സേതു , രാംനാഥ് യൂണിഫോമിന്റെ പിത്തള കുടുക്കുകള്‍ മിനുക്കുന്നത് നോക്കിയിരിക്കുകയായിരുന്നു.കോട്ടിന്റെ മുന്‍പിലും കയ്യിലും ഉള്ള ഒന്‍പതും തൊപ്പിയിലുള്ള ചിഹ്നവും കൂടി ബ്രാസ്സൊ ഇട്ടു മിനുക്കി പതിവു പോലെ ഒരു സലാമും വെച്ച് രാംനാഥ് പോയി.
അയാള്‍ ജനലിലൂടെ വെറുതെ പുറത്തേക്ക് നോക്കി.സുര്യന്‍ താണു വന്ന് പുത്തു നില്‍ക്കുന്ന കടുകു പാടങ്ങള്‍ക്കു ഒരു അയഥാര്‍ത്ഥമായ ഒരു മഞ്ഞനിറം കൊടുക്കുന്നു.
അര മണിക്കുര്‍ കൂടി കഴിഞ്ഞാല്‍ യാത്ര പുറപ്പെടാം.ഗംഗയുടെ തീരത്ത് ശ്മശാന്‍ ഘട്ടില്‍ , അപകടത്തില്‍ മരിച്ച വാറന്റ് ഓഫീസര്‍ ജഗത് ജീത് സിങിനു അന്ത്യ പ്രണാമം അര്‍പ്പിക്കാന്‍ പോകുകയാണ്.
********
പതിമൂന്നാം നംബര്‍ ഹാങ്ങറിന്റെ ഒരു മൂലയിലായിരുന്നു സേതുവിന്റെ സ്റ്റോര്‍.യുദ്ധവിമാനങളുടെ എന്‍ജിന്‍ സര്‍വീസിങ്ങ് കഴിഞ്ഞു ടെസ്റ്റ് ചെയ്യുന്ന പണിയായിരുന്നു എല്ലാവരും ജെ ജെ എന്നു വിളിക്കുന്ന ജഗത് ജിത് സിങ്ങിന്.
ആദ്യമായി കിട്ടിയ സൈക്കിളിന്റെ പുറത്ത് ഇരിക്കുന്ന ഒരു കുട്ടിയുടെ കൌതുകത്തോടെ അയാള്‍ യുദ്ധവിമാനത്തിന്റെ കോക്പിറ്റില്‍ തന്റെ കുഞ്ഞു കണ്ണുകളും കാട്ടി ചിരിച്ച് കൊണ്ടു ഇരിക്കുന്നത് ഒരു പതിവു കാഴ്ച്ചയായിരുന്നു.
നരച്ച മഞ്ഞ പെയിന്റ് അടിച്ച ആ വലിയ ഹാങ്ങര്‍ , അതിനു മുകളിലുള്ള പതിമൂന്നു എന്ന അക്കം , എന്നിവ പോലെ .
ഒരു നിമിഷം , സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയിട്ടുള്ള വിമാനത്തിന്റെ പുറകില്‍ ഇരുമ്പു തുണിനോടു ഘടിപ്പിച്ച കമ്പി വിടുന്നതും, ജെ ജെ യും കൊണ്ടു വിമാനം റണ്‍വേയിലൂടെ കുതിച്ചു പായുന്നതും സേതു ദിവാസ്വപ്നം കാണാറുണ്.
**********
മുന്നു വര്‍ഷം മുന്‍പു സേതു അവീടെ സ്ഥലം മാറ്റമായി വന്നപ്പോള്‍ ജെ ജെ ഇങ്ങോട്ടു വന്ന് പരിചയപ്പെടുകയയിരുന്നു.
സാധാരണ ശിഖന്മാരില്‍ നിന്നും വ്യത്യസ്തമായി കൃശഗാത്രം ,വൃത്തിയായി ഒരു നേരിയ കറുത്ത വലക്കുള്ളില്‍ പൊതിഞ്ഞു വെച്ചിരിക്കുന്ന താടി.വലിയ മുഖത്തിനും പകിഡിക്കും ചേരാത്ത കുഞ്ഞി കണ്ണുകള്‍.
ആരൊടും അധികം ഇടപഴകാത്ത പ്രകൃതക്കാരനായൊരുന്ന സേതുവിനു എന്തു കൊണ്ടൊ സര്‍ദാര്‍ജിയെ ഇഷ്ടമായി.
സംസാരിച്ചിരുന്നപ്പോള്‍ ഒരു ദിവസം സേതു തമാശയായി ചോദിച്ചു.
“ സാര്‍ , ഒരു കാര്യം ചോദിച്ചോട്ടെ ?”
എന്താണെന്നറിയാന്‍ ജെ ജെ തല പൊക്കി നോക്കി .
“ ഇപ്പോഴും നിങ്ങള്‍ വീടിന്റെ അടുത്ത് ഉന്തു വണ്ടിയില്‍ പഴം വെച്ചു വില്‍ക്കുന്നുവെന്നു കേട്ടല്ലൊ “
അയാളുടെ മുഖം പെട്ടെന്നു ഉണ്ടായ വികാര ക്ഷോഭത്താല്‍ ചുവക്കുന്നതു കണ്ടപ്പോള്‍ , വേണ്ടിയിരുന്നില്ല എന്നു തോന്നി,സേതുവിനു . പരിചയപ്പെട്ടിട്ടു മുന്നു മാസമെ ആവുന്നുള്ളു,
“ക്ഷമിക്കണം ഞാന്‍ അമിത സ്വാതത്ര്യം എടുത്തു എന്നു തോന്നുന്നു “
മിനുക്കി വെച്ചിരിക്കുന്ന താടി ഉഴിഞ്ഞു ജെ ജെ പറഞ്ഞു.
“ ഇല്ല സേതു ബേട്ടെ , ഞാന്‍ എന്തോ പഴയ ഓര്‍മകളില്‍ പെട്ടു പോയി”
പിന്നെ ചോദിച്ചു,
“സേതു , നീ ആരെങ്കിലും കൊല ചെയ്യപ്പെടുന്നത് കണ്ടിട്ടുണ്ടോ ? “
“ ഇല്ല, എനിക്കു ചോര കാണ്ടാല്‍ തല കറങും.“
“ഇപ്പോഴും ? “
“അതെ , ഇപ്പോഴും “ .
അയാള്‍ കളിയാക്കുമെന്നാണു സേതു കരുതിയത് , പക്ഷെ അനുകമ്പാപൂര്‍ണമായ ഒരു നോട്ടമായിരുന്നു മറുപടി.
അന്നത്തെ സംസാരം അതോടെ കഴിഞ്ഞു.
പിന്നെ ഒരു ദിവസം എല്ലാം വിശദമായി പറഞ്ഞു കേള്‍പ്പിച്ചു.
വിഭജനത്തിനു ശേഷം എല്ലാം ഉപേക്ഷിച്ച് ലാഹോര്‍ കന്റൊണ്മെന്റില്‍ നിന്നും ഹിന്ദുസ്ഥാനിലേക്കുള്ള പലായനം ,വഴിയില്‍ മാതാ പിതാക്കള്‍ കൊലചെയ്യപെട്ടത്.പിന്നെ എങിനെയെക്കൊയൊ വളര്‍ന്നതു,കല്യാണം , എയര്‍ ഫോഴ്സിലെ ജോലി അങ്ങനെ എല്ലാം.
പിന്നെ പതുക്കെ പറഞു.
“ നീ അന്നു ചോദിച്ചില്ലേ ? “
‘ശരിയാണു ഇവിടെ ജോലിയുണ്ടയിരുന്നപ്പോഴും ഞാന്‍ ഉന്തു വണ്ടിയില്‍ പഴം വിറ്റിട്ടുണ്ടു.
വര്‍ഷങള്‍ക്കു മുന്‍പു , ഇപ്പോഴില്ല.
“ശിഖന്മാരുടെ അടയാള ചിഹ്നങള്‍ അറിയാമൊ നിനക്കു ? “
മുടിയും താടിയും അഴിച്ചിട്ടു മുറ്റത്തു കൂടെ ഉലാത്തുകയാരിരുന്നു ജെ ജെ.
ഇരുട്ടില്‍ വരാന്തയില്‍ നിന്നെത്തുന്ന നേരിയ മഞ്ഞ വെളിച്ചം അയാള്‍ക്കു ഒരു സന്യാസിയുടെ പര്യവേഷം കൊടുത്തു.
“ കേശം,കങ്കണം,കച്ച,കഡ്ഡ,കൃപാണ്‍ . ഇങനെ അഞ്ചാണ് “
“ ഇതില്‍ കൃപാണ്‍ എന്തിനുള്ളതാണുള്ളതാണെന്നു അറിയാമോ ?”
“ യുദ്ധം ചെയ്യാന്‍ “ - സേതു .
“അതെ , പക്ഷെ , വേറെ ആരൊടും അല്ല “
“..........?”
“നമ്മോടു തന്നെ മകനെ.”
“ നമ്മുടെ തന്നെ ഉള്ളിലുള്ള ശത്രുവിനോടു,“
“സ്വഭാവത്തിലും പെരുമാറ്റത്തിലും ഉള്ള ദൌര്‍ബല്യം എന്ന ശത്രുവിനോട്.
അതു മാത്രം മനസ്സില്‍ വിചാരിക്കുക, എന്തു ജോലിയും ചെയ്യാം.“
പിന്നെ മൌനം .
സ്വയം തീര്‍തത ലക്ഷ്മണ രേഖക്കുള്ളില്‍ കറങ്ങുകയാണ് സിങ് സാബ് എന്നു തോന്നി , സേതു തിരിച്ചു പോന്നു.
********
വീണ്ടും ഒരു സായാഹ്നം.
സംഭാഷണത്തിനു ഇടയില്‍ ജെ ജെയുടെ മകന്‍ കടന്നു വന്നു,അച്നേക്കാള്‍ ഉയരമുണ്ടു പതിനേഴു വയസ്സോളം പ്രായം കാണും,
“ ഇവനെ ഞാന്‍ ആര്‍മിയില്‍ ഓഫീസര്‍ ആക്കണമെന്നു കരുതിയതാണു “.
മകന്‍ അച്ഛനെ ഒന്നു നോക്കി അകത്തേക്കു തന്നെ പോയി.
“അവനു പക്ഷെ മര്‍ചന്റ് നേവിയില്‍ ചേരണമെന്ന്.നാലു വര്‍ഷത്തെ കോഴ്സ്.“
അവനും എന്നെ വിട്ടു പോകും ദൂരെ ദൂരേക്ക്,
“പിശുക്കന്‍ ധനത്തെ സ്നേഹിക്കുന്നതു പോലെയാണു ഞാന്‍ , ബന്ധങ്ങളെ മാനിക്കുന്നത് എന്നു തോന്നുന്നു , സേതു,“
ഒരു മന്ത്രം പോലെ അയാള്‍ ഉരുവിട്ടു .
* * * * *
എല്ലാവരും നിരനിരയായി നിന്നു ,ഇരുണ്ട നീല നിറത്തിലുള്ള യൂനിഫോം ,ആകെ മൂടികെട്ടിയ ആകാശവും.
ഏകമാനമായ ഒരു ചിത്രം കാണുന്നതു പോലെ തോന്നി സേതുവിന്.
ജെ ജെ യെ അറിയാവുന്നവരാണു എല്ലാവരും, ഔദ്യോദികമായ കൂടിച്ചേരലുകളില്‍ മനസ്സിലുള്ളത് മുഖത്ത് പ്രതിഫലിക്കാന്‍ പാടില്ല എന്ന എഴുപ്പെടാത്ത തത്വം എല്ലാവരും മറന്നതു പോലെ .ആകാശം പോലെ ഇരുണ്ട മുഖങ്ങളും.
ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടി വണ്ടിയില്‍ നിന്നെടുത്ത് അന്ത്യോപചാര ചടങ്ങുകള്‍ക്കായി നിരനിരയായി നില്‍ക്കുന്ന സൈനികരുടെ മുന്നില്‍ വെച്ചു.
തോക്കുകള്‍ തോളില്‍ വച്ചു മുകളിലീലേക്ക് ആചാര വെടി.
പിന്നെ താഴ്തതി സ്വന്തം ദേഹത്തോടു ചേര്‍ത്തു.
“ ജനറല്‍ സലുട്ട്,“
ബാന്‍ഡിന്റെ സൌമ്യമായ താളത്തൊടെ എല്ല്വരുടെ കൈകളും റൈഫിളിന്റെ തിര നിറക്കുന്ന മഗസീനില്‍ ഒരുമിച്ച് പതിഞ്ഞു.
പിന്നെ സാവധാനം തിരിച്ചു ബാരല്‍ താഴെക്കു പിടിച്ച്,കൈകള്‍ കമഴ്ത്തി തോക്കിന്റെ പത്തിയില്‍ വെച്ച് , തല കുമ്പിട്ട് , ഏതാനും നിമിഷ നേരത്തേക്ക് മൌനം.
പതുക്കെ തുടങ്ങി പിന്നെ ഉച്ച സ്ഥായിയിലേക്കു കയറുന്ന, ഹൃദയ ഭേദകമായ ബ്യുഗിള്‍ വിളി.ദി ലാസ്റ്റ് പോസ്റ്റ്.
കാട്ടില്‍ നിന്നും ഇടക്കു കേള്‍ക്കുന്ന മയിലിന്റെ രോദനം പൊലെ അയാള്‍ക്കു തോന്നി.
*******
ബ്യുഗിള്‍ നിന്നു.
സേതുവിന്റെ ശ്രദ്ധ വീന്ടും ശ്മ്ശാനത്തിലേക്കു തിരിഞ്ഞു.
ആരോ ശവപ്പെട്ടിയെ പുതപ്പിച്ച ദേശീയ പതാക മടക്കിയെടുത്തു.
വെള്ള സാരിയുടുത്ത ജെ ജെ യുടെ ഭാര്യയും,ഒരു നിഴലായി വിളറി വെളുത്ത മകനും.
ശവം പെട്ടിയില്‍ നിന്നും പുറത്തെടുത്തു.
നാലു പേര്‍ ജെ ജെയുടെ അതേ റാങ്കില്‍ ഉള്ളവര്‍ . ഈരണ്ടു പേര്‍ കാല്‍ക്കലും തലക്കലും.
പൊക്കിയപ്പോള്‍ ശവത്തിന്റെ നടു ഭാഗം വളഞ്ഞു.
ഇതു വരെ മരവിച്ചിട്ടില്ല എന്നു തോന്നുന്നു.
വെള്ള തുണിയുടെ അടിയിലൂടെ ചുവന്ന ഉറുമ്പുകളെ പോലെ വരി വരിയായി ഇറ്റു വീഴുന്ന രക്ത തുള്ളികള്‍.
സേതുവിന്റെ പ്രജ്ഞയിലെവിടെയോ ഗുരു ഗ്രന്ത് സാഹിബിലെ വരികള്‍ മുഴങ്ങി.
“അന്ത് കാല്‍ കാല്‍ ജോ ലച്മീ സിമ്രായ് , ഐസാ ചിന്താ മെം ജയ് മരായ്.
സര്‍പ്പ് ജൊന്‍ വല്‍ വല്‍ ആ ഉത്ത്രായ്.”
“പ്രാണന്റെ അവസാന വായു ദേഹിയില്‍ നിന്നു വേര്‍പെടുമ്പോള്‍
മക്കളെക്കുറിച്ചും,സ്ത്രീകളെക്കുറിച്കും,ധനത്തെക്കുറിച്ചും ആലോചിക്കുന്നവര്‍
വീണ്ടും പന്നിയായും,അഭിസാരികയായും,സര്‍പ്പമായും ജന്മമെടുക്കും “
“മരിക്കുമ്പോള്‍ വാഹ് ഗുരുവിനെ മനസ്സില്‍ വിചാരിക്കുന്നവന്‍ മാത്രം.
പുനര്‍ജനിയുടെ ചങ്ങല കണ്ണികളില്‍ നിന്നു മുക്തി നേടും.“
ജെ ജെ എന്താണ് ഓര്‍ത്തിട്ടുണ്ടാവുക ?
സേതുവിന്റെ ചിന്തകള്‍ , അവിടവിടെ പാതി കരിഞ്ഞ മാംസ കഷണങ്ങള്‍ ഒഴുകി നടക്കുന്ന ഗംഗാനദി പോലെ , കലങ്ങി.
ഓര്‍മയില്‍ വന്യമായ ശൌര്യത്തോടെ മുരളുന്ന ,കെട്ടിയിട്ട കാട്ടു മൃഗത്തെപ്പോലെ , ജഗ്വാര്‍ പോര്‍ വിമാനം.
എതു നിമിഷവും പൊട്ടാന്‍ തയാറായി നില്‍ക്കുന്ന ,പുറകിലെ ഇരുമ്പു കയര്‍.
മുകളില്‍ ഇരുന്നു ചെറിയ കണ്ണുകള്‍ പാതി അടച്ച് ചിരിക്കുന്ന ജെ ജെ .
പിന്നെ ഓര്‍മ ഒരു മേഘ ശകലം കണക്കെ പൊന്തി പോകുന്നതും , വീഴുമ്പോള്‍ റൈഫിള്‍ കയ്യില്‍ നിന്നും തെറിച്ചു പോകുന്നതും സേതു അറിഞു.
അടുത്ത് വരുന്ന ബൂട്ടുകളുടെ ശബ്ദങ്ങളും.