12 December, 2006

നക്ഷത്രങ്ങളുടെ ഇടയിലേക്ക്....

ഒന്നടര്‍‌ത്തെടു‍ത്തോട്ടെ നിന്‍ ചിതാഗ്നിയില്‍ നിന്നെന്‍
ചന്ദനത്തിരിക്കൊരു പൊന്‍‌മുത്തുക്കിരീടം ഞാന്‍
- വയലാര്‍‌‌

ഫ്ലയിങ്ങ് ഓഫീസര്‍ നിര്‍മല്‍ ജീത് സിങ് ഷേകോണ്‍,പരമ വീര ചക്രം.

ഡിസംബര്‍ 14 - മറ്റെന്നത്തെയും പോലെ ഒരു സാധാരണ ദിവസമാണു പലര്‍‌ക്കും .പക്ഷെ പഞ്ചാ‍ബിലെ ഇസ്സെവാള്‍ എന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അത് വേദന നിറഞ്ഞ ഒരു ഓര്‍മ്മ പുതുക്കലിന്റെ ദിനം ആണു. . അന്നാണു അവര്‍ക്കീടയില്‍ കളിച്ചു വളര്‍ന്ന ഇരുപത്തെട്ടുകാരന്‍ നിര്‍മല്‍ ജിത്ത് ഒരു ജ്വലിക്കുന്ന ഓര്‍മ്മയായി നീലാകാശത്തിലെ ‍ നക്ഷത്രങ്ങളുടെ ഇടയിലേക്കു പറന്നു പോയത് #.

- 1971 ഡിസംബര്‍ പതിനാലു .

ഇന്‍ഡൊ പാക്ക് യുദ്ധം തുടങ്ങിയിട്ടു കുറച്ചു ദിവസങ്ങള്‍ ആയി ,പാക്കിസ്ഥാനുമായുള്ള ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തെട്ടിലെ അന്തര്‍ ദേശീയ കരാര്‍ അനുസരിച്ച് ശ്രീനഗറില്‍ ഇന്‍ഡ്യന്‍ വ്യോമസേനയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. പുതുതായി അങ്ങോട്ടു സ്ഥലം മാറി എത്തിയ നാറ്റ് വിമാനങ്ങളുടെ സ്ക്വാഡ്രനു പുതിയ സ്ഥലം, തീരെ പരിചയമില്ലാത്ത തണുത്ത കാലാവസ്ഥ എന്നിങ്ങനെ പരിമിതികള്‍ പലതായിരുന്നു.

പക്ഷെ സമാധാന സമയത്ത് ഒഴുക്കുന്ന വിയര്‍പ്പിന്റെ മാറ്റുരക്കുന്ന യുദ്ധത്തില്‍ പരിമിതികള്‍ ഓര്‍ത്ത് വിലപിക്കാന്‍ എവിടെ സമയം?

അന്നു ഫ്ലയിങ്ങ് ഓഫീസര്‍ നിര്‍മല്‍ ജീതും സഹപ്രവര്‍ത്തകനും ഓപ്പറേഷന്‍ റെഡിനെസ്സ് ഡ്യൂട്ടിയില്‍ ആയിരുന്നു.ശത്രുക്കളുടെ ആക്രമണമുണ്ടായാല്‍ ഏതു നിമിഷവും പറന്നുയരാന്‍ തയ്യാറായി സ്വന്തം ‘നാറ്റ് ‘ വിമാനങ്ങളുടെ അരികില്‍ നില്‍ക്കുകയായിരുന്നു അവര്‍.


പെട്ടെന്നാ‍ണു രണ്ടു പാക്കിസ്ഥാനി യുദ്ധ വിമാനങ്ങള്‍ പറന്നു വന്നത് . റഡാറുകളുടെ കണ്ണുകളെ വെട്ടിക്കാന്‍ വളരെ താഴ്ന്നു പറന്നായിരുന്നു അവര്‍‍ എത്തിയത്.സാങ്കേതിക മേന്മയിലും വേഗതയിലും നാറ്റിനെക്കാളും ഒരു പാടു മുന്നില്‍ നില്‍ക്കുന്ന സയ്ബര്‍ എഫ് 86 ഇനത്തില്‍ പെട്ടവയായിരുന്നു അവ.

സഹവൈമാനികന്‍ പറന്നപ്പോഴുണ്ടായ പൊടിപടലങ്ങളില്‍ പെട്ടതു കാരണം നിര്‍മലിനു പെട്ടെന്നു പറന്നു ഉയരാന്‍ ആയില്ല.വിലപ്പെട്ട രണ്ടു മൂന്നു നിമിഷങ്ങളാണു നഷ്ടപ്പെട്ടത് പിന്നെ പൊടിയൊന്നടങ്ങി ടേക് ഓഫ് ചെയ്യുമ്പോഴെക്കും പാകിസ്ഥാന്കാര്‍ വളരെ താഴെ എത്തി റണ്‍‌വേയില്‍ ആക്രമണം തുടങ്ങിക്കഴിഞ്ഞിരുന്നു.

പിന്നെ ആകാശത്ത് വച്ചു നടന്ന പരസ്പര ആക്രമണങ്ങളില്‍ (ഡോഗ് ഫൈറ്റ്/എയര്‍ വാര്‍ഫെയര്‍‌ ) http://en.wikipedia.org/wiki/Dogfight ഷെകോണ്‍ ഒരു ശത്രു വിമാനതിനു സാരമായ കേടുപാടുകള്‍ വരുത്തി. മറ്റേതു തീയും പുകയുമായി പറന്നു പോകുകയും ചെയ്തു.
അപ്പോഴേക്കും പാക്കിസ്ഥാന്‍‌ന്റെ നാലു സാബ്ര്‍ എഫ് -86 വിമാനങ്ങള്‍ കൂടി എത്തി.

പറന്നു മാറാന്‍ കണ്ട്രോള്‍ പോസ്റ്റില്‍ നിന്നും നിര്‍ദ്ദേശം കിട്ടിയിട്ടും നിര്‍മല്‍ ജീത് അവരോടു പൊരുതി നിന്നു.ഒന്നിനെതിരെ നാലു എന്ന കണക്കില്‍.ഒരു കയ്യ് പരിക്കു പറ്റി മരവിച്ചിട്ടും ഒറ്റക്കൈ കൊണ്ടു വിമാനം നിയന്ത്രിച്ചു ശത്രുവിനെ തുരത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.പക്ഷെ അവസാനം അനിവാര്യമായ വിധിക്കു മുന്നില്‍ കീഴടങ്ങി.നിര്‍മലിന്റെ വിമാനം അവര്‍ വെടി വെച്ചു വീഴ്ത്തി.


അതോടെ പാക്കിസ്ഥാന്‍ പൈലറ്റുമാര്‍ ആക്രമണം മതിയാക്കി തിരിച്ചു പോയി.പിന്നിടു ശ്രീനഗര്‍ എയര്‍ ഫീല്‍ഡിലോ നഗര‍ത്തിലോ അക്രമണങ്ങള്‍ നടത്താന്‍ അവര്‍ മുതിര്‍ന്നില്ല.മൂന്ന് നാലു ദിവസങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാന്‍ കീഴടങ്ങുകയും ബംഗ്ലാദേശിന്റെ പിറവി നടക്കുകയും ചെയ്തു.ശത്രുക്കള്‍ പോലും പിന്നിടു ഷെകോണിന്റെ ധൈര്യത്തെ പുകഴ്ത്തി (ഇവിടെ)http://www.bharat-rakshak.com/IAF/History/1971War/Baig.html.

അഭിമന്യുവിനെപ്പൊലെ , തിരിച്ച് വരാനാവാത്ത വഴികളിലൂടെ ശത്രുവിനെ നേരിടാനിറങ്ങി മരണം വരിച്ച നിര്‍മല്‍ ജിത്തിന്റെ അപദാനങ്ങള്‍ ഇന്നും വ്യോമ സേനയിലും ഇസ്സേവാള്‍ ഗ്രാമത്തിലും രോമാഞ്ചമുണര്‍ത്തുന്ന ഓര്‍മ്മകളാണു.രാജ്യത്തിനായി അന്‍പത്തി നാലു രണവീരന്മ്മാരെ സമ്മാനിച്ചുവെന്കിലും ഇസ്സെവാളില്‍ ഷേകോണ്‍ ‍ ഇന്നും യുവാക്കള്‍ക്കു മാര്‍ഗ്ഗദര്‍ശിയായ് ഒരു പ്രകാശ ഗോപുരം പോലെ തിളങ്ങി നില്‍ക്കുന്നു.

രാഷ്ട്രം നിര്‍മല്‍ ജിത് ഷെകോണെ പരമ വീര ചക്രം നല്‍കി ആദരിച്ചു.ബ്രിട്ടീഷു രാജകീയ സേനയിലെ വിക്ടോറിയ ക്രോസ്സ് പോലെ , യുദ്ധ രംഗത്ത് ഒരു സൈനികനു ലഭിക്കാവുന്ന അത്യുന്നത ബഹുമതി.പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന , ഒരു ലക്ഷത്തില്‍ അധികം അംഗ സംഖ്യയുള്ള വായു സേനയില്‍ ഇതു വരെ ഒരാള്‍ക്കു മാത്രമേ ഇതു ലഭിച്ചിട്ടുള്ളു .ആകെ ഇതു വരെ സമ്മാനിച്ചിട്ടുള്ള ഇരുപത്തി ഒന്നു പരമ വീര ചക്ര ബഹുമതികളില്‍ പതിനാലെണ്ണവും മരണാനന്തരവുമായിരുന്നു.

"സൈനികര്‍ ഒരിക്കലും മരിക്കുന്നില്ല അവര്‍ പതുക്കെ പതുക്കെ
നിറം മങ്ങി മറയുന്നതേ ഉള്ളു "

-പട്ടാളത്തിലെ ഒരു പഴമൊഴി.

ഈ ദിനത്തില്‍ നമുക്ക് ആ നിറം മങ്ങിയ ചിത്രങ്ങള്‍ക്കു മുന്‍പില്‍ ഒരു നിമിഷം നില്‍ക്കാം.

# നഭ: സ്പര്‍ശം ദീപ്തം - Touching the sky with glory.എന്നു ഭാരതീയ വായു സേനയുടെ ചിഹ്നത്തില്‍ ആലേഘനം ചെയ്തിരിക്കുന്നു.

(ചില വിവരങ്ങള്‍ക്കു വിക്കിപ്പീഡിയയോടു കടപ്പാടു)

...............

(