03 January, 2008

ബസ്


ബസിനെക്കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മ ഒരു കരിവണ്ടിയുണ്ടിയുടേതാണ്. എഞ്ചിനില്‍ നിന്നും നീരാവിയും കറുത്ത പുകയും തുപ്പുന്ന , ഡോറിനു പകരം ഒരു കമ്പി വട്ടത്തില്‍ വച്ചിരിക്കുന്ന വണ്ടിയുടേത് . പക്ഷെ രണ്ടോ മൂന്നോ വയസ്സു മാത്രമുണ്ടായിരുന്ന ആ കാലത്തെ യാഥാര്‍ത്ഥ്യങ്ങളെ സ്വപ്നങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്.

പിന്നെ ശരിക്കും ഓര്‍മ്മയിലുള്ളത് സെന്റ് എന്നു പേരുള്ള ഒരു ചുവന്ന ബസാണ് . ചാല‍ക്കുടി നിന്ന് മതിലകം വരെ പോയി ആളുകളെ ഇറക്കി തിരിച്ചു വരും.മതിലകം എത്തിയാല്‍ പിന്നെ കടത്തു കടന്നു വേണം അക്കരെ പോകാന്‍. അച്ഛന്‍ ലീവില്‍ വരുമ്പോള്‍ കൊണ്ടുവരാറുള്ള കോള്‍‍ഗേറ്റിന്റെ ഹെയര്‍ ഓയിലിനും ചുവന്ന നിറമായിരുന്നു.ഞങ്ങള്‍ കുട്ടീകള്‍ അതിനെയും സെന്റ് എന്നാണ് വിളിച്ചിരുന്നത്.ചുവപ്പ് നിറമുള്ളത് കൊണ്ടാവും ഈ ബസ്സിനും ആ പേരു വന്നതെന്ന് വിവരം വയ്ക്കുന്ന വരേയുംവിചാരിച്ചിരുന്നു.(ഈ പ്രക്രിയ ഇപ്പോഴും മുഴുവനായിട്ടില്ല)പിന്നെയാണ് അത് സെന്റ് ജോര്‍ജ്ജാണെന്ന് അറിഞ്ഞത്.

നാട്ടുകാര്‍ ആഘോഷമായി വരവേറ്റത് സീ ഓ ക്കേ എന്നു മുന്നിലും പുറകിലും ഉള്ള നെറ്റി ഫലകത്തില്‍ എഴുതി വച്ച ബസ്സിന്റെ വരവിനേയായിരുന്നു.അശോക് ലൈലാന്‍ഡിന്റെ വലിയ സ്റ്റിയറിംഗ് മൊത്തം വട്ടത്തില്‍ പിടിച്ച് തിരിക്കുന്ന ഡ്റൈവറുടെ പവ്വറ് പിന്നീട് കണ്ടു മുട്ടിയിട്ടുള്ള ഫൈറ്റര്‍ പൈലറ്റുമാര്‍ക്കു പോലും ഉണ്ടെന്നു തോന്നിയിട്ടില്ല.

സീ ഓ കേ യുടെ പുറകു വശത്ത് ചില്ലിനു താഴെയായി ഇത്രയും കൂടി എഴുതി വച്ചിരുന്നു.


സീ ഓ കൊച്ചപ്പന്‍
‍വാഴയില കച്ചവടം
എം ഓ റോഡ് ,
തൃശ്ശൂര്‍ - 1

മാള നിന്നും ഇരിഞ്ഞാലക്കുട വഴി തൃശ്ശൂര്‍ക്ക്.ഇതായിരുന്നു റൂട്ട്.ആദ്യമായി തൃശ്ശൂര്‍ക്ക് നേരെ ഒരു ബസ്സ് വന്നത് നാട്ടുകാര്‍ ശരിക്കും ആഘോഷിച്ചു.

തെങ്ങില്‍ നിന്നും വീണ് കാലു രണ്ടും ഒടിഞ്ഞ ചേന്ദേട്ടന്‍ പോലും ചുമ്മാ സീ ഓ ക്കെയില്‍ കയറി ഇരിഞ്ഞാലക്കുട ചന്തയില്‍ പോയി തിരിച്ചു വന്നപ്പോള്‍ ആരോ ചോദിച്ചു

ചേന്ദന്‍ എവിടെ പോയിട്ട് വര്വാ ?
“ നിങ്ങക്ക് കണ്ണില്ലേ ? സീ ഓ ക്കേ ത്രിശ്ശുര്ന്നല്ലേ വര്ണത് ? അപ്പോ ഞാനും ത്രിശ്ശൂര്ന്നാ ! “

വലുതായി എയര്‍ഫോഴ്സില്‍ ചേര്‍ന്നപ്പോള്‍ ഡ്രൈവര്‍മാരോടുള്ള വീരാ‍രാധന പോയി.പക്ഷെ വീടിന്റെ തൊട്ടടുത്ത് കിടക്കുന്ന ബസ്സ്റ്റോപ്പിനെ മനസ്സുകൊണ്ട് ഉപേക്ഷിക്കാന്‍ പറ്റിയിയില്ല. രണ്ട് മാസം നീളുന്ന വാര്‍ഷിക ലീവുകള്‍ പ്രേമം മുളക്കാനു ഒന്നു രണ്ട് ഇല വിരിയിക്കാനും ഉള്ള കാലയള‍വേ സദയം അനുവദിച്ചു തന്നിരുന്നുള്ളു.സീരിയസ്സായി എടുത്ത ഒന്ന് നടന്നു കൊണ്ടിരിക്കുമ്പൊള്‍ ഒരിക്കല്‍ അവളുടെ പുറകെ പോയി.ഇരിഞ്ഞാലക്കുട ടാണാവില്‍ ബസ്സിറങ്ങി ലിറ്റില്‍ ഫ്ലവര്‍ കോണ്‍‌വെന്‍റ്റ് വരെ.അതിലെ പോയ ശ്രീ‍കൃഷ്ണയിലെ കീളി അവളേയും എന്നെയും തിരിഞ്ഞ് നോക്കിയതും അവള്‍ ധരിച്ചിരുന്ന പച്ചപ്പാവാ‍ടയുടെ അടിയില്‍ ചവിട്ടി അടീവശം മുഴുവന്‍ കീറിയതും ഒരുമിച്ചായിരുന്നു.

അന്നു വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ചേട്ടന്‍ ചോദിച്ചു.

“ഡാ നിനക്ക് അവള് തരണ എഴുത്ത് വായിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലെ ?“

ഇതെന്തു ചോദ്യം എന്ന മട്ടില്‍ ഞാന്‍ മറുപടിക്കു വേണ്ടി മാനത്ത് തപ്പുമ്പോള്‍ വന്നു ഉത്തരവും.

“അല്ല ഇണ്ടെങ്കില്‍ പറഞ്ഞാ മതി , നമ്മടെ ശ്രീകൃഷ്ണയീലെ ഉണ്ണീടെ കയ്യില്‍ ഇതിന്റെ കോപ്പി കാണും , ഞാന്‍ വാങ്ങിച്ച് തരാം.“

അവള്‍ സ്ഥിരമായി കോണ്വെന്റില്‍ പോകുന്ന ബസ്സാണ് ശ്രീകൃഷ്ണ,ഉണ്ണി അതിലെ കിളിയും . അന്തം വിട്ടു നില്‍ക്കുന്ന എന്നെ നോക്കി ചേട്ടന്‍ പീന്നെയും മൊഴിഞ്ഞു.
“ ഡാ അവള്‍ ഒരേ സമയം നിന്നെയും ഉണ്ണിയേയും പ്രേമീക്കുന്നൂന്ന്.” ഇനി വെല്ലവരുമുണ്ടെങ്കില്‍ ഞാന്‍ പിന്നെ പറയാം “.

അങ്ങിനെ പൊടിച്ചിട്ടും തളിര്‍ക്കാതെ പോയ ഒരു പ്രേമത്തിന്റെ ഓര്‍മ്മക്കായി വര്‍ഷങ്ങള്‍ക്ക് ശേഷം വീടു പണി നടത്തിയപ്പോള്‍ ഒരു സ്ലേബും രണ്ടു കാലും വച്ചു ബസ്സ്റ്റോപ്പില്‍ ഒരു ഇരിപ്പിടം പോലെയുണ്ടാക്കിക്കോടുത്തു ഞാന്‍.പ്കഷെ അതിന്റെ പ്രസക്തി അറിയാത്ത ഏതോ ദ്രോഹികള്‍ അതു തട്ടിയിട്ടു നശിപ്പിച്ചു കളഞ്ഞു.

പക്ഷെ എനിക്കു അതു മറവിയിലേക്ക് തള്ളിയിട്ട് കളയാന്‍ പറ്റുന്നില്ല.

ഈ സ്റ്റോപ്പില്‍ നിന്നു തന്നെയാണ് അച്ഛന്‍ ഫുള്‍ മിലിട്ടറി യൂണിഫോമില്‍ കറുത്ത ട്രങ്കുമായി സിം‌ലക്കുള്ള ട്രെയിന്‍ പിടിക്കാന്‍ ബസ്സു കയറിയതും അതു കണ്ടു നിന്ന അമ്മ പതിവില്ലാതെ അലമുറയിട്ടുകൊണ്ടു വീട്ടിലേക്ക് ഓടിയതും.അത് അച്ഛന്റെ അവസാനത്തെ യാത്രയാണെന്നു അമ്മ അറിഞ്ഞിരിക്കാന്‍ വഴിയില്ല , എന്നിട്ടും.

ഓര്‍മ്മകളുടെ ഋതുഭേദങ്ങളില്‍ ഇനിയും മാഞ്ഞിട്ടില്ലാത്ത ആ ദൃശ്യങ്ങള്‍ക്ക് 36 വയസ്സാകുന്നു ഈ വരുന്ന ജനുവരി 21ന്.


* ചിത്രത്തിനു കടപ്പാട് : മാതൃഭൂമി ആ‍ഴ്ച്ചപ്പതിപ്പ്.

Labels: , ,