16 September, 2006

പേരെഴുതിയ അരിമണികള്‍ 1

എല്ലാവരോടും യാത്രയൊക്കെ പറഞ്ഞിട്ടാണു നാട്ടിലേക്കു പോയത്. ഇവിടെ
തിരിച്ചു വരാതെ നിവൃത്തിയില്ലല്ലോ, തല്‍ക്കാലം നമ്മുടെ പേരെഴുതിയ അരിമണികള്‍ എല്ലാം ഇവിടെയല്ലെ .

'''''''''

പുതിയതായി വന്ന അതിര്‍ത്തി കാക്കുന്ന ഭടനോടു സീനിയര്‍.

‘നീ പേടിക്കേണ്ടാ ഉവ്വേ, എല്ലാ വെടിയുണ്ടയിലും അതു കൊല്ലാന്‍ പോകുന്ന ആളുടെ പേരെഴുതിട്ടുണ്ടാവും.“

“അങ്ങിനത്തെ ഉണ്ടയെ പേടിയില്ല അണ്ണാ,

പേടിയുള്ളതു‘To whomsover it may be concerned 'എന്നൊ മറ്റൊ ഇംഗ്ലീഷില്‍ എഴുതി വച്ചിട്ടുള്ളവയില്ലെ ? അവറ്റകളെയാണ്.”


എന്നു ഒരു പഴയ പട്ടാള തമാ‍ശ ഇത്തരുണത്തില്‍ ഓര്‍ത്തുപോയി,കേട്ടവരുണ്ടെങ്കില്‍ ക്ഷമിക്കുക.
,,,,,,,,,

പോകുമ്പോള്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റസ്സ്മാര്‍ മരുന്നിനുപോലും ഒരെണ്ണം ഇല്ലായിരുന്നു.എല്ലാം നല്ല വെളുത്ത കൊച്ചു പയ്യന്മാര്‍.കോഴിക്കോട്ടു ലോബ്ബിക്കു തന്നെ ഇപ്പഴും മുന്‍‌തൂക്കം.

വേറെ പ്രത്യേകിച്ചു പണിയൊന്നും ഇല്ലാതിരുന്നതു കൊണ്ടു ഹാന്‍ഡികാമിലൂടെ പുറത്തെ ദൃശ്യങള്‍ പകര്‍ത്തികൊണ്‍ടിരുന്ന എന്നെ ഒന്നു തോണ്ടി
“ കശ്മലന്‍ പടം പിടിക്യ്യാണു അല്ലെ, ഞാന്‍ ഇപ്പോ പൈലറ്റിനോടു പറയും , ട്ടോ, എന്നു മൊഴിയും എന്നു കരുതി.

.............

നാട്ടില്‍ വന്നപ്പോള്‍ മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു.തോരാതെ പെയ്യുന്ന മഴയെ ചീത്ത പറയുന്ന അമ്മ മരിച്ചു പോയ അമ്മമ്മയെ ഓര്‍മിപ്പിച്ചു.

മഴ നിറുത്താതെ പെയ്യുമ്പോള്‍ അമ്മമ്മ

“ ഹൊ ഈ നശിച്ച മഴ,ആളുകളെ മുക്കി കൊല്ലാന്‍ പോവുകയാണൊ ?”

എന്നു ചോദിക്കും.

രണ്ടു ദിവസം തോര്‍ച്ച കണ്ടാലോ ,

‘ എന്തു പാപം ചെയ്തിട്ടാണാവൊ ഇങ്ങിനെ ആളുകളെ ഇട്ടു പൊരിക്കണതു ? “ എന്നു പരിതപിക്കുകയും ചെയ്യും.

മഴയില്‍ കുതിര്‍ന്ന പാടവും തോടും.
നേരത്തെ ചെയ്ത പ്ലാനുകളെല്ലാം(ഓണമടക്കം)
ഒരു മരണവും
- വലിയച്ചന്റെ മകള്‍ - വില്ലന്‍ അര്‍ബ്ബുദം.
ഒരു മെഡിക്കല്‍ പരിശോധനയും
- വില്ലന്‍ ട്രൈഗ്ലിസരൈഡ്സ് - എണ്ണം 588 -
പൊട്ടീച്ചു കളഞ്ഞു.

മുകളിലൊരാള്‍ (തെങ്ങിന്റെ മുകളിലല്ല,അതിലും ഉയരത്തില്‍)
നീയാരടാ എല്ലാം പ്ലാന്‍ ചെയ്യാന്‍ ? പ്ലാനിങ്ങ് എന്‍ജ്ജിനീയറൊ ? എന്ന മട്ടില്‍ ചിരിക്കുന്നു.

ഓണത്തുമ്പിയുടെ ഒരു ക്ലോസ് അപ് - ഗുരുവായൂര്‍ അമ്പലത്തിലെ പൂക്കളം
.

<
ഗജ മേള കണ്ടു.

മനൊരമ നുയിസന്‍സിന്റെ പാര്‍ക്കു ചെയ്തിരിക്കുന്ന ട്രാന്‍സ്മിഷന്‍ വണ്ടിയുടെ അടുത്ത് കെട്ടിപൊക്കിയിട്ടുള്ള പ്ലാറ്റ്ഫോമിന്റെ മുകളില്‍ കയറി ചില്ലറ പടങ്ങളെടുത്ത് ഇറങ്ങുമ്പോള്‍ ഒരു വിളി.
“അല്ല , ചേട്ടനാണൊ കഴിഞ്ഞ ആഴ്ച്ച മനോരമയില്‍ തൃശ്ശൂരിനെക്കുറിച്ച് എഴുതിയത് ? “

ഹായ് അപ്പൊ , നമ്മളെ കണ്ടാല്‍ ഒരു റിപ്പോര്‍ട്ടറുടെ ഗ്ലാമറൊക്കെ ഉണ്ടു അല്ലെ എന്നു സ്വയം വിചാരിച്ചു പൊങ്ങാന്‍ എയര്‍ പിടിക്കുന്നതിനു മുന്‍പു ഈ ആരാധകന്റെ മുഖത്തേക്കു ഒന്നു നോക്കി.

വിയറ്റ്നാം കോളനിയിലെ ഇരിമ്പു ജോണിന്റെ പോലത്തെ ഒരു ആകാരം.

വിസ്കിയുടെ മണമുള്ള സ്പ്രേ ആണു അടിച്ചിരിക്കുന്നതു എന്നു തോന്നുന്നു.നല്ല സുഗന്ധം ! .

“അല്ല...ഞാന്‍ അല്ല .അവിടെ നില്‍ക്കുന്ന ആരെങ്കിലും ആവും “ എന്നു പറഞ്ഞു വാനിന്റെ അടുത്തേക്കു വിരല്‍ ചൂണ്ടി, വേഗം തടി തപ്പി.

അല്ല,ഈ തൃശ്ശൂരിനെക്കുറിച്ച് എന്താണപ്പാ എഴുതി പിടിപ്പിച്ചിരിക്കുന്നത് ?

ഗജമേള
അമ്മയും കുഞ്ഞും
പിന്നെ പൊങ്ങിയത്.ലൂസിയ ബാറില്‍. ബ്ലോഗിങ്ങിലെ ഒരു പ്രധാന കക്ഷിയെ കണ്ടു. ബാറിലെ നേരിയ വെളിച്ചം പ്രതിഫലിച്ച്
ശിരസ്സിനു ചുറ്റും ഒരു പ്രകാശ വലയം .ബുള്‍‍ഗാനി താടിയും കണ്ണുകളും ഒരു ബുദ്ധിജീവിയുടെ പരിവേഷം കൊടുക്കുന്നു.
പേര് പറയുന്നത് ശരിയല്ല.

അന്നു മെഡിക്കല്‍ ചെക്ക് അപ് കഴിഞ്ഞിട്ടില്ലായീരുന്നത് കൊണ്ടു എത്രയെണ്ണം ഉള്ളില്‍ പോയി എന്നു എണ്ണീയില്ല.

എല്ലാം കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിനു വലിയ നിര്‍ബന്ധം , ഇപ്പൊള്‍ മൂന്നാറില്‍ പോകണം.നീല കുറിഞ്ഞി പൂത്തതു കാണാന്‍ .
കല്യാണ സൌഗന്ധികത്തിലെ ഭീമനെ ഓര്‍മമ വന്നെങ്കിലും,ചുമ്മാ തടി കേടാക്കണ്ട എന്നു കരുതി ,പറഞ്ഞില്ല.
പിറ്റേന്നു ഒഴിവാക്കാന്‍ പറ്റാത്ത ഒരു സം‌ഗതി ഉണ്ടായിരുന്നത്കൊണ്ടു കക്ക്ഷിയെ തനിച്ച് വിടേണ്ടി വന്നു .

പിന്നെ എന്തു സംഭവിച്ചു എന്നത് പുള്ളീയുടെ ബ്ലോഗില്‍ എപ്പോഴെങ്കിലും വായിക്കാം.

പിറ്റെ ദിവസം വൈകുന്നേരം ആണു തല ഒരു വിധം നേരെ നിറുത്താനായതു.പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പുക്കുന്ന നീലക്കുറുഞ്ഞിയ്യും കണ്ടില്ല.പ്ലാന്‍ ചെയ്ത കാര്യവും നടന്നില്ല.

തല്‍ക്കാലം ഇവിടെ നിറുത്തട്ടെ.