10 June, 2006

പട്ടാള കഥകള്‍

പട്ടാള കഥകള്‍-1

അച്ഛന്‍ ആര്‍മിയില്‍ ആയിരുന്നു. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പൊള്‍ സിംലയില്‍ ഒരു ജീപ്പ്‌ അപകടത്തില്‍ മരിച്ചു.അച്ഛനെക്കുറിച്ചു ഓര്‍ക്കുമ്പൊള്‍ മനസ്സില്‍ വരുന്നതു ഒലീവ്‌ നിറത്തിലുള്ള ആര്‍മി യൂണിഫോം ധരിച്ച ആറര അടിയിലധികം പൊക്കമുള്ള ശരീരവും സിംലയില്‍ നിന്നും കൊണ്ടു വരുന്ന പച്ച ആപ്പിളുകളും പിന്നെ അവധി കാലത്തു പറഞ്ഞു തരുന്ന കഥകളും ആണ്‌.പരുക്കന്‍ ബാഹ്യ ഭാവങ്ങള്‍ക്കുള്ളില്‍ അഛ്ചന്‍ നല്ല തമാശക്കാരന്‍ ആയിരുന്നെന്നു തോന്നിയിരുന്നു.യുദ്ധത്തിന്റെ കെടുതികളും ഒരിക്കല്‍ ന്യൂമൊണിയ വന്ന്‌ ആര്‍മി ഹോസ്പിറ്റലില്‍ നിസ്സഹായനായി കിടക്കുമ്പോള്‍ ഉണ്ടായ സംഭവങ്ങളും തമാശ കഥകളായി അവതരിപ്പിക്കുന്നത്‌ കേട്ടിട്ടുണ്ടു്‌.ഗള്‍ഫ്‌ പൊലിമ തുട്ങ്ങിയിട്ടില്ലാത്ത കാലഘട്ടത്തില്‍ ആള്‍ നാട്ടിലെ ഒരു ചെറു ഹീറോ ആയിരുന്നു എന്നു ഊഹിക്കുന്നതില്‍ തെറ്റില്ല
ഒരു അവധിക്കാലത്ത്‌ പറഞ്ഞു കേട്ട കഥയാണ്‌. ഈ കഥയിലെ നായകനും ഒരു ആര്‍മിക്കാരന്‍ തന്നെ. പിന്നീട്‌ ആലോചിച്ചപ്പോള്‍ അച്ഛന്‍ തന്നെയവും കഥാപാത്രം എന്നു തോന്നിയിട്ടുണ്ടു. കഥയിലെക്കു കടക്കട്ടെ.
ഒരു ആര്‍മിക്കാരന്‍ നാട്ടില്‍ ലീവില്‍ വന്നിട്ടു ഒരു ബന്ധു വീട്ടില്‍ കല്യാണതിനു പോകുന്നതോടെ കഥതുടങ്ങുന്നു.നല്ല വെള്ള ഷര്‍ട്ടും മുണ്ടുമാണു വേഷം. നാട്ടില്‍ ലീവിലെത്തിയാല്‍ യൂനിഫോമില്‍ നടക്കുന്നതു സിനിമയില്‍ മാത്രം ഉള്ളു.ബ്രിട്ടീഷ്‌ രാജിന്റെ ഒരു ആചാരമാവം ആര്‍മിക്കാര്‍ ലീവില്‍ പോകുമ്പൊഴും വരുമ്പോഴും യാത്രയില്‍ മാത്രം യൂണിഫോം ഇടാറുണ്ട്‌.
കാട്‌ കേറിയതിന്‌ ക്ഷമ,തിരിച്ച്‌ ഇറങ്ങാം. കുറെ അകലെ ഒരു ഗ്രാമത്തില്‍ പുഴയുടെ അക്കരെ ആണ്‌ കല്യാണ വീട്‌.കടത്തു കടക്കാന്‍ തോണിയുണ്ടായിരുന്നു. അറുപതുകളില്‍ ആണെന്ന്‌ തോന്നുന്നു.സദ്യകളൊക്കെ ഉത്സവങ്ങള്‍ പോലെ ആഘോഷിച്ചിരുന്ന കാലം. കല്യാണതിന്റെ സദ്യ വട്ടങ്ങളില്‍ വിശേഷപ്പെട്ട പായസം നല്ലവണ്ണം കഴിച്ചു . അതിനു മുന്‍പും പുറമെയും അതി വിശിഷ്ടമായ കള്ളും.
ഇതിനിടക്ക്‌ കഥകളൊക്കെ പറഞ്ഞിരുന്നു നേരം പോയതു അറിഞ്ഞില്ല. തിരിച്ച്‌ വന്നപ്പോള്‍ ഇരുട്ടി. തോണിക്കാരന്‍ അന്നത്തെ പണി മതിയാക്കി പോയി.
"അനേകം യുദ്ധങ്ങളില്‍ രക്ത പുഴകള്‍ കണ്ട ജവാന്‌ ഒരു പുഴ എന്താണ്‌? " ഒരു വെറും പുഴ(പാഥേയത്തിലെ വെറും പെണ്ണായിപ്പോയി എന്ന ഡയലോഗ്‌ ഓര്‍ക്കുക) ധൈര്യം പകരാന്‍ ഉള്ളില്‍ നാടന്‍ കള്ള്‌ ഇഷ്ടം പോലെ ഉണ്ടയിരുന്നല്ലൊ . ഉദയായുടെ ഏതോ വടക്കന്‍ പാട്ടു സിനിമ യിലെപോലെ(ഏതു സിനിമ എന്ന്‌ ചോദിക്കല്ലെ,കഥയില്‍ ചോദ്യമില്ല) നായകന്‍ ഉടുത്തിരുന്ന മുണ്ടുരിഞ്ഞു തലയില്‍ കെട്ടി നീന്തി തുടങ്ങി.
പുഴയുടെ പാതി വഴി എത്തിയപ്പോള്‍ വയറ്റില്‍ കിടക്കുന്ന കള്ളും പായസവും കൂടി രാസ പ്രവര്‍ത്തനം തുടങ്ങി.കയ്യും കാലും കുഴഞ്ഞു. സര്‍ക്കാര്‍ ആഫീസിലെ ഫയല്‍പോലെ ഒരടി മുന്‍പിലെക്കില്ല എന്ന മട്ടിലായി.
"ദൈവമെ പല പല യുദ്ധങ്ങളില്‍ * പങ്കെടുത്ത്‌ സാരെ ജഹാന്‍ സെ അച്ചാ പാടി £ മരിക്കാതെ തിരിച്ചു വന്ന ഞാന്‍ ഇവിടെ ചുമ്മാ വെള്ളം കുടിച്ച്‌ മരിക്കാന്‍ പോകുകയണല്ലോ.എന്റെ ചാത്തണ്ണുര്‍ മുത്തി നീ തന്നെ തുണ." ഇത്രയും പറഞ്ഞു വെള്ളത്തില്‍ മുങ്ങി.
പക്ഷെ , അത്ഭുതം!! വെള്ളത്തില്‍ താഴുന്നില്ല.പരദേവത രക്ഷിച്ചു എന്നു കരുതി എണീക്കാന്‍ നോക്കിയപ്പോള്‍ ‍കാലുകള്‍ നിലത്ത്‌ മുട്ടുന്നു. പിന്നെ തലയൊക്കെ കുടഞ്ഞ്‌ സ്ഥലകാലബോധം വരുത്തിയപ്പോള്‍ ആണ്‌ അറിഞ്ഞത്‌. മുട്ടിനു താഴെ മാത്രമെ പുഴയില്‍ വെള്ളമുള്ളു ‍അതിലായിരുന്നു ഇത്ര നേരതെ പരാക്രമം.വേലിയിറക്കത്തില്‍ വെള്ളം കുറഞ്ഞത്‌ കണ്ടില്ലായിരിക്കാം.പിന്നെ ലേശം ഫോമിലും ആയിരുന്നല്ലോ. ചുറ്റും നോക്കി സംഭവത്തിന്‌ ഓഡിയന്‍സ്‌ ഇല്ല എന്നു ഉറപ്പു വരുത്തി , മുണ്ടു്‌ തലയില്‍ നിന്നും അഴിച്ചു അരയില്‍ ഉടുത്തു ബാക്കി ദൂരം നടന്നു വന്നു എന്നു പ്രത്യേകം പറയണ്ടല്ലൊ അല്ലെ.
----------

*സക്ഷാല്‍ ചിന ,ഇന്‍ഡൊ ചിന -(ഇന്നത്തെ ലവോസ്‌,കംബൊഡിയ,വിയറ്റ്‌നാം ഇത്യാതി-U.N ഫോര്‍സിന്റെ ഭാഗം ) ഇത്രയും അറിയുന്ന ചരിത്രം-കഥകാരന്‍ ‍
£ഹരി കൃഷ്ണന്‍സില്‍ വരുന്നതിന്‌ മുന്‍പും പട്ടാളത്തില്‍ മാര്‍ച്ചിംഗ്‌ ട്യൂണ്‍ ആയി ഉപയൊഗിച്ചിരുന്നു.