പരിചയമുള്ള അറബി, അതും ഈ നേരത്ത് ?

നോക്കിയപ്പോള്‍ വിളക്കുകാലിന്നടിയില്‍ ഒരു രൂപം.

സ്വപനാടനത്തിലെന്ന പോലെ കുറച്ചു നേരം നടന്നു അടുത്തെത്തിയപ്പോള്‍ മനസ്സിലായി
ദുബായി പോലീസിന്റെ ഒരു ഓഫീസര്‍.

മള്‍ട്ടി സ്റ്റോറി ബില്‍ഡിങ്ങിന്റെ മുകളില്‍ വച്ചിരിക്കുന്ന ഇടിവാള്‍ പിടിച്ചു എര്‍ത്താക്കുന്ന സാധനം കണ്ടിട്ടുണ്ടല്ലോ.അതിന്റെ ഒരു റിവേഴ്സ് ആക്‍ഷന്‍ എന്റെ മേല്‍ ആ സമയം നടന്നു.
ശരീരത്തില്‍ നിന്നും ഒരു വൈദ്യുതി തലയിലൂടെ ആകാശത്തേക്കു പറന്നു.കൂടെ പാതി ജീവനും.പോക്കറ്റില്‍ നിന്നും ലേബര്‍ കാര്‍ഡ് എടുക്കാന്‍‍ പോയ കൈ അയാളുടെ മുഖഭാവം കണ്ടു തനിയേ താണു.

പിറ്റെ ദിവസത്തെ മുടക്കം.ജയിലിലെ ബിരിയാണി.വീട്ടില്‍ സുഖനിദ്രയിലാണ്ട ഭാര്യയും കുഞ്ഞും . എല്ലാം ഒരു നിമിഷം മനസ്സിന്റെ വെള്ളീത്തിരയില്‍ ഫാസ്റ്റ് ട്രാക്കില്‍ ഓടി.

“ തും ഹിന്ദി “ ?

“ യാ.....യെസ്....ഹാ... സാര്‍ “

“ യെ ക്യാ ഹെ ? “

“......................”

ഈശൊ മിശിഹായെ,ഞാന്‍ റോഡില്‍ വാളു വച്ചു എന്നാണൊ പോലീസു പറഞ്ഞുകൊണ്ടു വരുന്നത്?

മുന്നില്‍ ഉള്ള റോട്ടിലേക്കു ചൂണ്ടി വീണ്ടും.

“ യെ, കാലാ , കാലാ “


ഓക്സിജന്‍ കോടുത്തിട്ടു രോഗിക്കു ബോധം കുറേശ്ശേയായി വരുന്നതു പോലെ എനിക്കു സംഗതി ചെറുതായി പിടികിട്ടിത്തുടങ്ങി.

‘ യേ റോഡ് ഹേ “

“ റോഡ് , ക്യാ മത്‌ലബ്.”

ജൈന സന്യാസിമാരുടെ പോസില്‍ ഞാന്‍ വീണ്ടും .

“ അരെ ബാബാ, യേ റോഡ് കിസ് ലിയെ ?”

“ ഗാഡി , ചലാനേ... കേ ....ലിയേ “


പിന്നെ നടപ്പാതയിലേക്കു ചൂണ്ടി .

‘ യേ ക്യാ ഹേ “ ?

‘ യെ ഫുട് പാത് “

കിസ് ലിയേ ?

“ യേ ആത്‌‌മി കൊ ചല്‍നേ കേ ലിയെ “

ഇതു പുച്ച കൊല്ലുന്നതിനു മുന്ന്പു എലിയെ ഇട്ടു കളിപ്പിക്കുന്ന പോലെയാനല്ലോ.തടവുകാരെ ജയിലില്‍ കൊണ്ടൂപോവുന്ന , ചുറ്റും ഗ്രില്‍ അടിച്ച വണ്ടി എവിടെയാണു കിടക്കുന്നത് എന്നറിയാന്‍ ഞാന്‍ ചുറ്റും നോക്കി. അതില്‍ കയറ്റുകയാണെങ്കില്‍ കുറച്ചു നെരം കിടന്നു ഉറങ്ങുകയെങ്കിലും ചെയ്യാമായിരുന്നു.

“ തും ആ‍ദ്മി ഹേ യാ സിയ്യാരാ ? “


കുരങ്ങന്റെ വിസയില്‍ വന്ന സിംഹത്തിനു കപ്പലണ്ടി മാത്രം കോടുത്തു കൊല്ലാറാക്കിയ കഥ കേട്ടിടുണ്ടു.ദൈവമേ , ഇനി ഞാന്‍ സിയ്യാരയായി വല്ല ജങ്ക് യാഡിലും പോകേണ്ടി വരുമോ

‘ ആദ്മി “

“ ഹും , ജല്‍ദി,ജല്‍ദി ഫുട്പാത് സെ , ഘര്‍ ജാവൊ?

ഈ സന്ദേശം തലച്ചോറിലെത്തിയെങ്കിലും രെജിസ്റ്റെര്‍ ചെയാന്‍ രണ്ടു മിനിട്ടേറ്റുത്തു.

‘ കുനിഞ്ഞു ആ പാദങ്ങളീല്‍ ഒന്നു തൊടണമെന്നു തോന്നിയെങ്കിലും.കുനിഞ്ഞാല്‍ എളുപ്പം നിവരാന്‍ പറ്റില്ലെന്നു അറിയാവുന്നതു കൊണ്ടു ആ ഉദ്യമം ഉപേക്ഷിച്ചു.

പിറ്റെ ദിവസം ഉച്ച. കൂടെ ശ്രീമതി.

“ചേട്ടന്‍ പോയി ഒരു ഡോക്ടറെ കാണണം “

“ ഉം , എന്താ ? “

“അല്ല,രാപ്പനി ഉണ്ടെന്നു തോന്നുന്നു,രാത്രി വിറക്കുന്നുണ്ടായിരുന്നു.”

“ ഏയ് അതൊന്നുമല്ല.രാത്രി തണുപ്പത്ത് നടന്നിട്ടാണ്.ഡിസംബര്‍ മാസമല്ലെ”

“ ന്യു ഇയറൊക്കെ വരികയല്ലെ,പക്ഷെ ഇനി ഞാന്‍ രാതി പാര്‍ട്ടിക്കൊക്കെ പോകുന്നത് നിര്‍ത്തി . തണുപ്പ് , ശരിയാകുന്നില്ല “

“ ചേട്ടന്റെ ഇഷ്ടം “.

...................................