കരുവാപ്പടി - രണ്ടാം ഭാഗം
ആദ്യഭാഗം വായിക്കാത്തവര്‍ക്ക് അത്
ഇവിടെ കാണാം.
പെട്രോമാക്സില്‍ മണ്ണെണ്ണയൊഴിച്ച് മാന്റിലൊക്കെ ഇട്ടതിനു ശേഷം വേലായുധന്‍ വട്ടത്തില്‍ കീറിയിട്ടിരുന്ന ചാലില്‍ പകുതി വിറക് നിറച്ചു.കരുവാന്‍ പിന്നെ വണ്ടി ചക്രത്തിന്റെ വലിപ്പമുള്ള,ഇരുമ്പ് പട്ട കൊണ്ടുണ്ടാക്കിയ ഒരു വട്ട് ഉരുട്ടികൊണ്ട് വന്നു അതില്‍ വച്ചു.ഞങ്ങള്‍ക്ക് അതൊന്നു തൊട്ടു നോക്കണമെന്നുണ്ടായിരുന്നെങ്കിലും വല്യച്ഛനെ കണ്ടപ്പോള്‍ അത് അടക്കി.
ഇരുമ്പു വളയത്തിനു മുകളില്‍ വീണ്ടും വിറക് വച്ച് മൂടി. വിറകെല്ലാം കത്തിത്തുടങ്ങിയപ്പോള്‍ അതിനു ചുറ്റും കരുവാന്‍ കത്തുന്ന കമ്പുകള്‍ ഇളക്കാന്‍ അറ്റം വളഞ്ഞ ഒരു കമ്പിയും പിടിച്ച് നടന്നു.
നടുക്ക് ഞാന്‍.
“ കരുവാനെ കണ്ടാല്‍ വെളിച്ചപ്പാടിന്റെ പോലെയുണ്ട് അല്ലെ ?” ഞാന്‍
“ ഒരാഴ്ചയായിട്ടു നൊയമ്പായിരുന്നൂത്രേ ! ഇന്ന് കള്ളൊന്നും കുടിച്ചിട്ടില്യാ.
ചേട്ടന്‍ എല്ലാം അറിയുന്ന ആളെപ്പോലെ പറഞ്ഞു.
അയാള്‍ പതിവായി ഉടുക്കാറുള്ള കരി പുരണ്ട തോര്‍ത്ത് മുണ്ടിനു പകരം അലക്കി വെളുപ്പിച്ച ഒറ്റമുണ്ടാണ് ഉടുത്തിരിക്കുന്നത്.
നെറ്റിയില്‍ പതിവില്ലാതെ ഒരു ചന്ദനക്കുറിയും.
“എന്തിനാ നൊയമ്പ് ?“
“അല്ലെങ്കില്‍ പട്ട ചക്രത്തില്‍ ശരിക്ക് കൂടില്യാത്രേ,
ഇതു കഴിഞ്ഞാല്‍ വെല്ലിച്ഛന്‍ ഒരു കുപ്പി ചാരായം അയാള്‍ക്കു കൊടുക്കും “
ചന്തയില്‍ നിന്നും നിറയെ ചാക്കും കായക്കുലയും ഒക്കെ കയറ്റി വരുമ്പോള്‍ പട്ട ഇളകി വീണാല്‍ കാണാന്‍ നല്ല രസമായിരിക്കും.
തീയുടെ ചുവന്ന വെളിച്ചത്തില്‍ കരുവാന്റെ ശരീരവും ഉലയില്‍ നിന്നെടുത്ത ഇരുമ്പ് പോലെ തിളങ്ങി.അതില്‍ നിന്നും വെള്ളത്തുള്ളികള്‍ ഉരുണ്ട് വീഴുന്നത് ഞങ്ങള്‍ നോക്കി നിന്നു.കരുവാത്തി ഇടയ്ക്കിടക്ക് മണ്‍കലത്തില്‍ നിന്നും വെള്ളം പകര്‍ന്ന് അയാള്‍ക്ക് കൊടുത്ത് കൊണ്ടിരുന്നു.കുറച്ച് കഴിഞ്ഞപ്പോള്‍ അപ്പ്വേട്ടനും കരുവാനും കൂടി സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള വട്ട് തീയില്‍ നിന്നും പൊക്കിയെടുത്തു.പിന്നെ അത് വണ്ടിയുടെ മരം കൊണ്ടുള്ള ചക്രത്തില്‍ പതുക്കെ ചുറ്റിക കൊണ്ട് അടിച്ചു കൊള്ളിച്ചു. അതിനു പുറത്ത് വെള്ളവും ഒഴിച്ചപ്പോള്‍ ഭയങ്കര ശബ്ദത്തോടെ കറുത്ത പുക പൊന്തി വന്നു.
അപ്പോഴേക്കും അടുത്തതും തീയില്‍ വച്ച് കഴിഞ്ഞു. കുട്ടികള്‍ക്ക് ഉണ്ണേണ്ട നേരമായി. ചാച്ചിറക്കിന് അപ്പുറത്തുള്ള ഇടനാഴിയില്‍ വച്ച് അച്ഛനും പാപ്പന്മാരും കൂടി കാശ് എണ്ണിക്കൊടുക്കുന്നു വേലായുധന്.ഒരു പാട് കാശ്.പക്ഷെ അയാളുടെ മുഖത്ത് വലിയ സന്തോഷമൊന്നും കണ്ടില്ല.
........
“ദേവകി തണ്ടാത്തീ, അയ്യോ ,കൊച്ചമ്മു ഇങ്ങട്ട് വന്നോ ? “
പിറ്റെ ദിവസം ഉണര്‍ന്നത് കരുവാത്തിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ്.
പക്ഷെ അമ്മാമ പുറത്തേക്കു വന്നില്ല.
“ആണുങ്ങളായാല്‍ ചെളികണ്ടാല്‍ ചവിട്ടും വെള്ളം കണ്ടാല്‍ കെഴ്വേം ചെയ്യും.
ഇന്റെ ആണ്മക്കള്‍ക്ക് പേരുദോഷം കേള്‍പ്പിക്കാതെ മുത്തി കാത്തു “.
പിന്നെയും എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് അമ്മാമ്മ അകത്ത് തന്നെയിരുന്നു.
പകരം അമ്മയാണ് വന്നത്.
‘സരു തണ്ടാത്തീ, ഞങ്ങടെ കൊച്ചമ്മൂനെ കണ്ടോ’ ?
“ഇല്ലല്ലോ കരുവാത്തി “.അമ്മ പതിവില്ലാതെ വളരെ ശാന്ത സ്വരത്തില്‍ ആണ് പറഞ്ഞത്.
“ഉം അലക്കാനെങ്ങാനും പോയോ കാലത്തെ ?“ എന്നു പറഞ്ഞു തെക്കോട്ടോടി . അടുത്തുള്ള പറമ്പു കഴിഞ്ഞാല്‍ കുളമാണ്.
പിന്നെ കരഞ്ഞ് കൊണ്ടാണ് തിരിച്ചു വന്നത് ,
“അയ്യോ അവളെ അവിടെയെങ്ങാനും കാണാനില്ല.എവിടെ പോയിക്കെടക്കണാവോ ഇത്ര നേരത്തേ ”
മൂക്ക് പിഴിഞ്ഞ് ഓടുമ്പോള്‍ ആടുന്ന ചുവന്ന മൂക്കുത്തിയും സ്പ്രിങ്ങ് പോലെയുള്ള മുടിയും വെറുതെ നോക്കി ഞാന്‍ നിന്നു.
....
ഉപ്പിട്ട ഉമിക്കരികൊണ്ട് പല്ലു തേച്ച് മുഖം കഴുകി ചാച്ചട്ടിയില്‍ ചെന്നപ്പോള്‍ അമ്മ വര്‍ത്തമാനം നിര്‍ത്തി ആവിപറക്കുന്ന കഞ്ഞിയും എരുവില്ലാതെ മാറ്റി വച്ച ചക്ക കൂട്ടാനും തന്നു.നല്ല നേരമാണെങ്കില്‍ ചിരകുന്ന തേങ്ങയില്‍ നിന്നും ഒരു പിടിയും കഞ്ഞിയിലിടും.പക്ഷെ ഇന്നില്ല.
പിന്നെ അമ്മായിയുള്ള സംഭാഷണം തുടര്‍ന്നു.
“എന്നാലും എന്റെ നാത്തൂനെ അവള്‍ എങ്ങിനെ ഈ നാലുമാസം വരെ മൂടികൊണ്ട് നടന്നു“.
“എന്താ അമ്മെ നാലുമാസം മൂടിയേ “.ഞാന്‍
“നീ പോയി കഞ്ഞി കുടുക്കണുണ്ടൊ“ അമ്മ കടുപ്പിച്ചിരു നോട്ടം നോക്കി.
“ക്ടാങ്ങള്‍ക്ക് അറിയണ്ട കാര്യമാണെങ്കില്‍ അവരോട് പറയും “.ഇനി അവിടെ നിന്നാല്‍ ശരിയാവില്ല.അമ്മ കയ്യില്‍ കിട്ടിയത് എടുത്താണ് അടിക്കുക.ചിലപ്പോള്‍ അടുപ്പിന്റെ അടുത്ത് കിടക്കുന്ന വിറക് കൊള്ളിയാവും.
അടുത്ത വീട്ടില്‍ കാലത്ത് പാല് വാങ്ങിയ്കാന്‍ പോയപ്പോള്‍ അവിടത്തെ ചേച്ചി ചോദിച്ചു.
“ എന്താ അവിടെ ബഹളം രാത്രിയും ഇന്നു കാലത്തും ?”
അറിയില്ല എന്നു പറഞ്ഞു.അറിയാതെ വല്ലതും പറഞ്ഞാല്‍ അമ്മ ചിലപ്പോള്‍ അതിനും ദേഷ്യപ്പെടും.
തിരിച്ചു വന്ന് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു
“നിനക്ക് പറയായിരുന്നില്ലേ രാത്രി ഇവിടെ വണ്ടിക്ക് പട്ട ഇടുകയായിരുന്നൂന്ന് ? .“
- വല്യമ്മയും അമ്മയും -
രാത്രി എന്നും താനുമ്മു ചേച്ചിയുടെ കൂടെയാണ് കിടപ്പു.അച്ഛന്റെ കല്യാണം കഴിയാത്ത ഒരു അനിയത്തിയാണ് അവര്‍.കാലിനു ഒരു മുടന്തുള്ളതു കൊണ്ടാണ് കല്യാണം കഴിയാത്തത്.ആ കാരണം പറഞ്ഞ് വീട്ടുകാരും കാര്യമായി താല്പര്യം എടുത്തില്ല.
അമ്മയുടെ പോലെ തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടില്ല.വൈകുന്നേരം കിടക്കുമ്പോള്‍ കഥകള്‍ പറഞ്ഞു തരും.കരിമോന്തി പോലെയുള്ള പെണ്‍കുട്ടി ഒരു ദിവസം രാജകുമാരന്‍ തൊട്ടപ്പോള്‍ സുന്ദരിയായ കഥ .അല്ലെങ്കില്‍ ഉമ്മറത്ത് നട്ട അമരപ്പയറിന്റെ വള്ളികളില്‍ ചവുട്ടി ആകാശത്ത് പോയി മുത്തും രത്നങ്ങളും കൊണ്ടു വന്ന കുട്ടിയുടെ. എല്ലാ കഥകളും അവസാനിക്കുന്നത്
“പിന്നെ അവര്‍ ഒരു പാട് കാലം സുഖമായി ജീവിച്ചു” എന്നു പറഞ്ഞു കൊണ്ടാണ്.
“കരുവാത്തി എന്താ ഇങ്ങനെ കരയണത് ?“ കഥ കഴിഞ്ഞപ്പോള്‍ ഞാന്‍ പതുക്കെ ചോദിച്ചു.
“അതിനു പ്രാന്ത് ആയീന്നാ തോന്നണത് , പാവം . കൊച്ചമ്മു പോയിട്ടേ “
“കൊച്ചമ്മു എവിട്യാ പോയേ ? “
“മോന്‍ ആരോടും പറയരുത് ട്ടോ . കൊച്ചമ്മുവും വേലായുധനും കൂടി ഒളിച്ചോടിപ്പോയി “.
“ന്നട്ട് എവിടേക്കാ പോയത് ?“
“വേലായുധന്റെ വീട്ടില്‍.രണ്ടു പേരും കൂടി കല്യാണം കഴിച്ചു.“
പിന്നെ ഉറക്കത്തിന്റെ വള്ളികളില്‍ ചവിട്ടി സ്വപ്നങ്ങളുടെ ആകാശത്തേക്കു കയറി പോകുമ്പോള്‍,
മെഴുക്ക് മയമുള്ള അവരുടെ മുഖത്ത് വച്ചിരിക്കുന്ന കൈവെള്ളയില്‍ നനവ്,
ചൂടുള്ള നിശ്വാസം മുഖത്ത്.
“അവള്‍ക്ക് അതിനുള്ള ധൈര്യം ഉണ്ടായീലോ,ചാത്തന്നൂര് ഭഗോതീ“
.......
ശേഷം.
>
- സ്മാരക ശില -
പിന്നെയും ആറുമാസം കഴിഞ്ഞപ്പോള്‍ കൊച്ചമ്മു വന്നു. അച്ഛന്‍ കൊടുത്ത പട്ടാളക്കാരുടെ പച്ച ഷര്‍ട്ടും ഇട്ട് വേലായുധനും കൂടെയുണ്ടായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നെങ്കിലും ഒരെണ്ണം പ്രസവത്തില്‍ തന്നെ മരിച്ചുവെന്നു അറിഞ്ഞു.അവള്‍ മുണ്ട് മുറുക്കിയുടുത്ത് അതിനെ കൊന്നതാണെന്ന് ഇളയമ്മമാര്‍ അടക്കം പറഞ്ഞു.കരുവാന്മാരെ അവിടെ നിന്നും ഒഴിവാക്കി കുറെ അകലെ കാട്ടുമുക്കില്‍ പത്ത് സെന്റ് സ്ഥലം കൊടുത്തു .ജാതിയില്‍ താണ കാരണം വേലായുധനേയും കൊച്ചമ്മുവിനേയും വീട്ടുകാര്‍ ഒരിക്കലും സ്വീകരിച്ചില്ല.
എനിക്കു ഭാഗത്തില്‍ കിട്ടിയ പതിനാറു സെന്റു പഴയ കരുവാന്റെ വീടിരുന്ന സ്ഥലം തന്നെയായിരുന്നു.വീട് പണിത ശേഷം ശബരിമലയ്ക്ക് പോകുമ്പോള്‍ തേങ്ങ എറിഞ്ഞുടക്കാന്‍ കരുവാന്റെ കൂടം പതിയാറുള്ള കല്ല് നടു മുറ്റത്തേയ്ക്ക് മാറ്റി ഇടാന്‍ നോക്കിയിട്ട് അത് അനങ്ങിയില്ല.ഇപ്പോഴും വീടിന്റെ ഒരു അരികില്‍ ചെടികള്‍ക്കുള്ളില്‍ അത് മറഞ്ഞ് കിടക്കുന്നു.കഥാവശേഷരായ എല്ലാവരുടേയും ഓര്‍മ്മകള്‍ക്ക് (കരുവാന്‍,കരുവാത്തി,അമ്മാമ) ഒരു സ്മാരകശിലയായി.
....................................................
കരുവാന്‍ : കൊല്ലന് പറയുന്ന പേര്.
ആല : പണിപ്പുര
അമ്മാമ : അച്ഛമ്മ,അമ്മൂമ.
ചെമ്പോത്ത് : ഉപ്പന്‍ എന്നും പറയുന്ന ചുവന്ന നിറത്തിലുള്ള പക്ഷി.നോക്കി നിന്നാല്‍ ചോര കുടിക്കുമെന്നായിരുന്നു കുട്ടിക്കാലത്തെ വിശ്വാസം.
കരിമോന്തി:വൃത്തിയില്ലാത്ത ഒരു ദുഷ്ടകഥാപാത്രം.
സദയം പടം വരച്ച് തന്നത് :സാക്ഷി
അടിക്കുറിപ്പ്.
അമ്മയും പാപ്പന്മാരും ഓര്‍മ്മകള്‍ മിനുക്കിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്.
Labels: കരുവാപ്പടി.സ്മരണകള്‍, കൊറ്റനെല്ലൂര്‍, ജീവിത കഥ